ബുള്ളറ്റ് ട്രെയിന്‍ മാത്രം വരികയല്ല; 4 സ്റ്റേഷനുകള്‍ കളറാകും... നാടും നഗരവും മാറും, സ്മാര്‍ട്ട് പദ്ധതി ഇങ്ങനെ
മുംബൈ: ഇന്ത്യയുടെ ഗതാഗത രംഗത്ത് വന്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മഹാരാഷ്ട്രയിലെ മുംബൈ മുതല്‍ ഗുജറാത്തിലെ അഹമ്മദാബാദ് വരെയുള്ള റൂട്ടിലാണ് രാജ്യത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ റൂട്ടില്‍ ഇതോടൊപ്പം വലിയ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.
മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലുള്ള 12 സ്‌റ്റേഷനുകളിലൂടെയാണ് ബുള്ളറ്റ് ട്രെയിന്‍ കടന്നുപോകുക. ഇതില്‍ നാല് സ്‌റ്റേഷനുകളുടെ വികസനത്തിന് സ്മാര്‍ട്ട് പദ്ധതി നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌റ്റേഷനുകളും സമീപ പ്രദേശങ്ങളും ഈ വികസനത്തിന്റെ ഭാഗമാകുമെന്നതാണ് എടുത്തു പറയേണ്ടത്.

മഹാരാഷ്ട്രയിലെ താനെ, വിരാര്‍, ഗുജറാത്തിലെ സബര്‍മതി, സൂറത്ത് എന്നീ സ്റ്റേഷനുകളിലാണ് സ്മാര്‍ട്ട് പദ്ധതി നടപ്പാക്കുക. ഏറ്റവും ആധുനിക രീതിയിലുള്ള പരിസരം ഈ സ്റ്റേഷനുകളില്‍ ഒരുക്കും. ഇവിടേക്കുള്ള മറ്റു യാത്രാ സൗകര്യം വര്‍ധിപ്പിക്കും. പാര്‍ക്കിങ് സൗകര്യം കൂട്ടും. റോഡ് നവീകരിക്കും. ആശുപത്രികളും വിദ്യാലയങ്ങളും പരിഷ്‌കരിക്കും തുടങ്ങി ഒട്ടേറെ മാറ്റങ്ങളാണ് വരിക.
നാല് സ്‌റ്റേഷനുകളും മെട്രോ, ബസ്, ടാക്‌സി സര്‍വീസുകളുമായി ബന്ധിപ്പിക്കും. ഗതാഗത കുരുക്ക് ഇല്ലാതാക്കാനുള്ള ബൃഹദ് പദ്ധതി നടപ്പാക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും പദ്ധതി ഒരുക്കും. ട്രാന്‍സിറ്റ് ഓറിയന്റഡ് ഡവലപ്‌മെന്റ് (ടിഒഡി) മാതൃകയിലുള്ള പദ്ധതികളാണ് നാല് സ്റ്റേഷനുകളിലും പരിസരങ്ങളിലും നടപ്പാക്കുക. അവശ്യം വേണ്ട സര്‍ക്കാര്‍ ഓഫീസുകള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം കൈയ്യകലത്തില്‍ ഉണ്ടാകും.
ഈ പദ്ധതി നടപ്പാക്കുന്നതോടെ പ്രാദേശിക കച്ചവടങ്ങള്‍ ശക്തിപ്പെടുമെന്നാണ് കരുതുന്നത്. മാത്രമല്ല, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സാമ്പത്തിക രംഗം ശക്തിപ്പെടാനും വഴിയൊരുക്കും. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ട കെട്ടിടങ്ങള്‍ നിര്‍മിക്കുകയാകും ആദ്യം ചെയ്യുക. യാത്രക്കാര്‍ക്ക് വേഗം എത്തുന്നതിനും തിരിച്ചുപോകുന്നതിനുമുള്ള സൗകര്യം എല്ലാ സ്റ്റേഷനുകളിലും സജീകരിക്കുക എന്ന പദ്ധതിയും ആദ്യ ഘട്ടത്തിലുണ്ടാകും.
സ്റ്റേഷനുകളുടെ 500 മീറ്റര്‍ ചുറ്റയളവിലെ വികസന പ്രവര്‍ത്തനങ്ങള്‍ ആയിരക്കും രണ്ടാംഘട്ടത്തില്‍ നടപ്പാക്കുക. പ്രാദേശിക നഗര ഭരണകൂടങ്ങളുടെ സഹകരണത്തോടെയാകും ഇത്. റോഡ് വീതി കൂട്ടുന്നതുള്‍പ്പെടെ ഈ ഘട്ടത്തിലാകും. മൂന്നാംഘട്ടത്തില്‍ 800 മീറ്റര്‍ ചുറ്റളവിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. ഓരോ പദ്ധതിയും നടപ്പാക്കുന്നതിന് നിശ്ചിത കാലയളവ് ക്രമീകരിക്കും.
ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്(എന്‍എച്ച്എസ്ആര്‍സിഎല്‍) ആണ്. സ്റ്റേഷനുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളുടെ വികസനവും ഇവരായിരിക്കും നടപ്പാക്കുക. ട്രെയിന്‍ സര്‍വീസ് ആരംഭിച്ച് ആദ്യ പത്ത് വര്‍ഷത്തിലാകും 500 മീറ്റര്‍ ചുറ്റളവിലെ വികസനം. തൊട്ടടുത്ത 10 വര്‍ഷത്തിലാകും 800 മീറ്റര്‍ ചുറ്റളവിലെ വികസനപ്രവര്‍ത്തനങ്ങള്‍.












Click it and Unblock the Notifications