വന്ദേഭാരതിന്റ സമയത്തിൽ മാറ്റം; പുതിയ സ്റ്റോപ്പും അനുവദിച്ചു.. ഇനി കൂടുതൽ സുഖകരമായ യാത്ര
ചെന്നൈ-തിരുനെൽവേലി വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പിലും മാറ്റം വരുത്തി റെയിൽവെ. പുതുക്കിയ സമയക്രമം അനുസരിച്ച് ഈ സർവ്വീസിന് ഇനി ഏഴ് സ്റ്റോപ്പുകളുണ്ടാകും, മുൻപ് ഇത് ആറ് സ്റ്റോപ്പുകളായിരുന്നു. കോവിൽപ്പെട്ടി റെയിൽവേ സ്റ്റേഷനിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചതായി സോണൽ റെയിൽവേ അറിയിച്ചു.
ഇതോടെ ട്രെയിൻ താംബരം, വില്ലുപുരം ജംഗ്ഷൻ, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, വിരുദുനഗർ, കോവിൽപ്പെട്ടി എന്നിവിടങ്ങളിൽ നിർത്തും. ചെന്നൈ എഗ്മോറിൽ നിന്ന് 14:45 ന് പുറപ്പെടുന്ന 20665 നമ്പർ വന്ദേ ഭാരത് എക്സ്പ്രസ് 22:30 ന് തിരുനെൽവേലിയിൽ എത്തിച്ചേരും.

മടക്കയാത്രയിൽ, 20666 നമ്പർ ട്രെയിൻ തിരുനെൽവേലിയിൽ നിന്ന് രാവിലെ 06:05 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 13:55 ന് ചെന്നൈ എഗ്മോറിൽ തിരിച്ചെത്തും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാവുന്ന രീതിയിലാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതെന്ന് റെയിൽവെ അറിയിച്ചു. ചൊവ്വാഴ്ച ഒഴികെ മറ്റെല്ലാ ദിവസം ഈ ട്രെയിൻ സർവ്വീസ് നടത്തുന്നുണ്ട്. എഗ്മോറിൽ നിന്ന് തിരുനെൽവേലിയിലേക്കുള്ള 653 കിലോമീറ്റർ ദൂരം 7:45 മണിക്കൂർ കൊണ്ടാണ് ട്രെയിൻ പിന്നിടുന്നത്.
കേരളത്തിന് ലഭിക്കുന്ന പുതിയ ട്രെയിനിന്റെ സമയവും മാറും
നവംബർ പകുതിയോടെ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്ന എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, 2024-ൽ ഓടിയിരുന്ന ത്രി-വീക്ക്‌ലി സ്പെഷ്യൽ ട്രെയിനിൽ (06001 /06002) നിന്ന് വ്യത്യസ്തമായ സമയക്രമീകരണവുമായിട്ടായിരിക്കും എത്തുക.
നേരത്തേ ഉച്ചയ്ക്ക് 12:50-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10:00-ന് ബെംഗളൂരുവിൽ ( ബി എൻ സി) എത്തിയിരുന്നത് മാറ്റി, പുതിയ സർവീസ് ഉച്ചയ്ക്ക് 1:00-ന് പുറപ്പെട്ട് രാത്രി 11:00-ഓടെ ബെംഗളൂരുവിൽ (എസ് ബി സി/ ബി എൻ സി) എത്തുന്ന രീതിയിലാകും.യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വൈകിയെത്തുന്ന സമയക്രമം ഗുണകരമാകും. മടക്കയാത്രയുടെ സമയത്തിലും മാറ്റങ്ങളുണ്ട്. മുമ്പ് രാവിലെ 5:30-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2:20-ന് എറണാകുളത്ത് എത്തിയിരുന്ന ട്രെയിൻ, ഇനി രാവിലെ 5:00-ന് പുറപ്പെട്ട് ഏകദേശം 2:00-ഓടെ എത്തും. ഇത് യാത്രയ്ക്ക് അല്പം വേഗത നൽകും.
സർവീസിന്റെ ആവൃത്തിയിലും മാറ്റങ്ങളുണ്ട്. നേരത്തേ ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നെങ്കിൽ പുതിയ സർവ്വീസ് ആഴ്ചയിൽ 6 ദിവസമോ എല്ലാ ദിവസവും ട്രെയിൻ ഓടിക്കാനോ സാധ്യതയുണ്ട്. ഒരു ദിവസം അറ്റകുറ്റപ്പണികൾക്കായി മാറ്റിവെച്ചേക്കും, എന്നാൽ കൃത്യമായ ദിവസങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
യാത്രാമാർഗ്ഗത്തിലും സ്റ്റോപ്പുകളിലും മാറ്റങ്ങൾ വരുന്നുണ്ട്. പ്രധാന സ്റ്റോപ്പുകൾ അതുപോലെ തുടരും, എന്നാൽ ബെംഗളൂരുവിലേക്ക് മികച്ച പ്രവേശനം ലഭിക്കുന്നതിനായി കൃഷ്ണരാജപുരം (ബെംഗളൂരുവിനടുത്ത്) പുതിയ സ്റ്റോപ്പായി ഉൾപ്പെടുത്തും. മൊത്തം സ്റ്റോപ്പുകളുടെ എണ്ണം ഏഴായിരിക്കും.
ട്രെയിനിന്റെ കോച്ചുകളുടെ കാര്യത്തിലും മാറ്റമുണ്ട്. നേരത്തേ 8 കോച്ചുകളുണ്ടായിരുന്നെങ്കിൽ പുതിയ ട്രെയിനിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന 16 കോച്ചുകളുള്ള സ്റ്റാൻഡേർഡ് വന്ദേ ഭാരത് ട്രെയിൻ ആയിരിക്കും സർവീസിനായി ഉപയോഗിക്കുക.
ടിക്കറ്റ് നിരക്കുകൾ 2024-ലെ നിരക്കിന് സമാനമായിരിക്കും (ചെയർ കാർ: ഏകദേശം 1,465; എക്സിക്യൂട്ടീവ്: ഏകദേശം 2,945, ഭക്ഷണമുൾപ്പെടെ). സർവീസ് ആരംഭിച്ചാൽ IRCTC വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
നിലവിലുള്ള ട്രെയിനുകളെ അപേക്ഷിച്ച് ഒരു മണിക്കൂറോളം യാത്രാ സമയം ലാഭിക്കാൻ ഈ സർവീസുകൾക്ക് കഴിയും (ഉദാഹരണത്തിന്, കെഎസ്ആർ ബെംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റിനെ അപേക്ഷിച്ച്). ഐടി പ്രൊഫഷണലുകൾക്കും ദിവസേന യാത്ര ചെയ്യുന്നവർക്കും സൗകര്യപ്രദമായ സമയക്രമത്തിനാണ് 2025-ലെ സർവീസിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.












Click it and Unblock the Notifications