കോടയിൽ മുങ്ങി നിൽക്കുന്ന ഗവി കാണാൻ പോയാലോ? മൂന്നാറും രാമൽക്കേടും കാണാം..പാക്കേജ്
നവംബറിലെ തണുപ്പിൽ കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലേക്ക് പുതിയ പാക്കേജുമായി കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ കോഴിക്കോട് ബജറ്റ് സെൽ ആണ് പാക്കേജ് ഒരുക്കുന്നത്. ഗവി, മൂന്നാർ, രാമക്കൽമേട് എന്നിവിടങ്ങളിലേക്കുള്ളതാണ് പാക്കേജ്. വിശദമായി അറിയാം
ഗവി യാത്ര 18 ന്
പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിൻ്റെ ഹൃദയഭാഗത്ത്, റാന്നി റിസർവ്വ് വനത്തിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഇക്കോ-ടൂറിസം കേന്ദ്രമാണ് ഗവി. പെരിയാർ കടുവാ സങ്കേതത്തിൻ്റെ ഭാഗമായി കേരള ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ആണ് ഇവിടുത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ട ഗവിയിൽ 260-ലധികം പക്ഷിയിനങ്ങളുണ്ട്. മലമുഴക്കി വേഴാമ്പൽ, പൊൻമാൻ എന്നിവ ഇതിൽപ്പെടും.

ആനകൾ, കടുവകൾ, കാട്ടുപോത്തുകൾ, സിംഹവാലൻ കുരങ്ങുകൾ നീലഗിരി താറുകൾ തുടങ്ങിയ വന്യജീവികളെയും ഇവിടെ കാണാൻ സാധിക്കും. പ്രകൃതി സ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ് ഗവി. നിബിഡവനങ്ങളിലൂടെയുള്ള ജീപ്പ് സഫാരി, ശബരിമല പോലുള്ള വ്യൂ പോയിൻ്റുകളിലേക്കുള്ള ട്രെക്കിംഗ്, കക്കി ഡാമിനാൽ രൂപപ്പെട്ട ഗവി തടാകത്തിലെ ബോട്ടിംഗ് എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
18 നാണ് ഇവിടേക്ക് പാക്കേജ്. ഗവി കൂടാതെ അടവിയും പരുന്തുംപാറയും പാക്കേജിൽ ആസ്വദിക്കാം.
അതിരപ്പിള്ളിയും മൂന്നാറും 22 ന്
പശ്ചിമഘട്ടത്തിലെ നിബിഡമായ നിത്യഹരിത മഴക്കാടുകളിലൂടെ 80 അടി താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാഴ്ചയിൽ അതിമനോഹരമാണ്. "ഇന്ത്യയുടെ നയാഗ്ര" എന്നാണ് അതിരപ്പിള്ളിയുടെ വിളിപ്പേര്. മഴക്കാലത്ത് ഇവിടെയെത്തിയാൽ കാണുന്ന കാഴ്ച അതിമനോഹരമായിരിക്കും. നവംബർ മാസത്തിൽ ഒഴുക്കിന് തീവ്രത കുറയുമെങ്കിലും അതിരപ്പിള്ളി സഞ്ചാരികളെ നിരാശപ്പെടുത്തില്ല. അതിരപ്പള്ളിയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ വാഴച്ചാൽ വെള്ളച്ചാട്ടവും കാണാം.. ഇത് കൂടുതൽ ശാന്തവും തട്ടുകളായുള്ള ഒഴുക്കുള്ളതുമാണ്, വനം വകുപ്പിൻ്റെ ചെക്ക് പോസ്റ്റ് വഴിയാണ് പ്രവേശനം നിയന്ത്രിക്കുന്നത്. വാഹനങ്ങൾ പ്രവേശന കവാടത്തിൽ പാർക്ക് ചെയ്യണം, അവിടെ നിന്ന് മുളങ്കാടുകളിലൂടെ 1 കിലോമീറ്റർ നടന്നാൽ സന്ദർശകർക്ക് വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താം.
മൂന്നാർ
നവംബർ മൂന്നാൽ മൂന്നാറിലേക്ക് സഞ്ചാരികൾ എത്തിതുടങ്ങും. പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളും, ഷോല വനങ്ങളും, കോടമഞ്ഞ് നിറഞ്ഞ താഴ്‌വരകളും കൊണ്ട് സമ്പന്നമായ മൂന്നാർ തീർച്ചയായും സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയൊരുക്കും. തേയിലത്തോട്ടങ്ങൾക്കിടയിലെ ഹോംസ്റ്റേകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങളിലൂടെയുള്ള യാത്രകൾ, ചെറിയ വെള്ളച്ചാട്ടങ്ങൾ, വ്യൂപോയിന്റുകൾ, ഗ്യാപ് റോഡ് എന്നിവ സഞ്ചാരികൾക്ക് തീർച്ചയായും അത്ഭുത കാഴ്ചയൊരുക്കും.
അഞ്ചുരുളിയും രാമക്കൽമേടും പോകാം 22 ന് തന്നെ
മൂന്നാറിൽ നിന്ന് 45 കിലോമീറ്ററും കട്ടപ്പനയിൽ നിന്ന് 20 കിലോമീറ്ററും അകലെയായി എറണാകുളം-കോട്ടയം റോഡിൽ സ്ഥിതി ചെയ്യുന്ന അഞ്ചുരുളി, ഇടുക്കി ആർച്ച് ഡാമിന്റെ സംഭരണിയുടെ ഭാഗമായ ഒരു തുരങ്കരൂപത്തിലുള്ള ജലാശയമാണ്. "അഞ്ച്" എന്നും "ഉരുളി" എന്നും അർത്ഥം വരുന്ന മലയാളം വാക്കുകളിൽ നിന്നാണ് അഞ്ചുരുളിക്ക് ഈ പേര് ലഭിച്ചത്. ജലനിരപ്പ് താഴുന്ന സമയത്ത് പച്ചനിറമുള്ള വെള്ളത്തിൽ കാണുന്ന അഞ്ച് ഏകാഗ്ര വലയങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇടതൂർന്ന ഷോല വനങ്ങളും കോടമഞ്ഞുമൂടിയ പശ്ചിമഘട്ടവും ചേർന്ന് അതിമനോഹരമായ ഒരു പ്രകൃതിദൃശ്യം ഇവിടെ ഒരുക്കുന്നു.
ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഈ പ്രദേശം, ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഒരു പ്രധാന ജലപാതയായി വർത്തിക്കുന്നു. മല തുരന്നുണ്ടാക്കിയ 400 മീറ്റർ നീളമുള്ള മനുഷ്യനിർമ്മിത തുരങ്കമാണ് ഇവിടുത്തെ പ്രധാന ആകർഷണം. അനുവാദത്തോടെ ഈ തുരങ്കത്തിലൂടെ നടക്കാനും അതിലെ പ്രതിധ്വനികൾ ആസ്വദിക്കാനും സാധിക്കും
രാമക്കൽമേട്
ഇടുക്കി ജില്ലയിലെ കാറ്റുവീശുന്ന മലയോര പ്രദേശമായ രാമക്കൽമേട് സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിന്റെ സമതലങ്ങളുടെയും മൂടൽമഞ്ഞ് നിറഞ്ഞ പശ്ചിമഘട്ടത്തിന്റെയും മനോഹരമായ കാഴ്ചകൾ ഇവിടുത്തെ പാറക്കെട്ടുകൾ നിറഞ്ഞ കൊടുമുടിയിൽ നിന്ന് ആസ്വദിക്കാം. നെടുങ്കണ്ടത്തുനിന്ന് ഏകദേശം 15 കിലോമീറ്ററും തേക്കടിയിൽ നിന്ന് 40 കിലോമീറ്ററും അകലെയാണിത്.
സീതയെ തേടിയുള്ള യാത്രയിൽ ശ്രീരാമൻ ഇവിടെ നിന്നുവെന്നും, ഒരു പരന്ന പാറയിൽ അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പതിഞ്ഞുവെന്നും ഐതിഹ്യം പറയുന്നു. അങ്ങനെയാണ് രാമക്കൽമേടിന് ഈ പേര് ലഭിച്ചതത്രേ. വിശാലമായ പുൽമേടുകളും കൂറ്റൻ പാറക്കെട്ടുകളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. കേരളത്തിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം ഇവിടെയാണ്.
പാക്കേജുകൾ ബുക്ക് ചെയ്യുന്നതിന് 9946068832, 9188938532 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം












Click it and Unblock the Notifications