കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളി നല്‍കുന്ന പാഠം

  • By Staff
Google Oneindia Malayalam News

മലയാളത്തില്‍ ആദ്യമായി ഏഷ്യാനെറ്റ് എന്ന പേരില്‍ ഒരു സ്വകാര്യചാനല്‍ തുടങ്ങുമ്പോള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഒരു പരീക്ഷണമെന്ന നിലയിലാണ് ആ സംരംഭത്തിന്റെ റിസ്ക് ഏറ്റെടുത്തത്. ഏഷ്യാനെറ്റിനു ശേഷം രണ്ടു ചാനലുകള്‍ കൂടി മലയാളത്തില്‍ ആരംഭിച്ചു. ഇനിയും ചാനലുകള്‍ വരാനിരിക്കുന്നു.

ഏഷ്യാനെറ്റ് തുടങ്ങി വെച്ച വഴിയെ ഇപ്പോള്‍ വരാന്‍ പോകുന്ന ഇന്ത്യാവിഷനും ജീവന്‍ ടിവിയുമൊക്കെ ചാനല്‍ രംഗത്തെ കൂടുതല്‍ മത്സരോന്മുഖമാക്കുമെന്ന് തീര്‍ച്ച. എന്നാല്‍ ഏറ്റവും ഒടുവില്‍ മൂന്നാമതായി രംഗത്തെത്തിയ കൈരളി ചാനലിന്റെ ദുര്‍ഗതി പുതുതായി രംഗത്തെത്താന്‍ പോവുന്ന ചാനലുകളെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് തീര്‍ച്ച.കൈരളി ചാനല്‍ രംഗത്തെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനിടയില്‍ 7.29 കോടി രൂപയാണ് ചാനലിന് നഷ്ടം നേരിടേണ്ടിവന്നത്. ചാനല്‍ തുടങ്ങിയതിനു ശേഷമുള്ള മൂന്ന് വര്‍ഷത്തിനു ശേഷം ലാഭത്തിലാക്കാനാവും എന്നാണ് ചാനല്‍ മാനേജ്മെന്റ് അവകാശപ്പെടുന്നതെങ്കിലും ഒരു വര്‍ഷം മാത്രം പൂര്‍ത്തിയായ ഒരു ചാനലിന് ഇത്രയും നഷ്ടം നേരിടേണ്ടിവന്നുവെന്നത് ആശാവഹമല്ലാത്ത സംഗതിയാണ്.

നൂറു കോടിയോളം രൂപയാണ് പരസ്യഇനത്തില്‍ മലയാള ചാനലുകള്‍ക്ക് വരുമാനമായി ലഭിക്കുന്നത്. ഇതില്‍ വെറും 12 കോടി രൂപ മാത്രമാണ് കൈരളിക്ക് ലഭിക്കുന്നത്. ഏഷ്യാനെറ്റ് നേടുന്നത് 35 കോടിയിലേറെ രൂപയാണ്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കൈരളി സംഘാടകരുടെ മുന്നില്‍ ഇനിയങ്ങോട്ട് കനത്ത വെല്ലുവിളികളാണെന്നാണ്.

വേറിട്ടൊരു ചാനല്‍ എന്ന മുദ്രാവാക്യവുമായാണ് കൈരളി ചാനല്‍രംഗത്ത് രംഗപ്രവേശം ചെയ്തത്. എന്നാല്‍ മറ്റു ചാനലുകള്‍ക്ക് വെല്ലുവിളിയെന്ന മട്ടില്‍ തുടങ്ങിയ സിപിഎം ചാനലിന് പറയത്തക്ക വ്യത്യാസങ്ങളൊന്നും പ്രകടിപ്പിക്കാനായില്ല. ദൂരദര്‍ശന്‍ പരിപാടികളില്‍ നിന്ന് വ്യത്യസ്തമായ ഒരു രീതി കൊണ്ടുവന്ന ഏഷ്യാനെറ്റിനു പിന്നാലെ പോവുകയാണ് സൂര്യ ചെയ്തതെങ്കില്‍ ഇരുചാനലുകള്‍ക്കും പിന്നാലെ പോവുകയായിരുന്നു കൈരളി.

മെഗാസീരിയലുകളുടെയും ചലച്ചിത്രാധിഷ്ഠിതപരിപാടികളുടെയും കാര്യത്തില്‍ ഉള്ളടക്കത്തില്‍ എന്തെങ്കിലും വ്യത്യസ്തത പുലര്‍ത്താന്‍ കൈരളി ചാനലിന് കഴിഞ്ഞില്ല.പുതുമയുണ്ടെന്ന് പറയാവുന്ന രണ്ടോ മൂന്നോ പരിപാടികളൊഴിച്ചാല്‍ കൈരളിയും മറ്റ് രണ്ടു ചാനലുകളുടെയും തന്നെയാണ് പരിപാടികളുടെ കാര്യത്തില്‍ സ്വീകരിച്ചത്. ടിആര്‍പി റേറ്റിംഗ് കൂട്ടാന്‍ കൂടുതല്‍ പ്രേക്ഷകരുള്ള പരിപാടികള്‍ അവതരിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കൈരളി സംഘാടകര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.

തുടക്കത്തില്‍ വ്യത്യസ്തത പുലര്‍ത്താന്‍ നേരിയ ചില ശ്രമങ്ങള്‍ കൈരളി നടത്തിയിരുന്നു. ഏഴു ദിവസം കൊണ്ടു പൂര്‍ത്തിയാവുന്ന സിനിമ, വ്യത്യസ്തശൈലിയിലുള്ള ഫീച്ചറുകള്‍ ഇവയൊക്കെ അത്തരമൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും പരസ്യക്കാരുടെ റേറ്റിംഗില്‍ തങ്ങള്‍ മുകളിലേക്ക് വരാന്‍ സഹായിക്കില്ലെന്ന് കൈരളിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ബോധ്യമാവുകയായിരുന്നു.

ചാനല്‍ എന്ന നിലയില്‍ വ്യത്യസ്തമാവാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും സാമ്പത്തികവിജയം നേടുക എന്നാണ് കൈരളി സംഘാടകരുടെ ഇപ്പോഴത്തെ ലക്ഷ്യം. കൈരളി നേരിടുന്ന വെല്ലുവിളി വരാന്‍ പോകുന്ന ചാനലുകള്‍ക്കും പാഠമാണ്. പരിപാടികളിലെ പുതുമയേക്കാള്‍ അവരുടെയും ലക്ഷ്യവും സാമ്പത്തികവിജയം തന്നെയാവാനേയിടയുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X