കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗത് സിങ് എന്ന ഐതിഹാസിക പുരുഷന്‍

  • By Staff
Google Oneindia Malayalam News

Bhagat Singhഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ പേരുകളോര്‍ത്തെടുക്കുമ്പോള്‍ ഏതൊരു ഇന്ത്യക്കാരന്റെയും നാവില്‍ ആദ്യം വന്നെത്തുന്ന പേരുകളില്‍ ഭഗത്‌ സിങ്‌ എന്ന പേരുമുണ്ടാകും. അക്രമരഹിത മാര്‍ഗ്ഗങ്ങളേക്കാള്‍ സായുധ പോരാട്ടത്തിന്‌ പ്രാധാന്യം നല്‍കുകയും അതിലൂടെ വിജയം നേടാന്‍ സാധിക്കുമെന്ന്‌ വിശ്വസിക്കുകയും ചെയ്‌ത പോരാളിയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ആദ്യത്തെ മാര്‍ക്‌സിസ്‌റ്റുകളിലൊരാളായും ചിലര്‍ ഭഗത്‌ സിങിനെ വിശേഷിപ്പിക്കുന്നുണ്ട്‌. പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലെ ബങ്കാ ഗ്രാമത്തിലെ( ഇപ്പോള്‍ ഈ സ്ഥലം പാകിസ്ഥാന്റെ ഭാഗമാണ്‌) ഒരു സിഖ്‌ കര്‍ഷക കുടുംബത്തില്‍ സര്‍ദാര്‍ കിഷന്‍ സിങ്‌-വിദ്യാവതി ദമ്പതികള്‍ക്ക്‌ 1907 സെപ്‌റ്റംബര്‍ 27നാണ്‌ ഷഹീദ്‌ ഭഗത്‌ സിങ്‌ ജനിച്ചത്‌.

ദേശസ്‌നേഹത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട ഒരു കുടുംബമായിരുന്നു ഇത്‌. ഗ്രാമത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞശേഷം ഭഗത്‌ വിപ്ലവകാരിയായ ലാലാ ലജ്‌പത്‌റായ്‌ സ്ഥാപിച്ച നാഷണല്‍ കോളെജില്‍ ചേര്‍ന്നു. യൗവ്വനത്തില്‍ ഭഗത്‌ സാഹിത്യത്തില്‍ അതീവ തല്‍പരനായിരുന്നു. പതിമൂന്നാമത്തെ വയസ്സില്‍ത്തന്നെ മഹാത്മാഗാന്ധി രൂപം നല്‍കിയ നിസ്സഹകരണപ്രസ്ഥാനത്തില്‍ ചേര്‍ന്ന ഭഗത്‌ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി മാറി.

ഭഗത്‌ സജീവ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളിലേയ്‌ക്ക്‌

നാഷണല്‍ കോളെജിലെ പഠനം കഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഭഗത്‌ സിങിന്‌ വിവാഹമാലോചിക്കാന്‍ തുടങ്ങി. എന്നാല്‍ ഇന്ത്യ സ്വതന്ത്രയാവുന്നതുവരെ എന്റെ വധു മരണം മാത്രമായിരിക്കുമെന്ന്‌ പറഞ്ഞ ഭഗത്‌ വിവാഹത്തില്‍ നിന്നും രക്ഷപ്പെടാനായി നാടുവിട്ട്‌ കാണ്‍പൂരിലേയ്‌ക്കു പോയി. അവിടെ പ്രതാപ്‌ പ്രസ്‌ എന്ന ഒരു അച്ചടിശാലയില്‍ ജോലിയ്‌ക്കു ചേര്‍ന്നു. ഒഴിവുസമയങ്ങളില്‍ വിപ്ലവസാഹിത്യ പഠനം നടത്തി.

ഇതിനിടെ ഉത്തര്‍പ്രദേശിലെ ചൗരി ചൗര ഗ്രാമത്തില്‍ ഗ്രാമവാസികള്‍ പൊലീസ്‌ സ്റ്റേഷന്‍ അക്രമിച്ച്‌ പൊലീസകാരെ കൊലചെയ്‌ത സംഭവത്തോടെ ഗാന്ധിജി നിസ്സഹകരണപ്രസ്‌താനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ചൗരി ചൗരാ സംഭവത്തോടെ ഭഗത്‌ സിങ്‌ ഉള്‍പ്പെടെയുള്ള ഒട്ടേറെപ്പേര്‍ അക്രമസമരം എന്നമാര്‍ഗ്ഗത്തിലേയ്‌ക്ക്‌ മാറി ചിന്തിക്കാന്‍ തുടങ്ങി.

1924ല്‍ കാണ്‍പൂരില്‍ വച്ച്‌ അദ്ദേഹം സചീന്ദ്രനാഥ്‌ സന്യാല്‍ രൂപം നല്‍കിയ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന സംഘടനയില്‍ അംഗമായി. ചന്ദ്രശേഖര്‍ ആസാദായിരുന്നു ഇതിന്റെ ഒരു പ്രധാന സംഘാടകന്‍. അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാന്‍ ഭഗതിന്‌ അവസരം ലഭിച്ചു. 1925ല്‍ അദ്ദേഹം ലാഹോറിലേയ്‌ക്ക്‌ തിരിച്ചുപോയി.

അടുത്തവര്‍ഷം കുറച്ചു സഹപ്രവര്‍ത്തകരോടൊപ്പം നവ്‌ജവാന്‍ ഭാരത്‌ സഭ എന്ന പേരില്‍ ഒരു സായുധ വിപ്ലവ സംഘടനം രൂപീകരിച്ചു. 1926ല്‍ അദ്ദേഹം സോഹന്‍ ജോഷ്‌ സിങുമായി ബന്ധം സ്ഥാപിച്ചു. അതുവഴി വര്‍ക്കേസ്‌ ആന്റ്‌ പെസന്റ്‌സ്‌ പാര്‍ട്ടി എന്ന സംഘടനയുമായും ബന്ധപ്പെട്ടു. വര്‍ക്കേസ്‌ ആന്റ്‌ പെസന്റ്‌സ്‌ പാര്‍ട്ടി കീര്‍ത്തി എന്ന പേരില്‍ പഞ്ചാബി ഭാഷയില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. അടുത്ത വര്‍ഷം ഭഗത്‌ സിങ്‌ കീര്‍ത്തിയുടെ പത്രാധിപ സമിതിയില്‍ അംഗമായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X