പാട്ടു പാടി 'വോട്ടു' ചെയ്യിക്കാന്‍ കോട്ടയത്തൊരു കളക്ടര്‍...ദിവ്യ എസ് അയ്യര്‍


കോട്ടയം: പാട്ടു പാടി മഴ പെയ്യിക്കുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ പാടി വോട്ടു ചെയ്യിക്കാനൊരുങ്ങുകയാണ് കോട്ടയം. കോട്ടയം എന്നു പറഞ്ഞാല്‍ പോരാ കോട്ടയത്തെ സാക്ഷാല്‍ അസി കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ തന്നെയാണ് ഈ വിദ്യയുടെ പിന്നില്‍. ദിവ്യയുടെ കലാവിരുത് കോട്ടയത്തിന് പ്രസിദ്ധമാണ്.

Advertisement

പക്ഷെ സ്വന്തമായി എഴുതി, പാടി അഭിനയിച്ച് കസറുകയല്ലെ ഇപ്പാഴിവര്‍. എല്ലാവരേയും പോളിങ് ബൂത്തലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടിക്കായാണ് ദിവ്യ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. എല്ലാ കോണില്‍ നിന്നുമുള്ള പ്രോത്സാഹനവും കൂടിയാകുമ്പോള്‍ സംഗതി കൂടുതല്‍ ജോറാകുന്നു.

Advertisement


'മനസിലെ വര്‍ണക്കെല്ലാം
നിറമേകാന്‍ നിമിഷം വരവായ്
അഴകേറും നാടിന്‍ ചിത്രം
തെളിയട്ടെ നമ്മില്‍ നിന്നും
ചിറകേകാം സ്വപ്‌നങ്ങള്‍ക്കും
കരുത്താകും സമ്മതിദാനം
നല്‍കാം ഓരോ വോട്ടും ഓരോ വോട്ടും
വിരല്‍ത്തുമ്പില്‍ നമ്മുടെ ഭാവി
മനസിലെ വര്‍ണങ്ങള്‍ക്കെല്ലാം
നിറമേകാന്‍ നിമിഷം വരവായ്
ജനതേ ഉണരൂ നീ ഒന്നായ്
വോട്ടിങ് ഒരു ഉത്സവമാക്കാം
വന്ദേമാതരം....'

തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ കോട്ടയം ജില്ലാതല പ്രവര്‍ത്തനത്തിന്റെ നേതൃത്വം ദിവ്യയുടെ കൈകളിലാണ്. പ്രചാരണ വഴികളിലെ പുതുമ തേടിയുള്ള യാത്രയിലാണ് ഗാനശകലം മനസിലുണരുന്നത്. വരികള്‍ എഴുതിയ ശേഷം സംഗീതജ്ഞന്‍ ജയദേവന്‍ ഈണം പകര്‍ന്നു.

രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് പാട്ട്. പാടി അഭിനയിച്ച് മികവുറ്റതാക്കിയപ്പോള്‍, ഗാനത്തെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ സംസ്ഥാനത്തെ സ്വീപ്പ് പ്രവര്‍ത്തനങ്ങളുടെ ഔദ്ദ്യോഗിക ഗാനമായി അംഗീകരിച്ചു.
നവമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലുമെല്ലാം ഗാനം പ്രചരിച്ചു തുടങ്ങി. എഫ്എം റേഡിയോയില്‍ ഉള്‍പ്പടെ പാട്ട് കേള്‍ക്കാന്‍ വോട്ടര്‍മാര്‍ക്ക് അവസരമുണ്ടാകും. പാട്ടിന്റെ സിഡി പ്രകാശനം കോട്ടയത്ത് നടന്നു. ചടങ്ങില്‍ ഗായിക വൈക്കം വിജയലക്ഷ്മിക്ക് നല്‍കി സ്വീപ്പ് നിരീക്ഷക രഞ്ജന ദേവ് ശര്‍മ പ്രകാശനം നിര്‍വഹിച്ചു.

English Summary

Kerala Assembly Election 2016: Kottayam Assistant Collector Divya S Iyer writes and sings for Sveep song.
Advertisement