"അരയിൽ കൈവച്ചു, അശ്ലീല ആംഗ്യങ്ങൾ"; പൊതുപരിപാടിക്കിടെ നടിക്ക് നേരെ ലൈംഗിക അതിക്രമം
പൊതുപരിപാടിക്കിടെ തനിക്ക് നേരിടേണ്ടി വന്ന കടുത്ത ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രശസ്ത സിനിമ-സീരിയൽ താരം മൗനി റോയി. ഹരിയാനയിലെ കർണാലിൽ നടന്ന ഒരു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴാണ് താരത്തിന് ജനക്കൂട്ടത്തിൽ നിന്നും അത്യന്തം അപമാനകരമായ അനുഭവം ഉണ്ടായത്. തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയാണ് താരം ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തന്നെ വലിയ രീതിയിലുള്ള സുരക്ഷാ വീഴ്ച ഉണ്ടായതായി മൗനി ആരോപിക്കുന്നു. "വേദിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അവിടെയുണ്ടായിരുന്ന ചിലർ ഫോട്ടോ എടുക്കാനെന്ന വ്യാജേന എന്റെ അരയിൽ കൈവച്ചു. അപ്പൂപ്പന്മാരാകാൻ പ്രായമുള്ളവർ പോലും ഇക്കൂട്ടത്തിലുണ്ടായിരുന്നു എന്നത് എന്നെ അങ്ങേയറ്റം അസ്വസ്ഥയാക്കി. കൈ മാറ്റാൻ ഞാൻ ആവശ്യപ്പെട്ടെങ്കിലും അവർ അത് ഗൗനിക്കാൻ തയ്യാറായില്ല. വളരെ സ്വാഭാവികമായിട്ടാണ് അവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്നത് ഞെട്ടിക്കുന്നതാണ്," മൗനി കുറിച്ചു.

ജനക്കൂട്ടത്തിൽ നിന്നും എങ്ങനെയോ രക്ഷപ്പെട്ട് വേദിയിലെത്തിയ ശേഷവും അതിക്രമം തുടർന്നുവെന്ന് താരം വെളിപ്പെടുത്തി. സ്റ്റേജിന് മുന്നിൽ നിന്നിരുന്ന രണ്ട് പേർ തനിക്ക് നേരെ തുടർച്ചയായി അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും അസഭ്യം പറയുകയും ചെയ്തു. താൻ അവരോട് ആംഗ്യത്തിലൂടെ വിലക്കിയിട്ടും പരിഹാസത്തോടെ റോസാപ്പൂക്കൾ തന്റെ നേരെ എറിയുകയായിരുന്നു അവർ ചെയ്തത്. കൂടാതെ, സ്റ്റേജ് ഉയരത്തിലായിരുന്നതിനാൽ താഴെ നിന്നിരുന്ന ചിലർ തന്റെ വിഡിയോ മോശം ആംഗിളിൽ പകർത്തിയെന്നും ഇത് ചോദ്യം ചെയ്തവരെ അവർ അസഭ്യം പറഞ്ഞെന്നും താരം ആരോപിച്ചു. മാനസികമായി തളർന്ന താരം പരിപാടിക്കിടയിൽ സ്റ്റേജ് വിട്ടുപോയെങ്കിലും പിന്നീട് തിരികെയെത്തി പെർഫോമൻസ് പൂർത്തിയാക്കുകയായിരുന്നു.
താൻ നേരിട്ടത് കേവലം ഒരു മോശം അനുഭവമല്ല, മറിച്ച് ആസൂത്രിതമായ ഒരു അതിക്രമമാണെന്നാണ് മൗനി റോയിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഒരു പ്രൊഫഷണൽ എന്ന നിലയിൽ താൻ തന്റെ ജോലി പൂർത്തിയാക്കിയെങ്കിലും സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെ താരം രൂക്ഷമായി വിമർശിച്ചു. താൻ അപമാനിക്കപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്നവർ നിശബ്ദരായി നോക്കിനിന്നത് തന്നെ കൂടുതൽ വേദനിപ്പിച്ചു.
ഇത്രയും വലിയൊരു വേദിയിൽ ഒരു പ്രശസ്ത താരം പോലും സുരക്ഷിതയല്ലെങ്കിൽ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന വലിയ ചോദ്യം ഉയർത്തിയാണ് മൗനി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. കുറ്റക്കാർക്കെതിരെ ഹരിയാന പൊലീസും സർക്കാരും കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ഇതിനോടകം ശക്തമായിക്കഴിഞ്ഞു.












Click it and Unblock the Notifications