കോട പുതഞ്ഞ് മൂന്നാർ റെഡി; ഓണത്തിന്റെ ക്ഷീണം മാറ്റാൻ നേരെ പോകാം; ഇതാ പാക്കേജ്
അങ്ങനെ ഓണം ഇങ്ങെത്തി. ആഘോഷങ്ങളും ആർപ്പുവിളികളുമൊക്കെയായി തകർപ്പനൊരു ഓണം തന്നെയായിരിക്കും എല്ലാവരും പ്ലാൻ ചെയ്തിരിക്കുന്നത്. വലിയ പൂക്കളമൊരുക്കി സദ്യയൊക്കെ ഉണ്ട് ഓണം കളറാക്കിയാൽ മാത്രം മതിയോ? അവധി പൂർണമാകണമെങ്കിൽ ഒപ്പം ഒരു യാത്രയും കൂടി നടത്തേണ്ടേ? തീർച്ചയായും വേണം. ഓണത്തിന്റെ ക്ഷീണം മാറ്റാൻ കൂടി ലക്ഷ്യം വെച്ചുള്ള ഒരു മനോഹര യാത്ര തന്നെ പോയിക്കളയാം. എവിടേക്കെന്നല്ലേ? മൂന്നാറിലേക്ക്.
കുടുംബവുമായി മൂന്നാർ കറങ്ങാനൊക്കെ ഒരുപാട് പൈസ വേണ്ടി വരുമല്ലോയെന്നാണ് ചിന്തയെങ്കിൽ ആശങ്ക വേണ്ട, കോഴിക്കോട് ബജറ്റ് ടൂറിസം സെൽ ചെലവ് കുറഞ്ഞൊരു മൂന്നാർ യാത്ര ഒരുക്കുന്നുണ്ട്. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ മാത്രമല്ല പാക്കേജിൽ ഉള്ളത്. അതിരപ്പള്ളിയും വാഴച്ചാലും തുമ്പൂർമുഴി ഡാമുമെല്ലാം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രയെ കുറിച്ച് അറിയാം

ഓണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം (16) നാണ് യാത്ര പുറപ്പെടുന്നത്. രാവിലെ ഏഴു മണിയോടെ കോഴിക്കോട് ഡിപ്പോയിൽ നിന്നും യാത്ര തിരിക്കും. ആദ്യം പോകുന്നത് തുമ്പൂർമുഴി ഡാമിലേക്കാണ്. തൃശൂരിൽ ചാലക്കുടി വാഴച്ചാൽ റൂട്ടിൽ അതിരപ്പിള്ളിക്ക് സമീപമാണ് ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ തൂക്കുപാലവും കുട്ടികളുടെ പാർക്കും പൂന്തോട്ടവുമെല്ലാം കണ്ട് യാത്ര നേരെ അതിരപ്പിള്ളിയിലേക്കാണ്.പശ്ചിമഘട്ട മലനിരയിൽ ഷോളാർ റേഞ്ചിലുള്ള ഏറ്റവും മനോഹരമായ പ്രദേശമാണ് അതിരപ്പള്ളി. കാടുകൾക്ക് നടുവിലൂടെ കാട്ടാറും ആസ്വദിച്ച് അതിരപ്പിള്ളി കാണാം. ഇവിടെ നിന്ന് അഞ്ച് കിമി ദൂരത്താണ് വാഴച്ചാൽ സ്ഥിതി ചെയ്യുന്നത്. വാഴച്ചാലും കണ്ടാൽ യാത്ര നേരെ മൂന്നാറിലേക്ക്.
രാത്രിയോടെയാണ് അവിടെയെത്തുക. രാത്രി താമസം ഒരുക്കിയിട്ടുണ്ടാകും. സുഖമായ ഒരു നിദ്ര കഴിഞ്ഞ് എഴുന്നേൽക്കുമ്പോഴേക്കും അടുത്ത യാത്രയ്ക്കായി ബസ് തയ്യാറായി നിൽക്കുന്നുണ്ടാകും. രണ്ടാം ദിവസം ആദ്യം പോകുന്നത് ഇരവികുളം നാഷണൽ പാർക്കിലേക്കാണ്. അതുകഴിഞ്ഞാൽ കുണ്ടള ഡാം, മാട്ടുപെട്ടി ഡാം, എക്കോ പോയിന്റ് എന്നീ സ്ഥലങ്ങൾ കൂടി കാണും. രാത്രിയോടെ തന്നെ കോഴിക്കോടേക്ക് മടങ്ങുകയും ചെയ്യും. യാത്രയുടെ ടിക്കറ്റ് നിരക്കും താമസത്തിനുമുള്ള പണമാണ് പാക്കേജിന് നൽകേണ്ടത്. അതല്ലാതെയുള്ള പ്രവേശന നിരക്കുകൾ , ഭക്ഷണം എന്നിവയെല്ലാം യാത്രക്കാർ തന്നെ വഹിക്കണം. കൂടുതൽ വിവരങ്ങൾക്ക് -ഫോൺ: 9544477954, 04952723796.












Click it and Unblock the Notifications