എന്തുകൊണ്ടാണ് മമ്മൂട്ടി ദൃശ്യം സിനിമയോട് നോ പറഞ്ഞത്? കാരണം വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ്
ഇന്ന് ജോർജുകുട്ടിയായി മോഹൻലാലിനെയല്ലാതെ മറ്റൊരാളെയും സങ്കൽപ്പിക്കാൻ പോലും സിനിമാ പ്രേമികൾക്ക് കഴിയില്ല. ഈ കഥാപാത്രത്തിനായി സംവിധായകൻ ജീത്തു ജോസഫിന്റെ ആദ്യ ചോയ്സ് മോഹൻലാൽ ആയിരുന്നില്ല എന്നത് കൗതുകകരമാണ്.
യഥാർത്ഥത്തിൽ ദൃശ്യം സിനിമയുടെ കേന്ദ്ര കഥാപാത്രമായി മമ്മൂട്ടി അഭിനയിക്കണമെന്നാണ് തിരക്കഥാകൃത്ത് കൂടിയായ ജീത്തു ജോസഫ് ആഗ്രഹിച്ചിരുന്നത്. അദ്ദേഹം മമ്മൂട്ടിയെ സമീപിച്ച് കഥ പറയുകയും ചെയ്തു. എന്നാൽ മമ്മൂട്ടി ഈ ഓഫർ നിരസിക്കുകയാണുണ്ടായത്. തുടർന്ന് ഈ വേഷം മോഹൻലാലിലേക്ക് എത്തുകയും അദ്ദേഹം ജോർജുകുട്ടിയെ അനശ്വരമാക്കി മാറ്റുകയും ചെയ്തു.
മികച്ച ദീർഘവീക്ഷണമുള്ള നടനായിട്ടും എന്തുകൊണ്ടാണ് മമ്മൂട്ടി ഇത്രയും വലിയൊരു പ്രോജക്റ്റ് വേണ്ടെന്ന് വെച്ചതെന്നും ഈ സിനിമയുടെ വിജയം പ്രവചിക്കുന്നതിൽ അദ്ദേഹത്തിന് തെറ്റുപറ്റിയോ എന്നതിനെക്കുറിച്ചും വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെടാത്തത് കൊണ്ടല്ല സിനിമ നിരസിച്ചതെന്നും പകരം ആ സമയത്തെ അദ്ദേഹത്തിന്റെ മറ്റ് തിരക്കുകൾ മാത്രമായിരുന്നു അതിന് കാരണമെന്നും ജീത്തു ജോസഫ് തന്നെ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.

"മമ്മൂട്ടിക്ക് ദൃശ്യത്തിന്റെ കഥ ഇഷ്ടപ്പെടാഞ്ഞിട്ടല്ല. ഞാൻ ആദ്യമായി കഥ പറഞ്ഞപ്പോൾ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു, കഥ ഗംഭീരമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആ സമയത്ത് അദ്ദേഹം ഒരു അച്ഛനായും കുടുംബനാഥനായും അഭിനയിക്കുന്ന നാലോ അഞ്ചോ ചിത്രങ്ങൾ ഇതിനകം തന്നെ ഒപ്പുവെച്ചിട്ടുണ്ടായിരുന്നു. ഒരേ പാറ്റേണിലുള്ള സിനിമകൾ തുടർച്ചയായി ചെയ്യാൻ താല്പര്യമില്ലാത്തതിനാൽ, ഒന്നുകിൽ ഒന്നര അല്ലെങ്കിൽ രണ്ട് വർഷം കാത്തിരിക്കാനോ, അല്ലെങ്കിൽ ഈ പ്രോജക്റ്റുമായി മറ്റാരെയെങ്കിലും വെച്ച് മുന്നോട്ട് പോകാനോ ആണ് അദ്ദേഹം എന്നോട് നിർദ്ദേശിച്ചത്," എന്ന് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ജീത്തു ജോസഫ് വ്യക്തമാക്കുകയുണ്ടായി.
ജോർജുകുട്ടിയായി മോഹൻലാൽ എത്തിയെങ്കിലും സിനിമയുടെ കാസ്റ്റിംഗ് സമയത്ത് മമ്മൂട്ടി വലിയ രീതിയിലുള്ള പിന്തുണ നൽകിയിരുന്നു എന്ന് ജീത്തു ജോസഫ് പറയുന്നു. ജോർജുകുട്ടിയുടെ ഭാര്യയായ റാണിയുടെ വേഷം ചെയ്യാൻ നടി മീനയ്ക്ക് ധൈര്യം നൽകിയത് മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടിയോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് മീനയോട് ജീത്തു ജോസഫ് ദൃശ്യത്തിന്റെ കഥ പറയുന്നത്. ആ സമയത്ത് ഈ സിനിമ മീന തീർച്ചയായും ചെയ്യേണ്ട ഒന്നാണെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു എന്ന് മീന തന്നെ അടുത്തിടെ പറയുകയുണ്ടായി.
"ദൃശ്യം സിനിമയിലേക്ക് എന്നെ ആദ്യമായി ക്ഷണിച്ചപ്പോൾ ഞാൻ വേണ്ടെന്ന് വെക്കുകയാണ് ചെയ്തത്. എത്ര വലിയ വിഡ്ഢിത്തമായിരുന്നു അതെന്ന് ഞാൻ ഇപ്പോൾ ഓർക്കുന്നു. എന്റെ മകൾക്ക് അന്ന് രണ്ട് വയസ്സ് മാത്രമായിരുന്നു പ്രായം. കുഞ്ഞിനെ തനിച്ചാക്കി ഷൂട്ടിംഗിന് പോകാൻ കഴിയില്ലെന്ന വിഷമം കൊണ്ടാണ് ഞാൻ വേണ്ടെന്ന് പറഞ്ഞത്. തിരക്കഥയും കഥാപാത്രവും മികച്ചതാണെങ്കിലും മകളുടെ കാര്യം ഓർത്ത് വരാൻ കഴിയില്ലെന്ന് ഞാൻ പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞു," ആശീർവാദ് സിനിമാസ് സംഘടിപ്പിച്ച ചടങ്ങിൽ മീന പറഞ്ഞ.
"ജീത്തു എന്നെ കാണാൻ വരുന്നതിന് മുൻപ് തന്നെ മമ്മൂക്ക എന്നോട് ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. 'അതൊരു നല്ല കഥാപാത്രമാണ്, നിനക്ക് നന്നായി ചേരും, ജീത്തു കഥ പറയാൻ വരും' എന്ന് മമ്മൂക്ക പറഞ്ഞു. എല്ലാം കേട്ടപ്പോഴും എനിക്ക് ആശയക്കുഴപ്പമായിരുന്നു. അതുവരെ ചെയ്ത സിനിമകൾക്കെല്ലാം ഞാൻ എന്റെ പരമാവധി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ഒരു മകളുണ്ട്. സിനിമയിൽ 100 ശതമാനം ശ്രദ്ധിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ എനിക്ക് ഒട്ടനവധി കൺഫ്യൂഷനുകൾ ഉണ്ടായിരുന്നു", മീന പറഞ്ഞു.
ഇവയ്ക്ക് പുറമെ സിനിമയിലെ വില്ലൻ കഥാപാത്രമായ കോൺസ്റ്റബിൾ സഹദേവന്റെ വേഷത്തിലേക്ക് കലാഭവൻ ഷാജോണിനെ കാസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് ജീത്തു ജോസഫ് പറഞ്ഞപ്പോൾ മമ്മൂട്ടി ആ തീരുമാനത്തെയും ഏറെ പ്രശംസിച്ചു. അത് വളരെ മികച്ചൊരു തീരുമാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി തന്നെ തന്റെ കാരവാനിലേക്ക് വിളിച്ച് കാസ്റ്റിംഗിനെക്കുറിച്ച് സംസാരിച്ചുവെന്നും ഈ പ്രോജക്റ്റ് ഒരു മികച്ച സിനിമയായി മാറട്ടെ എന്ന് ആത്മാർത്ഥമായി ആശംസിച്ചുവെന്നും ജീത്തു ജോസഫ് ഓർത്തെടുത്തു.












Click it and Unblock the Notifications