സൗദി അറേബ്യ, യുഎഇ, ഇന്ത്യ കൈകോര്‍ക്കും; 4000 കോടിയില്‍ ചര്‍ച്ച, ചെലവ് കുറഞ്ഞ എഐ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യയില്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപണ്‍ എഐ മറ്റൊരു തുടക്കത്തിന്. സൗദി അറേബ്യ, യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളുമായി ഫണ്ടിന് വേണ്ടിയുള്ള ചര്‍ച്ച നടക്കുന്നു എന്ന് റിപ്പോര്‍ട്ട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്‍ഫര്‍മേഷന്‍ ആണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്), യുഎഇയുടെ എംജിഎക്‌സ്, ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുമായിട്ടാണത്രെ ചര്‍ച്ച നടന്നത്. ഓപണ്‍ എഐ സിഇഒ സാം ആല്‍ട്ട്മാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഐടി മന്ത്രി അശ്വനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മറ്റു കമ്പനി മേധാവികളുമായി തുടര്‍ചര്‍ച്ചകള്‍ നടന്നത്.

കുറഞ്ഞ ചെലവില്‍ എഐ എല്ലാവര്‍ക്കും ലഭ്യമാക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഫെബ്രുവരിയില്‍ ചര്‍ച്ച ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷം സാം യുഎഇയിലെത്തി ചര്‍ച്ച നടത്തി. എഐ വിദ്യ അതിവേഗം നടപ്പാക്കുന്ന രാജ്യമായി യുഎഇ മാറിക്കഴിഞ്ഞിട്ടുണ്ട്. മറ്റു രീതിയിലും ഫണ്ട് ശേഖരിക്കാന്‍ ഓപണ്‍ എഐ ശ്രമിച്ചുവരികയാണ്.
പണം കണ്ടെത്തുന്ന മറ്റു വഴി
ഫൗണ്ടേഴ്‌സ് ഫണ്ട്, കോട്യൂ എന്നീ കമ്പനികളില്‍ നിന്നും 100 ദശലക്ഷം ഡോളര്‍ വീതം ലഭിക്കുന്നതിനുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്. 2027 ആകുമ്പോഴേക്കും 1700 കോടി ഡോളര്‍ അധികമായി സമാഹരിക്കാനാണ് ശ്രമം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളൊന്നും ഈ കമ്പനികള്‍ സ്ഥിരീകരിച്ചിട്ടില്ല. സ്റ്റാര്‍ഗേറ്റിന് വേണ്ടിയാണ് വന്‍ തുക ഓപണ്‍ എഐ സംഭരിക്കുന്നത്.
സോഫ്റ്റ് ബാങ്ക്, ഓപണ്‍ എഐ, ഒറാക്കിള്‍ എന്നിവരുടെ സംയുക്ത സംരംഭമാണ് അമേരിക്ക കേന്ദ്രമായുള്ള സ്റ്റാര്‍ഗേറ്റ്. വരുന്ന കാലം എഐയുടേതാണ് എന്ന് സാങ്കേതിക വിദഗ്ധരെല്ലാം പറയുന്നതിനിടെയാണ് ഈ കൈകോര്‍ക്കല്‍. 50000 കോടി ഡോളര്‍ സമാഹരിച്ച് എഐ രംഗം വിപുലീകരിക്കാനാണ് സ്റ്റാര്‍ഗേറ്റിലൂടെ ലക്ഷ്യമിടുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ജനുവരിയില്‍ വൈറ്റ് ഹൗസില്‍ വച്ച് മസയോഷി സണ്ണുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സ്റ്റാര്‍ഗേറ്റ് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സോഫ്റ്റ് ബാങ്ക് ചെയര്‍മാനാണ് മസയോഷി സണ്‍.
ഏഷ്യന്‍ രാജ്യങ്ങളുടെ നിറസാന്നിധ്യം
ജനുവരിയില്‍ വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ സാം ആള്‍ട്ട്മാനും ഒറാക്കിള്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ലാറി എല്ലിസണും പങ്കെടുത്തിരുന്നു. എഐ ലോകത്ത് സംഭവിക്കാന്‍ പോകുന്ന വന്‍ മാറ്റങ്ങളാണ് ചര്‍ച്ചയില്‍ വിഷയമായത്. ലോകം എഐ നിയന്ത്രിക്കാന്‍ പോകുന്നു എന്ന ആശങ്ക ഒരുകോണില്‍ ഉയരവെയാണ് എഐക്ക് വേണ്ടിയുള്ള വന്‍ ഫണ്ട് സമാഹരണം എന്നതും എടുത്തു പറയണം.
അമേരിക്ക കേന്ദ്രീകരിച്ച് വരുന്ന പുതിയ എഐ വിപ്ലവത്തെ കുറിച്ച് സ്റ്റാര്‍ഗേറ്റ് ചെയര്‍മാന്‍ കൂടിയായ മസയോഷി സണ്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിലേക്ക് ഇന്ത്യയുടെ റിലയന്‍സ് കൂടി ഭാഗമാകുകയാണിപ്പോള്‍. അങ്ങനെ സംഭവിച്ചാല്‍ സാങ്കേതിക ലോകത്ത് നടക്കാന്‍ പോകുന്ന എഐ വിപ്ലവത്തിന് ഇന്ത്യ മുന്‍നിരയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് പദ്ധതിക്കുള്ള ഫണ്ടിന്റെ പ്രധാന ഭാഗം എത്താന്‍ പോകുന്നത് എന്നതും സുപ്രധാനമാണ്.












Click it and Unblock the Notifications