എഴുത്തഛന്‍ പുരസ്കാരം സമ്മാനിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ചന്‍ പുരസ്കാരം പ്രശസ്ത നോവലിസ്റ്റ് ഒ.വി.വിജയന് മുഖ്യമന്ത്രി എ.കെ. ആന്റണി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം എറ്റുവാങി.
പുരസ്കാരം എറ്റുവാങ്ങിക്കൊണ്ട് ഒ.വി.വിജയന്‍ ചെയ്ത പ്രസംഗത്തിന്റെ പൂര്‍ണ രൂപം:
ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു പരുക്കന്‍ ഫലിതമാണെന്ന തെറ്റിദ്ധാരണ അവശേഷിച്ചെന്നു വരാം. എങ്കിലും ഞാന്‍ അതു പറയട്ടെ.
നാമൊക്കെ വാകുകള്‍ പണിയുന്ന തച്ചന്മാരാണ്, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറുചുറ്റികകളും അലസമായി പണിചെയ്യുന്നു. വലിയ സന്ദേഹങ്ങളില്ലാതെ. സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം.
ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാകാതെ പോകുന്നത് തച്ചന്മാര്‍ തന്നെ.
ശബ്ദപാളികള്‍ ആഹ്ലാദത്തില്‍, ശക്തിയില്‍, അടര്‍ന്ന് ഘനതലങ്ങളില്‍ പതിക്കുമ്പോഴാണ് സാഹിതി ഉടലെടുക്കുന്നത്. ഈ ശബ്ദ പാളികള്‍ ഇന്ന് ദുര്‍ബലങ്ങളാണ്. അവയുടെ ഭൗതികാടിസ്ഥാനം തുളവീണുകിടക്കുകയാണിന്ന്. തുളവീണ ഭാഷ! ഓര്‍ത്തുനോക്കിയാല്‍ ഭയാനകം. തുളവീണ ഭാഷയില്‍ ചിന്തിച്ച് അരികു ഭാഷയില്‍ ചിന്തയില്ലാതെ ശബ്ദിച്ച്, വികലമായ ഇങ്കരിയസ്സിന്റെ കോമാളിമാലകളണിഞ്ഞ് ഗള്‍ഫന്‍ മണലില്‍ മുഖം നഷ്ടപ്പെടുമ്പോള്‍ അപമാനത്തിന്റെ തൃപ്തിചക്രം പൂര്‍ത്തിയാകുന്നു.
എന്റെ കുട്ടിക്കാലത്ത് ഒരു ഭാഷയുണ്ടായിരുന്നു. അത് ആകാശങ്ങളിലെ ദ്രാവിഡമായിരുന്നു. സുഖാലസ്യത്തില്‍ പുലരാന്‍ കാത്തുകിടന്ന കുട്ടികളെ ഈ ദ്രാവിഡം തൊട്ടുവിളിച്ചു. കൂടെ ഏതോ ആദിസംസ്കൃതത്തിന്റെ സരളതാളങ്ങളും.
കുട്ടി പുലരിപൊട്ടുന്നത് അറിയുന്നുവോ?
അറിയുന്നു.
തന്നിലേക്കു തന്നെ ഉള്‍വലിയുന്ന ശരീരത്തിന്റെ അമൃതാലസ്യമാണിത്. ആവതും നുണയൂ.
ഉഷസ്സന്ധ്യയില്‍ കുട്ടി ചിരിക്കുന്നു.
തന്നോടു സംസാരിച്ച ഗംഭീര സ്വരം എന്താണ്? ഏതോ സഹസ്രിമയുടെ വിരല്‍ത്താളം, കരമ്പനപ്പട്ടകളില്‍ കാറ്റുപിടിക്കുന്നതിന്റെ ശബ്ദമാണത്.
ചുരം കടന്ന് പാലക്കാട്ടേക്ക് വീശുന്ന കിഴക്കന്‍ കാറ്റ്.
ഇന്ന്-
കിഴക്കന്‍ കാറ്റില്ല. കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്റെ ഭാഷയുടെ സ്ഥായംവക കൊട്ടിയടങ്ങുന്നു. എന്റെ ഭാഷ, മലയാളം. എനിക്ക് എന്റെ ഭാഷയെ തിരിച്ചു തരിക.












Click it and Unblock the Notifications