"വിവാഹിതന്റെ വേഷം ചെയ്യരുതെന്ന് മുകേഷേട്ടനോട് ജ്യോത്സ്യൻ പറഞ്ഞു, ചാക്കോച്ചന്റെ അച്ഛൻ കഥ മാറ്റാൻ പറഞ്ഞു"
മലയാള സിനിമയിലെ പ്രമുഖ നടന്മാരാണ് മുകേഷും കുഞ്ചാക്കോ ബോബനും. രണ്ട് പതിറ്റാണ്ട് മുൻപ് ഇരുവരും ഒന്നിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ജൂനിയർ സീനിയർ. ചിത്രം സംവിധാനം ചെയ്‌തത് ജി ശ്രീകണ്ഠനായിരുന്നു. ഇപ്പോഴിതാ ഇതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയുടെ കഥ മാറ്റേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും അദ്ദേഹം തുറന്നുസംസാരിച്ചു.
ജി ശ്രീകണ്ഠന്റെ വാക്കുകൾ
ദോസ്‌ത് എന്ന് പറയുന്നൊരു സിനിമ നടക്കുന്ന സമയത്താണ് എനിക്കൊരു പ്രോജക്റ്റ് വരുന്നത്. അന്നൊരു സബ്‌ജക്റ്റ് ഡിസ്‌കസ് ചെയ്യുകയും അതെനിക്ക് നന്നായി ഇഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു. മുകേഷേട്ടനും ചാക്കോച്ചനും നല്ല പ്രാധാന്യമുള്ള ഒരു കഥകളായിരുന്നു. അങ്ങനെ കഥ ഡെവലപ്പ് ചെയ്‌തു. രാജൻ കിരിയത്ത് ആയിരുന്നു എഴുതിയത്. അദ്ദേഹം നന്നായി എഴുതിയിരുന്നു. ആലുവ പാലസിൽ ഇരുന്നാണ് സ്ക്രിപ്റ്റ് എഴുതിയത്.

അങ്ങനെ ഫൈനൽ ആയപ്പോൾ കുഞ്ചാക്കോ ബോബന്റെ അച്ഛനോട് ഒന്ന് വായിച്ചു കേൾപ്പിക്കുന്ന രീതി ഉണ്ടായിരുന്നു. അദ്ദേഹം അപ്പോൾ സ്ട്രോക്ക് ഒക്കെ വന്ന് വീട്ടിൽ ഇരിക്കുന്ന കാലമായിരുന്നു. സ്വാഭാവികമായും പടം തുടങ്ങുന്നതിന്റെ ഒരാഴ്‌ച മുൻപാണ് ഇത് ചെയ്യുന്നത്. കഥയൊക്കെ മുകേഷേട്ടനോടും ചാക്കോച്ചനോടും പറഞ്ഞിരുന്നു. ഹീറോ എന്ന നിലയിൽ ചാക്കോച്ചനായിരുന്നു. പ്രധാനപ്പെട്ട കഥാപാത്രമായി മുകേഷേട്ടനും.
അങ്ങനെ ചാക്കോച്ചന്റെ വീട്ടിൽ പോവുന്നു, അദ്ദേഹത്തിന്റെ അച്ഛനോട് കഥ പറയുന്നു. അതൊരു ചടങ്ങായിരുന്നു. എന്തോ കാരണമൊന്നും അറിയില്ല. അദ്ദേഹത്തിന്റെ മൂഡ് പ്രശ്‌നമായിരിക്കാം, അദ്ദേഹത്തിന് കഥയിൽ എന്തോ ഒരു ചെറിയ താൽപര്യ കുറവ് തോന്നി. അപ്പോഴൊന്നും പറഞ്ഞില്ല, ഞങ്ങൾ ഇങ്ങ് പോരുകയും ചെയ്‌തു. ചാക്കോച്ചന് അച്ഛൻ എന്ന് പറഞ്ഞാൽ ഭയങ്കര സെന്റിമെൻസ് ആയിരുന്നു. പ്രത്യേകിച്ച് അദ്ദേഹം അസുഖം ഒക്കെയായിട്ട് ഇരിക്കുന്നത് കൊണ്ട്.
അപ്പോഴാണ് ചാക്കോച്ചൻ പറയുന്നത് അതൊന്നും മാറ്റി പിടിക്കാമോ എന്ന്. നമ്മൾ വെട്ടിലായി, കാര്യം എല്ലാവരും റെഡിയാണ്. മീനാക്ഷിയും സെക്കൻഡ് ഹീറോയിനും ഹരിശ്രീ അശോകൻ, മുകേഷേട്ടൻ എല്ലാവരും റെഡിയാണ്. പക്ഷേ അച്ഛൻ ഇങ്ങനെയൊരു വാക്ക് പറഞ്ഞത് കൊണ്ട് ആ പടം മുന്നോട്ട് കൊണ്ട് പോവാൻ ചാക്കോച്ചന് മനസില്ല. പുള്ളിയും ഭയങ്കര ദൈവ വിശ്വാസിയും സെന്റിമെൻസ് ഒക്കെ ഉള്ളയാളാണ്.
പെട്ടെന്ന് കഥ മാറ്റിയപ്പോൾ ചില കാര്യങ്ങൾ നഷ്‌ടപ്പെട്ടുപോയിരുന്നു. വെറുമൊരു ആഴ്‌ച കൊണ്ടാണ് അത് മാറ്റിയെഴുതിയത്. മറ്റൊരു കഥയുടെ ഐഡിയയിൽ നിന്ന് എടുക്കേണ്ടി വന്നു. ഒരിക്കലും ഇതൊരു കുറ്റപ്പെടുത്തൽ അല്ല. രണ്ട് പേരും ഡിസ്‌കസ് ചെയ്‌തത് പ്രകാരം രണ്ട് പേരും ബാച്ചിലർമാർ ആയിരുന്നു. ചാക്കോച്ചനും മുകേഷേട്ടനും അങ്ങനെയായിരുന്നു. ആ ഒരു കഥയാണ് ഞങ്ങൾ ആദ്യം ചെയ്യാതിരുന്നത്.
ചാക്കോച്ചന്റെ അച്ഛൻ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞപ്പോൾ, പുള്ളി അതിൽ ഉറച്ച് നിന്നതോടെ സെന്റിമെൻസ് ഇഷ്യൂ പറഞ്ഞത് കൊണ്ട് നമുക്ക് അതിൽ നിന്ന് മാറാതെ പറ്റില്ല എന്നായി. ചാക്കോച്ചനാണ് ഞങ്ങളുടെ മെയിൻ ഹീറോ. കഥയുടെ ഗതി മാത്രമായിരുന്നു തീരുമാനിച്ചു വച്ചിരുന്നത്. ഡയലോഗ്‌സ് ഒക്കെ നമുക്ക് ഓൺ ദി സ്പോട്ടിൽ ചെയ്യാമല്ലോ.
അങ്ങനെ നമ്മൾ കഥ മാറ്റിയതാണ്, ജൂനിയർ സീനിയർ എന്ന സിനിമ. അത് ഞങ്ങൾ ഒരു ഹിന്ദി സിനിമയിൽ നിന്ന് എടുത്തതാണ് കഥ. നമ്മളൊരു പാക്കിംഗ് ഉണ്ടാക്കി വച്ചിട്ട് അതിൽ വേറെ സാധനം നിറയ്‌ക്കേണ്ട അവസ്ഥ ആയിരുന്നു. ലൗ ആൻഡ് ലാഫ് എന്നതായിരുന്നു ആദ്യത്തെ കൺസപ്റ്റ്, ഹ്യൂമറിനും പ്രേമത്തിനും ഒക്കെ പ്രാധാന്യമുള്ള സംഭവമായിരുന്നു. എന്തുകൊണ്ട് ആദ്യത്തേത് വേണ്ടെന്ന് പറഞ്ഞുവെന്നത് ഞങ്ങൾ ചോദിച്ചിട്ടില്ല.
രണ്ടാമത് ചാക്കോച്ചന്റെ അച്ഛനെ വായിച്ചു കേൾപ്പിച്ചിട്ടില്ല. പടം കറക്റ്റ് സമയത്ത് മാറ്റിയിരുന്നു. മുകേഷേട്ടനോട് പറഞ്ഞിരുന്നു. കഥ മാറി വന്നപ്പോൾ മുകേഷേട്ടൻ വിവാഹിതനായിരുന്നു. ചാക്കോച്ചൻ ബാച്ചിലറും. മുകേഷേട്ടൻ എന്നെ കാറിൽ കയറ്റി കൊണ്ടുപോയി, എന്നിട്ട് പറഞ്ഞു ഞാനൊരു ജ്യോത്സ്യനെ കണ്ടു, അദ്ദേഹം പറഞ്ഞത് ഈ സമയത്ത് വിവാഹിതനായ ക്യാരക്റ്റർ ചെയ്യേണ്ട എന്നായിരുന്നു. പക്ഷേ ഞാൻ പുള്ളിയോട് കാര്യം പറഞ്ഞു. പിന്നീട് അദ്ദേഹം എതിർത്തില്ല, ഏറ്റവും നന്നായി കൂടുതലായി സഹകരിച്ചു.














Click it and Unblock the Notifications