വ്യക്തിഗത നിക്ഷേപം മുഴുവനും ഒരു വർഷത്തെ ശമ്പളവും ദുരിതാശ്വാസനിധിയിലേക്ക് നൽകി ഹിമാചല്‍ മുഖ്യമന്ത്രി
ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു തന്റെ വ്യക്തിഗത നിക്ഷേപം മുഴുവൻ സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഭാര്യ കമലേഷ് ഠാക്കൂറിന് ഒപ്പമാണ് സുഖ് വിന്ദർ 51 ലക്ഷം രൂപയുടെ ചെക്ക് ചീഫ് സെക്രട്ടറി പ്രബോധ് സക്‌സേനയ്ക്ക് കൈമാറിയത്. ഒപ്പം അദ്ദേഹത്തിന്റെ ഒരു വർഷത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവെച്ചിട്ടുണ്ട്.
260 ലധികം വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ട സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മഴക്കാല കെടുതിയിൽ ജനങ്ങളുടെ വേദനയും അവരുടെ ദുരവസ്ഥയും എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു എന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സ്വമേധയാ സംഭാവന നൽകിയിരുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പ്രായമായവർ പെൻഷൻ വേണ്ടെന്ന് വെച്ചു, കുട്ടികൾ അവരുടെ പിഗ്ഗി ബാങ്കുകളിലെ പണം നൽകി, സംസ്ഥാന സർക്കാർ ജീവനക്കാർ അവരുടെ ശമ്പളത്തിൽ നിന്ന് ഉദാരമായി 'ആപ്‌ദ രഹത് കോശ'ത്തിലേക്ക് സംഭാവന നൽകി," അദ്ദേഹം കൂട്ടിച്ചേർത്തു. മലയോര സംസ്ഥാനത്തെ ജനങ്ങൾ "വിപത്തിനെ നേരിടാൻ ഒരുമിച്ച് നിന്നു" എന്നും അദ്ദേഹം പറഞ്ഞു.
ഈ മൺസൂണിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഹിമാചൽ പ്രദേശ് ഏറ്റവും വലിയ നഷ്ടമാണ് നേരിട്ടത്. 8,600 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഇത് 12,000 കോടിയായി ഉയരും എന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുളു, മാണ്ഡി, ഷിംല, സോളൻ ജില്ലകളിലായി 426 മരണങ്ങൾക്ക് കാരണമായ മലയോര സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളിൽ 165 മണ്ണിടിച്ചിലുകളും 72 മിന്നൽ പ്രളയവും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേസമയം, 39 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 2,575 വീടുകൾ പൂർണമായും 11,000 വീടുകൾ ഭാഗികമായും തകർന്നു.












Click it and Unblock the Notifications