ദിലീപ് അവിടെ ഉറങ്ങുകയായിരുന്നു, പുറത്തിറങ്ങി വാര്‍ത്ത കണ്ട് ഞെട്ടി; വെറുതെ വിട്ടാല്‍ ആര് നഷ്ടം നികത്തും
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നടിയെ പിന്തുണച്ചും ദിലീപിനെ പിന്തുണച്ചും രണ്ട് വിഭാഗമായി സിനിമാ മേഖല തിരിഞ്ഞിരുന്നു. പലരും പ്രതികരിക്കാന്‍ മടിച്ചു. ചിലര്‍ എവിടെയും തൊടാതെ പ്രതികരിച്ചു. കോടതി തീരുമാനിക്കട്ടെ എന്ന മറുപടിയില്‍ ഒതുക്കിയവരുമുണ്ട്. എന്നാല്‍ പല ഘട്ടത്തിലും ദിലീപിനെ പിന്തുണച്ച് സംസാരിച്ച വ്യക്തമായാണ് ബിഗ് ബോസ് വിന്നറായ നടന്‍ അഖില്‍ മാരാര്‍.
ദിലീപ് ഈ കുറ്റകൃത്യം ചെയ്തുവെന്ന് എങ്ങനെ വിശ്വസിക്കുമെന്നായിരുന്നു അഖില്‍ മാരാരുടെ ചോദ്യം. ഇത്രയും ക്രൂരമായ കാര്യം ചെയ്താല്‍ ഭാവി നശിക്കുമെന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടാകില്ലേ എന്നും അഖില്‍ ചോദിക്കുന്നു. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ട് എന്നതിനായി ഹാജരാക്കിയ ഫോട്ടോ പോലും വ്യാജമായിരുന്നു എന്ന അഭിപ്രയാമാണ് അഖിലിന്.

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസിലെ ഒന്നാം പ്രതിയില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ദിലീപിനെ പ്രതി ചേര്‍ത്തത്. പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ തെറ്റ് ചെയ്ത ആളാണെങ്കില്‍ ദിലീപ് നേരിട്ട് ചെല്ലുമോ എന്ന ചോദ്യവും അഖില്‍ മാരാര്‍ പങ്കുവച്ചു. വെറുതെ വിട്ടാല്‍ ദിലീപിനുണ്ടായ നഷ്ടം ആര് നികത്തുമെന്നും അഖില്‍ ചോദിക്കുന്നു.
ഓടുന്ന കാറില്‍ വച്ച് ആക്രമിച്ച് ദൃശ്യം പകര്‍ത്തുക എന്നതായിരുന്നു ക്വട്ടേഷന്‍ എന്നാണ് പറയപ്പെടുന്നത്. ഓടുന്ന കാറില്‍ വച്ച് ഇത് സാധിക്കുമോ, ഇരുട്ടില്‍ ദൃശ്യം വ്യക്തമാകുമോ, തടയാന്‍ ശ്രമിക്കുമ്പോള്‍ വാഹനം എവിടെയെങ്കിലും ഇടിക്കാന്‍ സാധ്യതയില്ലേ. തുടങ്ങിയ സംശയങ്ങളും അഖില്‍ മാരാര്‍ മൂവി വേള്‍ഡ് മീഡിയക്ക് അനുവദിച്ച അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
നാദിര്‍ഷയോട് പോലീസ് പറഞ്ഞത്
ദിലീപിനൊപ്പം ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം സംവിധായകന്‍ നാദിര്‍ഷയെയും വിളിപ്പിച്ചിരുന്നു. അടുത്ത ദിവസം ദിലീപിനെ മാത്രം വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നടന്നിട്ടില്ലെന്ന് അഖില്‍ പറയുന്നു. കുറച്ചു നേരം മത്രമായിരുന്നു ചോദ്യം ചെയ്യല്‍. ബാക്കി സംസാരിച്ചിരിക്കുകയും കിടന്നുറങ്ങുകയുമായിരുന്നു. പുറത്തിറങ്ങി വാര്‍ത്ത കണ്ടപ്പോള്‍ ഞെട്ടിയെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ടെന്നും അഖില്‍ പറയുന്നു.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തി, മലയാള സിനിമയെ തന്നെ കൈയ്യിലൊതുക്കാവുന്ന തന്ത്രങ്ങള്‍ അറിയുന്ന വ്യക്തി ഇത്തരം കാര്യം ചെയ്യില്ല എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ഒന്നര കോടിക്ക് ക്വട്ടേഷന്‍ വാങ്ങി 10000 രൂപ അഡ്വാന്‍സ് വാങ്ങി ഏറ്റ ജോലി ചെയ്യുന്ന ഗജഫ്രോഡ് അല്ലേ കൃത്യം ചെയ്യുന്നവന്‍. പള്‍സര്‍ സുനി ആര്‍ക്ക് വേണ്ടി ചെയ്‌തോ അവരെ കണ്ടെത്തണം എന്നും അഖില്‍ മാരാര്‍ പറയുന്നു.
അമേരിക്കയിലുള്ളപ്പോള്‍ നാദിര്‍ഷയെ പോലീസ് വിളിച്ചു. ചോദ്യം ചെയ്യണമെന്ന് പറഞ്ഞു. ദിലീപിന് എന്തെങ്കിലും കൈയ്യബദ്ധം പറ്റിയെങ്കില്‍ അവന്‍ എന്നോട് പറയും. ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ലെന്ന് നാദിര്‍ഷ പോലീസിനെ അറിയിച്ചു. ഒരു കൈയ്യബദ്ധം പറ്റിയിട്ടുണ്ട്, ബാക്കി കാര്യം നീ വരുമ്പോള്‍ സംസാരിക്കാമെന്ന് ദിലീപ് പറഞ്ഞുവെന്ന് നാദിര്‍ഷ ഒരു മൊഴി തന്നാല്‍ മതി എന്നാണത്രെ പോലീസ് ആവശ്യപ്പെട്ടത്. നാദിര്‍ഷ തന്നെയാണ് തന്നോട്ട് ഇക്കാര്യം പറഞ്ഞതെന്നും അഖില്‍ മാരാര്‍ പറയുന്നു.












Click it and Unblock the Notifications