എന്താണ് വിനായക ചതുര്‍ത്ഥി? പത്ത് ദിവസം നീളുന്ന ആഘോഷങ്ങള്‍ എന്തിന്!!


ഹിന്ദു ആരാധനാ മൂര്‍ത്തിയായ ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് ഇന്ത്യയില്‍ വിനായക ചതുര്‍ത്ഥി ആഘോഷിച്ച് പോരുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായചതുര്‍ത്ഥി. ശിവന്റെയും പാര്‍വതിയുടേയും പുത്രനായ ഗണപതിയുടെ പിറന്നാളാണ് വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കേരളത്തിലേക്കാള്‍ വിനായ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടക്കാറുള്ളത്.

പൂജാവിധികള്‍

ഗണപതി വിഗ്രഹങ്ങള്‍ അനുഷ്ടാനങ്ങളോടെ പ്രതിഷ്ഠിച്ച് പൂജിക്കുന്നതാണ് പ്രധാന ചടങ്ങ്. താമരയും കറുകപ്പുല്ലും ഉപയോഗിച്ചുള്ള പൂജയും ഉപയോഗിച്ച് പൂജ ചെയ്യുന്നതിനൊപ്പം മോദകം തയ്യാറാക്കി പൂജ ചെയ്ത് ഗണപതിക്ക് സമര്‍പ്പിക്കും. മണ്ണ് കൊണ്ട് നിര്‍മിച്ച വിഗ്രഹത്തില്‍ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ദിവസങ്ങളില്‍ പൂജ ചെയ്ത വിഗ്രഹമാണ് പുഴയിലോ കടലിലോ നിമജ്ഞനം ചെയ്യുന്നത്. ഘോഷയാത്രകളോടെ ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതോടെ വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ അവസാനിക്കുന്നു.

കേരളത്തിലെ ആഘോഷങ്ങള്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിനായ ചതുര്‍ത്ഥി വിപുലമായി ആഘോഷിക്കപ്പെടാറില്ല. ഗണപതി ക്ഷേത്രങ്ങളില്‍ ആനയൂട്ട് ഉള്‍പ്പെടെയുള്ള പരിപാടികളാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. പ്രത്യേക പൂജകളും വിനായക ചതുര്‍ത്ഥി ദിനത്തില്‍ നടത്തി വരാറുണ്ട്. എങ്കില്‍പ്പോലും കേരളത്തില്‍ ഗണപതി ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ് വിനായക ചതുര്‍ത്ഥി ആഘോഘങ്ങള്‍. മഹാരാഷ്ട്രയിലാണ് വിപുലമായി വിനായക ചതുര്‍ത്ഥി ആഘോഷിച്ച് വരുന്നത്. പില്‍ക്കാലത്ത് ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

വിഗ്രഹ നിര്‍മാണം

നേരത്തെ വിനായചതുര്‍ത്ഥിക്ക് പൂജിക്കാനുള്ള വിഗ്രഹങ്ങള്‍ കളിമണ്ണിലായിരുന്നു നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ വിഗ്രഹങ്ങള്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസിലേക്ക് മാറിയിട്ടുണ്ട്. അത്യാകര്‍ഷമായ ചായം പൂശിയ വിഗ്രഹങ്ങളാണ് പൂജിച്ച് ഘോഷയാത്രയായി ജലാശയങ്ങളില്‍ നിമജ്ഞനം ചെയ്യുന്നത്. ആടയാഭരണങ്ങള്‍ അണിയിച്ച ശേഷമാണ് ഒമ്പത് ദിവസത്തോളം വിഗ്രഹങ്ങള്‍ പൂജിക്കുന്നത്.

ഇന്ത്യയില്‍ വിനായക ചതുര്‍ത്ഥി

ഇന്ത്യയില്‍ മഹാരാഷ്ട്രയ്ക്ക് പുറമേ കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിനായക ചതുര്‍ത്ഥി വിപുലമായി ആഘോഷിക്കപ്പെടുന്നത്. കലയുടേയും അറിവിന്റെയും ദേവനായി അവരോധിക്കപ്പെടുന്ന ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഗണപതി വിഘ്നങ്ങള്‍ നീക്കുന്നുവെന്നും വിശ്വാസികള്‍ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്.

Have a great day!
Read more...

English Summary

Ganesh Chaturthi is a ten-day Hindu festival celebrated to honour the God Ganesha's birthday. He is the younger son of Lord Shiva and Goddess Parvati.