10,000ത്തിലധികം അവസരങ്ങളുമായി എഐ ഇന്നൊവേഷന്‍ ഹബ്ബ്; സിലിക്കണ്‍ വാലി മാതൃകയില്‍ നിര്‍മാണം
എല്ലാ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ ആധിപത്യമാണ് ഇന്നുള്ളത്. ലോകമെമ്പാടും എഐയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എഐ തൊഴിലുകള്‍ ഇല്ലാതാക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയരുമ്പോഴും പുതിയ തൊഴിലവസരങ്ങള്‍ എഐ സൃഷ്ടിക്കുന്നുണ്ട്. എഐയുടെ സാധ്യതകള്‍ മുന്നില്‍ കണ്ട് ഒരു മുഴം മുന്‍പേ എറിയുന്നവര്‍ ഈ മേഖലയില്‍ വിജയിക്കും.
തെലങ്കാന സര്‍ക്കാര്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഇന്നൊവേഷന്‍ ഹബ്ബ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. 50000 പേര്‍ക്ക് നൈപുണ്യ പരിശീലനവും നല്‍കും. തലസ്ഥാന നഗരമായ ഹൈദരാബാദിലാണ് ഇന്നൊവേഷന്‍ ഹബ്ബ് വരുന്നത്. ഈ സംരംഭം നിലവിലുള്ള എല്ലാ എഐ സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരും. അതിനൊപ്പം ഭാവിയിലേക്ക് യുവാക്കളെ ഒരുക്കുന്നതിനായി ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സര്‍വകലാശാല സ്ഥാപിക്കുകയും ചെയ്യും.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ഐടി, വ്യവസായ മന്ത്രി ശ്രീധര്‍ ബാബുവും പങ്കെടുത്ത യോഗത്തിലാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. ഹബ്ബ് നിര്‍മാണം വേഗത്തിലാക്കാന്‍ രേവന്ത് റെഡ്ഡി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
തെലങ്കാനയിലെ ഫ്യൂച്ചര്‍ സിറ്റിയില്‍ 200 ഏക്കറിലാണ് ഹബ്ബ് വരുന്നത്. അതേസമയം, പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതു വരെ ഒരു ബഹുനില കെട്ടിടത്തില്‍ താല്‍ക്കാലികമായി എഐ ഇന്നൊവേഷന്‍ ഹബ് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അമേരിക്കയിലെ സിലിക്കണ്‍ വാലി പോലെ ലോകം ശ്രദ്ധിക്കുന്ന ഒരു ഹബ്ബായി ഇതിനെ മാറ്റിയെടുക്കാനാണ് തെലങ്കാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
എക്‌സിക്യൂട്ടീവ് ബ്രീഫിങ് സെന്റര്‍, എഐ സ്റ്റാര്‍ട്ടപ്പ് സ്‌പേസ്, വെഞ്ച്വര്‍ ക്യാപിറ്റല്‍ കോറിഡോര്‍, റിസര്‍ച്ച് ലാബുകള്‍, പരിശീലന കേന്ദ്രങ്ങള്‍, പങ്കാളികള്‍ക്കുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്നിവ ഉള്‍ക്കൊള്ളുന്ന കാമ്പസ് രണ്ട് ലക്ഷം ചതുരശ്ര അടിയിലാണ് നിര്‍മിക്കുന്നത്.












Click it and Unblock the Notifications