സ്വര്‍ണം പിടിവിട്ട് വീണു; ഇന്ന് സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിരക്കില്‍, പവന്, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ആഗോള വിപണിയില്‍ ഏറെ കാലത്തിന് ശേഷം 4000 ഡോളറിന് താഴേക്ക് സ്വര്‍ണവില എത്തി. ഇതേ തുടര്‍ന്ന് കേരളത്തില്‍ ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം. ജൂലൈയിലും ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില ഇടിയും. വില കുറയുമെന്ന ആശങ്കയില്‍ പലരും സ്വര്‍ണം വിറ്റഴിക്കുകയാണ്.
അമേരിക്കയിലെ പണപ്പെരുപ്പം, പലിശ നിരക്കിലെ മാറ്റം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ എന്നിവയെല്ലാമാണ് സ്വര്‍ണവിലയെ മാറ്റിമറിക്കുന്ന ഘടകങ്ങള്‍. ഇവ ഏത് രീതിയില്‍ മാറുന്നോ അതിനനുസരിച്ച് ഡോളറിന്റെ മൂല്യത്തില്‍ മാറ്റം വരും. ഡോളര്‍ മൂല്യം കൂടുന്നതാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. 3965 ഡോളറിലേക്ക് ഔണ്‍സ് സ്വര്‍ണത്തിന്റെ വില താഴ്ന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ വിലയും കുറഞ്ഞത്...

കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 165 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 1320 രൂപയും. 22 കാരറ്റ് സ്വര്‍ണം ഒരു പവന് ഇന്ന് നല്‍കേണ്ടത് 102760 രൂപയാണ്. അതേസമയം, ഒരു ഗ്രാമിന് 12845 രൂപ നല്‍കണം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10560 രൂപയും പവന് 84480 രൂപയും നല്‍കണം. വെള്ളിയുടെ വില വീണ്ടും കുറഞ്ഞ് ഗ്രാമിന് 235 രൂപയായി.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില 114560 രൂപയായിരുന്നു. ഈ മാസം ഒന്നിനായിരുന്നു ഈ വില. എന്നാല്‍ മാസാന്ത്യ ദിനത്തില്‍ എത്തുമ്പോള്‍ ഈ വിലയില്‍ നിന്ന് 11800 രൂപ കുറഞ്ഞു. അതായത്, ഈ മാസം ഒന്നിന് വാങ്ങിയവരേക്കാള്‍ ഇത്രയും രൂപ ലാഭമാണ് ഇന്ന് വാങ്ങുന്നവര്‍ക്ക്. ഇന്ന് ഒരു പവന് ആഭരണം വാങ്ങുമ്പോള്‍ 1.11 ലക്ഷം രൂപ ചെലവ് വന്നേക്കും.
സ്വര്‍ണം കൂട്ടത്തോടെ വിറ്റഴിച്ച് ഇന്ത്യക്കാര്‍
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മാത്രം ഏകദേശം 50 ടണ്ണോളം പഴയ സ്വര്‍ണമാണ് ഇന്ത്യന്‍ വിപണിയിലേക്ക് തിരികെ ഒഴുകിയെത്തിയത്. അതായത്, ഇത്രയും സ്വര്‍ണം വിറ്റഴിക്കപ്പെട്ടു. ആഭരണവും കോയിനും ബാറുമെല്ലാം ഇതിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ പഴയ സ്വര്‍ണത്തിന്റെ വില്‍പ്പനയില്‍ 43 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
സാധാരണ വില ഇടിയുമ്പോള്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടുന്ന ശീലമാണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ കണ്ടുവരുന്നതെങ്കില്‍, ഇത്തവണ വില ഉയര്‍ന്ന നിലയില്‍ നില്ക്കുമ്പോള് തന്നെ തങ്ങളുടെ കൈവശമുള്ള ആഭരണങ്ങള്‍ വിറ്റ് ലാഭമെടുക്കാനാണ് ഭൂരിഭാഗം ആളുകളും താത്പര്യപ്പെട്ടത്. അടിയന്തരമായി പണത്തിനാവശ്യം വന്നതുകൊണ്ടല്ല ഇങ്ങനെയൊരു വില്പന ജനങ്ങള്‍ നടത്തിയതെന്നും മറിച്ച് നിക്ഷേപത്തില്‍ നിന്നുള്ള മികച്ച ലാഭമെടുപ്പ് മാത്രമാണിതെന്നും വിപണി നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
ജൂണ്‍ 24-നാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളര്‍ എന്ന നിര്‍ണായകമായ നിലവാരത്തിന് താഴേക്ക് പോയത്. 2025 നവംബറിന് ശേഷം ആദ്യമായാണ് ഇത്തരമൊരു വിലക്കുറവ്. ലോകവിപണിയില്‍ അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിപ്രാപിച്ചതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന തോതില്‍ തന്നെ നിലനിര്‍ത്തിയേക്കുമെന്ന നിഗമനങ്ങളുമാണ് പലിശയിതര ആസ്തിയായ സ്വര്‍ണത്തിന്റെ കുതിപ്പിന് തടയിട്ടത്. ഇത് ലോകവ്യാപകമായി സ്വര്‍ണത്തിന് വലിയ തിരിച്ചടിയായി മാറിയിരുന്നു.














Click it and Unblock the Notifications