ആദര്‍ശത്തിന്റെ രാഷ്ട്രീയവുമായി ആന്റണി
എറണാകുളം മഹാരാജാസ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആന്റണി കെഎസ്യുവിലൂടെ കേരള രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനായി. ആന്റണി നയിച്ച സമരങ്ങള്‍ അവയുടെ നൂതനത്വം കൊണ്ട് പ്രശസ്തമായി. അരയണ സമരവും പട്ടിണി ജാഥയും വെളുത്തുള്ളി കായല്‍ സമരവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഇഎംഎസ് മന്ത്രിസഭയ്ക്കെതിരെ നടന്ന വിമോചനസമരത്തിലും ആന്റണി സജീവമായി പങ്കെടുത്തു.
1970ല്‍ ചേര്‍ത്തലയില്‍ നിന്നുമാണ് ആന്റണി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആ വര്‍ഷം തന്നെ കെപിസിസി സെക്രട്ടറിയുമായി. 1972ല്‍ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആന്റണിക്ക് 32 വയസായിരുന്നു പ്രായം. കെപിസിസി പ്രസിഡന്റ് സ്ഥാനം വഹിച്ച ഏറ്റവം പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതി ആന്റണിക്കാണ്.
37ാം വയസില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി1977ല്‍ ആന്റണി അധികാരമേറ്റു. എന്നാല്‍ ഒരു വര്‍ഷം മാത്രമേ ആന്റണിയുടെ മുഖ്യമന്ത്രിസ്ഥാനത്തിന് ആയുസുണ്ടായിരുന്നുള്ളു. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ആന്റണി ഔദ്യോഗിക കോണ്‍ഗ്രസില്‍ തന്നെ ഉറച്ചു നിന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1978ല്‍ ചിക്കമഗ്ളൂരില്‍ ഇന്ദിരാഗാന്ധിക്കെതിരെ ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതില്‍ പ്രതിഷേധിച്ച് ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
പിന്നീട് സ്വന്തം പേരില്‍ കോണ്‍ഗ്രസ് (എ) എന്ന സംഘടനയുണ്ടാക്കിയ ആന്റണി 1980ല്‍ മാര്‍ക്സിസ്റുകാര്‍ നയിച്ച ഇടതുമുന്നണിക്കൊപ്പം നിന്നായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ 1982ല്‍ നായനാര്‍ സര്‍ക്കാരെ തള്ളിയിട്ട് ആന്റണി ഇടതുമുന്നണിയുമായുള്ള ബന്ധം ഒഴിയുകയും ചെയ്തു.
ഇതിനിടെ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഇന്ദിരാഗാന്ധിയുടെ കൈയിലാവുകയും കോണ്‍ഗ്രസ് (ഐ) ഔദ്യോഗിക കോണ്‍ഗ്രസിന്റെ പരിവേഷം ആര്‍ജിക്കുകയും ചെയ്തു.1982ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് (ഐ)യുമായി ചേര്‍ന്നാണ് ആന്റണിയുടെ കോണ്‍ഗ്രസ് മത്സരിച്ചത്. മുന്നണി വിജയിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം കൊച്ചിയില്‍ ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ ആന്റണിയുടെ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ഐയുമായി ലയിച്ചു.
1985ല്‍ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട ആന്റണി 1987ല്‍ രണ്ടാമതും കെപിസിസി പ്രസിഡന്റായി. ആദര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആന്റണി ഒരിക്കല്‍ കേന്ദ്രമന്ത്രിസ്ഥാനവും രാജി വച്ചിട്ടുണ്ട്.
നരസിംഹറാവു മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരിക്കെ 1994 ഡിസംബറില്‍ പഞ്ചസാര കുംഭകോണവുമായി ആന്റണിക്കും ബന്ധമുണ്ടെന്ന പരാമര്‍ശം വന്നതിനെ തുടര്‍ന്ന് അദ്ദേഹം രാജി വയ്ക്കുകയായിരുന്നു. ആന്റണിക്ക് അഴിമതിയുമായി ബന്ധമില്ലെന്ന് ആരോപണമുന്നയിച്ചവര്‍ക്കും വ്യക്തമായിരുന്നു. എന്നിട്ടും മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ ആന്റണിയുടെ നടപടിയെ സകലരും പ്രശംസിച്ചു.
കേന്ദ്രമന്ത്രിസ്ഥാനം രാജി വച്ച ആന്റണി 1995ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തു. ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരെ ചില ആരോപണങ്ങളുയരുകയും കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ഒരു വിഭാഗം നേതാക്കള്‍ കരുണാകരനെതിരെ തിരിയുകയും ചെയ്തപ്പോള്‍ കരുണാകരന്് രാജി വയ്ക്കേണ്ടി വന്നിരുന്നു. അങ്ങനെ രണ്ടാംതവണ ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായി. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ ബാക്കി നില്‍ക്കെ ആന്റണി കേരളത്തില്‍ ചാരായനിരോധനം നടപ്പാക്കി.
എന്നാല്‍ ആന്റണിയുടെ നേതൃത്വത്തില്‍ 1996ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് പരാജയപ്പെട്ടു. തുടര്‍ന്ന് അഞ്ചുവര്‍ഷക്കാലം കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്ന ആന്റണി 2001 മെയ് 17ന് കേരളത്തിന്റെ 18ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റു.
കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥയായ എലിസബത്താണ് ഭാര്യ. ആന്റണിക്ക് രണ്ട് ആണ്‍മക്കളാണ്.