യുഎസിനെതിരെ എഐ സൈബർ ആക്രമണം കടുപ്പിച്ച് റഷ്യയും ചൈനയും; വരാനിരിക്കുന്നത് ഡിജിറ്റൽ യുദ്ധമോ?
ന്യൂയോർക്ക്: യുഎസ്എ, ചൈന, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾ സൈബർ ആക്രമണങ്ങൾ നടത്തുന്നതിനും അമേരിക്കയെ ലക്ഷ്യം വച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും കൃത്രിമബുദ്ധി (എഐ) ഉപയോഗിക്കുന്നത് വർധിച്ചുവെന്ന് റിപ്പോർട്ട്. മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ കണ്ടെത്തലുകളിലാണ് ഇക്കാര്യം പറയുന്നത്.
വിദേശ എതിരാളികൾ ജൂലൈയിൽ വ്യാജ ഉള്ളടക്കം ഓൺലൈനിൽ സൃഷ്‌ടിക്കുന്നതിനോ വർധിപ്പിക്കുന്നതിനോ എഐ ഉപയോഗിക്കുന്ന 200-ലധികം കേസുകൾ തിരിച്ചറിഞ്ഞതായി ടെക് ഭീമൻ പറഞ്ഞു. മുൻ വർഷങ്ങളിൽ ഉണ്ടായിരുന്നതിന്റെ പത്തിരട്ടിയോളമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ എഐ ഉപയോഗമെന്നാണ് റിപ്പോർട്ട് പറയുന്നത്.

വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഹാക്കിംഗ് പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും പൊതുജനവിശ്വാസത്തെ ദുർബലപ്പെടുത്തുന്നതിനും അമേരിക്കയുടെ എതിരാളികൾ അത്യാധുനിക എഐ സാങ്കേതികവിദ്യകൾ എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രമാണ് മൈക്രോസോഫ്റ്റ് റിപ്പോർട്ട് വരച്ചുകാട്ടുന്നത്.
മേൽ പറഞ്ഞ രാജ്യങ്ങളിലെ ഭരണകൂടത്തിന്റെ പിന്തുണയുള്ള ഹാക്കർമാരും ഓൺലൈൻ സ്വാധീന പ്രവർത്തനങ്ങളും എഐ ഉപയോഗിച്ച് വ്യാജ വാർത്തകൾ സൃഷ്‌ടിക്കുന്നതിനും, പൊതു ഉദ്യോഗസ്ഥരുടെ ശബ്‌ദങ്ങളും മുഖങ്ങളും ക്ലോൺ ചെയ്യുന്നതിനും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും ഭിന്നത വിതയ്ക്കുന്നതിനും ഡീപ്ഫേക്ക് വീഡിയോകൾ സൃഷ്‌ടിക്കുന്നതിനും ശ്രമിച്ചിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് ഗവേഷകർ പറയുന്നു.
കുറ്റമറ്റ ഫിഷിംഗ് ഇമെയിലുകൾ നിർമ്മിക്കാനും സെൻസിറ്റീവ് ഗവൺമെന്റ്, കോർപ്പറേറ്റ് നെറ്റ്‌വർക്കുകൾ ലക്ഷ്യമിട്ടുള്ള ഡാറ്റാ ലംഘനങ്ങൾ ഓട്ടോമേറ്റ് ചെയ്യാനും എഐ ഉപകരണങ്ങൾ ആക്രമണകാരികളെ സഹായിച്ചിട്ടുണ്ട്. ഇത്രയും ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് ഭാവിയിലെ സൈബർ യുദ്ധത്തിലേക്ക് കൂടി വെളിച്ചം വീശുന്നതാണ്.
രഹസ്യ വിവരങ്ങളോ ഉടമസ്ഥാവകാശ വിവരങ്ങളോ കവർന്നെടുക്കുക, അടിസ്ഥാന സൗകര്യങ്ങളിൽ വിള്ളൽ വീഴ്ത്തുക, ഓൺലൈൻ വിവരണങ്ങൾ കൈകാര്യം ചെയ്യുക, വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുക എന്നിങ്ങനെ പല രീതിയിൽ എഐ സാങ്കേതിക വിദ്യയെ ഇത്തരക്കാർ ദുരുപയോഗം ചെയ്യുന്നതായി മൈക്രോസോഫ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതിലെ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മൈക്രോസോഫ്റ്റിന്റെ അഭിപ്രായത്തിൽ, ആഗോള സൈബർ ആക്രമണങ്ങളുടെ പ്രാഥമിക ലക്ഷ്യം അമേരിക്കയാണ്. അമേരിക്കൻ സർക്കാർ ഏജൻസികൾ, സ്വകാര്യ കോർപ്പറേഷനുകൾ, ആശുപത്രികൾ, സർവകലാശാലകൾ എന്നിവ മുമ്പെന്നത്തേക്കാളും കൂടുതൽ ആക്രമണങ്ങൾക്ക് ഇരയാകുന്നുവെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
വരാനിരിക്കുന്നത് ഡിജിറ്റൽ യുദ്ധമോ?
എഐ കാര്യമായ രീതിയിൽ പുരോഗമിക്കുന്ന ഈ കാലത്ത് ഇനി രാജ്യങ്ങൾ തമ്മിൽ സൈബർ യുദ്ധമാവും നടക്കുക എന്നാണ് പല റിപ്പോർട്ടുകൾ പറയുന്നത്. ഡിജിറ്റൽ രീതികളിലൂടെ വിവിധ തരത്തിലുള്ള നാശം വിതയ്ക്കുന്നത് വഴി ഓരോ രാജ്യങ്ങളും തങ്ങളുടെ ലക്‌ഷ്യം കൈവരിക്കാൻ ശ്രമം തുടർന്നാൽ അത് വലിയ ആഗോള ഭീഷണിയായി മാറുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications