കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയമാണ് മഹാരാജാസ്...

  • By Staff
Google Oneindia Malayalam News

പ്രണയം മൊട്ടിടുന്ന കാലത്താണ് നാം കലാലയത്തിലേയ്ക്കു വരുന്നത്. പ്രണയകാലത്തിന്റെ അന്തരീക്ഷമാണ് ഇവിടെ എന്നും നിലനില്‍ക്കുന്നത്. ഇവിടെ വന്നിട്ടുള്ള ഓരോരുത്തരും പ്രണയിച്ചിട്ടുണ്ട്. ഈ കോര്‍ണറുകളിലും മരച്ചുവടുകളിലും ഒത്തിരി പേര്‍ പ്രണയാതുരരായി ഇരുന്നിട്ടുണ്ട്. ചിലതെല്ലാം പുഷ്പിച്ചു. ചിലതെല്ലാം കരിഞ്ഞു. ചിലതെല്ലാം പടര്‍ന്ന് പന്തലിച്ച് വടവൃക്ഷങ്ങളായി. പ്രണയം പുരുഷനുംസ്ത്രീയും തമ്മില്‍ മാത്രമാകണമെന്നില്ല. സാര്‍വത്രികമായ കാല്‍പനിക ഭാവമാണത്... പറയുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി. പൂര്‍വകലാലയമായ എറണാകുളം മഹാരാജാസ് കോളേജിന്റെ മുറ്റത്ത് നിന്നാണ് മമ്മൂട്ടി പ്രണയത്തെക്കുറിച്ച് പറഞ്ഞത്. മഹാരാജാസിന്റെ ചരിത്രപുസ്തകമായ മഹാരാജാസിന് പ്രണയപൂര്‍വം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രണയമാണ് മഹാരാജാസ് ...ഈ കലാലയത്തെ തൊട്ടറിയാന്‍ മനസില്‍ പ്രണയബോധം വേണം- മമ്മൂട്ടിയുടെ മനസില്‍ മഹാരാജാസിനോടുള്ള പ്രണയം മഴയായി പെയ്തിറങ്ങിപ്പോള്‍ കലാലയമുറ്റത്തെ പ്രൗഡമായ സദസും അതിനോട് താദാത്മ്യം പ്രാപിക്കുകയായിരുന്നു...

ഫിബ്രവരി 22 വ്യാഴാഴ്ച രവി കുറ്റിക്കാട് എഴുതിയ മഹാരാജാസിന് പ്രണയപൂര്‍വം സതീര്‍ത്ഥ്യനും എറണാകുളം ജില്ലാ കളക്ടറും പൂര്‍വവിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റുമായ കെ ആര്‍ വിശ്വംഭരന് ആദ്യപ്രതി നല്‍കിക്കൊണ്ട് മമ്മൂട്ടി പ്രകാശനം ചെയ്തു. എന്തിനെയും സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും കരുത്തുള്ള കലാലയമാണ് മഹാരാജാസ് കോളേജെന്ന് മമ്മൂട്ടി പറഞ്ഞു. ഭാരതസംസ്കാരത്തിന്റെ ചെറുപതിപ്പാണിത്. ഈ കലാലയത്തെ തൊട്ടറിയാന്‍ മനസില്‍ പ്രണയബോധം വേണം...

മഹാരാജാസിലെ പഠനം തന്റെ അഭിമാനമായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. മൂന്ന് വര്‍ഷം ഞാനിവിടെ അറബിക് വിദ്യാര്‍ത്ഥിയായിരുന്നു, അതിന് ശേഷം തൊട്ടടുത്തുള്ള ലോ കോളേജില്‍ വിദ്യാര്‍ത്ഥിയായത് പോലും വീണ്ടും ഇവിടെ വരാനായിരുന്നു. മഹാരാജാസിനോടുള്ള പ്രണയം ഇതുവരെയും പുസ്തകമാക്കാനുള്ള ഭാഗ്യം ആര്‍ക്കുമുണ്ടായില്ല. രവി കുറ്റിക്കാട് ആ നിര്‍ഭാഗ്യം തിരുത്തിക്കുറിച്ചു.മഹാരാജാസിന്റെ പുതിയ ചരിത്രങ്ങളില്‍ പുതിയ പ്രണയപര്‍വങ്ങളില്‍ എടുത്തുപറയത്തക്ക ഏടുകളുടെ ഉടമകളായി പുതിയ തലമുറ മാറട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു.

മഹാരാജാസിന്റെ മുറ്റത്ത് വീണ്ടും ഒരു പൂക്കാലം വന്നിരിക്കുകയാണെന്ന് ആശംസാപ്രസംഗത്തില്‍ പ്രഫ. എം എന്‍ വിജയന്‍ പറഞ്ഞു. ഇവിടെ വന്നിട്ടുള്ള വൃദ്ധര്‍ ഈ മരക്കൊമ്പുകളില്‍ ഊഞ്ഞാല്‍ കെട്ടാനും ഊഞ്ഞാലാടാനും ആഗ്രഹിക്കുന്നുണ്ടാകും. ഈ കലാലയം അവരില്‍ മദ്യമാണ്. അവര്‍ ചെറുപ്പക്കാരും പ്രണയാതുരരുമായി മാറുകയാണിവിടെ...

മഹാരാജാസില്‍ വിദ്യാര്‍ത്ഥിയായതോടെ ചരിത്രത്തിന്റെ ഭാഗമായി താന്‍ മാറുകയാണെന്ന ബോധം തന്നിലുണര്‍ന്നതായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. അഭയാര്‍ത്ഥിയും ഭിക്ഷാംദേഹിയുമായി നക്സലിസത്തിന്റെ അനുയായിയായാണ് ഞാനിവിടെ വന്നത്. പരാജയപ്പെട്ട തലമുറയുടെയും സന്ദേശത്തിന്റെയും പ്രതിനിധിയാണ് ഞാന്‍. ചവിട്ടിയമര്‍ത്തപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട സന്ദേശത്തിന്റെ പ്രതിനിധിയായ ഞാന്‍ ധാര്‍ഷ്ട്യത്തോടെ പറയുന്നു- എത്ര മഹത്തായ പരാജയം...മഹാരാജാസില്‍ 25 വര്‍ഷംമുമ്പ് താന്‍ ആദ്യമായി ചൊല്ലിയ യാത്രാമൊഴി ചുള്ളിക്കാട് സദസിനു മുമ്പാകെ ആലപിച്ചു.

മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടന സംഘടിപ്പിച്ച ചടങ്ങില്‍ സ്വാതന്ത്യ്രസമരസേനാനി പി ബാലഗംഗാധരമേനോന്‍ അധ്യക്ഷനായിരുന്നു. ഡോ. കെ. എസ്.രാധാകൃഷ്ണന്‍ പുസ്തകം സദസിനു പരിചയപ്പെടുത്തി. മുന്‍ മന്ത്രി വി. വിശ്വനാഥമേനോന്‍, വയലാര്‍ രവി, പ്രിന്‍സിപ്പല്‍ കെ. ജയന്ത, മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ടി.ടി. ശിവരാജ് എന്നിവരും സംസാരിച്ചു. മമ്മൂട്ടിക്ക് കോളേജിന്റെ വകയായ പ്രശംസാപത്രം കവയിത്രി വിജയലക്ഷ്മി വായിച്ചു. കോളേജ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും പത്രപ്രവര്‍ത്തകനുമായ കെ.എം. റോയിയായിരുന്നു പരിപാടിയുടെ അവതാരകന്‍.

മഹാരാജാസ് കോളേജിന്റെ 125-ാം വര്‍ഷത്തില്‍ സംഘടിപ്പിച്ച ചടങ്ങിന് സാക്ഷ്യമാകാന്‍ കഴിഞ്ഞ അമ്പതു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും പഠിച്ചിറങ്ങിയ നിരവധി പേര്‍ എത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X