കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയ്പോളിന്റെ ദുരന്തം

  • By Staff
Google Oneindia Malayalam News

നോബല്‍ സമ്മാനത്തിന് രാഷ്ട്രീയമുണ്ടെന്നതില്‍ സംശയമില്ല. എല്ലാ കാലത്തും അമേരിക്കയുടെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെയും ആശയങ്ങളെയും രാഷ്ട്രീയനീക്കങ്ങളെയും അനുകൂലിക്കുന്ന എഴുത്തുകാരെ നോബല്‍ സമ്മാനത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് പതിവാണ്. മുന്‍പ് കമ്മ്യൂണിസം നിറഞ്ഞിരുന്ന കാലത്ത് കമ്മ്യൂണിസ്റ് വിരുദ്ധസാഹിത്യകാരന്മാര്‍ക്ക് പതിവായി നോബല്‍ സമ്മാനം നല്കിയിരുന്നു. നിഷ്പക്ഷതയുടെ മുഖംമൂടിക്ക് വേണ്ടി ഇടയ്ക്ക് പേരിന് നല്ല എഴുത്തുകാര്‍ക്കും നോബല്‍സമ്മാനം നല്കുന്നുവെന്നു മാത്രം. അങ്ങിനെ വല്ലപ്പോഴും ഗബ്രിയേല്‍ ഗാര്‍സ്യമാര്‍ക്വേസും ജോ സരമാഗോയും ആദരിക്കപ്പെടുന്നു.

ഇന്ന് കമ്മ്യൂണിസമില്ല. അത് എല്ലായിടത്തും പാടെ തകര്‍ന്നു. ശത്രുക്കളില്ലാതെ അമേരിക്കയ്ക്കും യൂറോപ്യന്‍ ശക്തികള്‍ക്കും നിലനില്ക്കാന്‍ കഴിയില്ലെന്നുറപ്പാണ്. ഇപ്പോള്‍ അവര്‍ വളര്‍ത്തിയെടുത്ത പുതിയ ശത്രു ഇസ്ലാമിക ഭീകരതയാണ്. ഇസ്ലാമിക ഭീകരതയ്ക്കെതിരായ യുദ്ധത്തിന് അവര്‍ നോബല്‍ സമ്മാനത്തെയും കരുവാക്കുകയാണോ എന്ന സംശയം സാഹിത്യലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണിന്ന്.

വി.എസ്. നയ്പോളിന് നല്കപ്പെട്ട സാഹിത്യത്തിനുള്ള ഇത്തവണത്തെ നോബല്‍ സമ്മാനം അതുവഴി ഒരു വിവാദസമ്മാനമായി മാറിയിരിക്കുന്നു.

1932 ആഗസ്ത് 17ന് ട്രിനിഡാഡില്‍ ജനിച്ച വിദ്യാധര്‍ സുരാജ് പ്രസാദ് നൈപോള്‍ 1950 മുതല്‍ ഇംഗ്ലണ്ടിലാണ് താമസം. വടക്കേ ഇന്ത്യയില്‍ നിന്നും ട്രിനിഡാഡിലേക്ക് കുടിയേറിയവരാണ് നയ്പോളിന്റെ അച്ഛനമ്മമാര്‍. പൈതൃകമായി യാതൊന്നും സ്വന്തമായി അവകാശപ്പെടാനില്ലാത്ത നയ്പോള്‍ വേരുകളുമില്ലാത്ത ഒരു അഭയാര്‍ത്ഥിയെപ്പോലെയായിരുന്നു. അതുകൊണ്ടായിരിക്കും എന്നും നയ്പോള്‍ അലയാന്‍ ഇഷ്ടപ്പെട്ടു. സ്വന്തം അനുഭവങ്ങളുടെ ചൂടില്‍ നിന്നാണ് അദ്ദേഹത്തിന്റെ കൃതികള്‍ ഓരോന്നും പിറന്നുവീണത്. 18 ാമത്തെ വയസ്സില്‍ കേംബ്രിഡ്ജില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തെഴുതിയ ദി മിസ്റിക് മെസയര്‍ എന്ന കൃതിയില്‍ നിന്നു തുടങ്ങുന്ന നയ്പോളിന്റെ സാഹിത്യരചനകളിലെല്ലാം സ്വന്തം ജീവിതമുണ്ട്. കോളനി ഭരണത്തിനുശേഷമുള്ള ബുദ്ധിമുട്ടുകളും പരിവട്ടങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളുടെയും അന്തഃസത്ത.

പക്ഷെ നയ്പോളിനെ ഒരു ശരാശരി എഴുത്തുകാരനായാണ് സാഹിത്യവിമര്‍ശകരില്‍ ഒരു വിഭാഗം കാണുന്നത്. നയ്പോളിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നല്കപ്പെട്ടത് അദ്ദേഹത്തിന്റെ ഇസ്ലാമിക വിരുദ്ധനിലപാട് മൂലമാണെന്ന വിമര്‍ശനം ആക്കംകൂടുകയാണ്. അമേരിക്കയും ബ്രിട്ടനുമടക്കമുള്ള പാശ്ചാത്യശക്തികള്‍ ഒസാമ ബിന്‍ ലാദനും ഇസ്ലാമിക തീവ്രവാദത്തിനും എതിരെ നീങ്ങുന്ന സമയമാണിതെന്നോര്‍ക്കണം.

ഇസ്ലാംമതത്തെ നേരിട്ട് പരാമര്‍ശിക്കുന്ന രണ്ട് രചനകളാണ് നയ്പോളിന്റെതായുള്ളത്. 1981ല്‍ എഴുതിയ എമങ്ങ് ദി ബിലിവേഴ്സ്: ഏന്‍ ഇസ്ലാമിക് ജേര്‍ണിയും 1998ല്‍ എഴുതിയ ബിയോണ്ട് ബിലീഫ്: ഇസ്ലാമിക് എസ്കര്‍ഷന്‍സ് എമങ് ദി കണ്‍വെര്‍ട്ടഡ് പീപ്പിളും. ഇതില്‍ എമങ് ദി ബിലീവേഴ്സില്‍ ഇസ്ലാമിന്റെ വിപല്‍ക്കരമായ സാന്നിധ്യത്തെ കൊളോണിയലിസത്തിന്റെ ക്രൂരതയോടാണ് നയ്പോള്‍ താരതമ്യം ചെയ്യുന്നത്. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ വ്യാപകമായി സന്ദര്‍ശനം നടത്തിയ ശേഷമാണ് നയ്പോള്‍ എമങ് ദി ബിലീവേഴ്സ് എഴുതിയത്. ഇസ്ലാം മറ്റ് സംസ്കാരങ്ങളെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നതായും നയ്പോള്‍ തന്റെ ഈ കൃതിയില്‍ തുറന്നുപറയുന്നു. കൊളോണിയസം അവര്‍ കടന്നാക്രമിക്കുന്ന ജനതയുടെ സംസ്കാരവും തനിമയും തുടച്ചുനീക്കുന്നതുപോലെത്തന്നെയാണ് ഇസ്ലാമും അവരുടെ ശത്രുക്കളെ കൈകാര്യം ചെയ്യുന്നതെന്നും നയ്പോള്‍ ഈ പുസ്തകത്തില്‍ പറയുന്നു. ഇസ്ലാമിന് വിതക്കാന്‍ കഴിയുന്ന നാശത്തിന്റെ ജീവിക്കുന്ന തെളിവായാണ് അദ്ദേഹം പാകിസ്ഥാന്‍ എന്ന രാജ്യത്തെ വിശേഷിപ്പിക്കുന്നത്.

എന്തായാലും നയ്പോളിന്റെ മറ്റു രചനകളുടെ മേന്മയെ കുറച്ചുകാണിക്കാനല്ല, ഇതെഴുതിയത്. നോബല്‍ സമ്മാനത്തിന് രാഷ്ട്രീയമുണ്ട്. അത് അമേരിക്കയുടെയും യൂറോപ്യന്‍ മേധാവികളുടെയും അപ്പപ്പോഴത്തെ രാഷ്ട്രീയഗൂഡപദ്ധതികളുമായും ബന്ധപ്പെട്ടിരിക്കുന്നു . അമേരിക്കയുടെയും സഖ്യശക്തികളുടെയും ഇസ്ലാം വിരുദ്ധയുദ്ധത്തില്‍ നയ്പോളിന്റെ രചനകളും സ്ഥാനം പിടിക്കും. ഇതുവഴി, നയ്പോള്‍ ഇസ്ലാംവിരുദ്ധ എഴുത്തുകാരന്‍ എന്ന ലേബലിലേക്ക് വെട്ടിച്ചുരുക്കപ്പെടുമെന്നുറപ്പ്. ഇസ്ലാമിനെതിരെ നയ്പോള്‍ കണ്ടെത്തിയ ദര്‍ശനങ്ങള്‍ എത്ര ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞതാണെങ്കിലും ശരി അവയ്ക്ക് അതര്‍ഹിക്കുന്ന വില ലഭിക്കാതെ പോകും. നയ്പോള്‍ എന്ന എഴുത്തുകാരന്റെ മറ്റു കൃതികളെക്കുറിച്ച് എല്ലാവരും മറക്കുകയും ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X