കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ഗര്‍ജ്ജനം സ്വീകരിച്ചു, അവന്റെ വായ്ക്ക് ഞാനിരയായി...

  • By Aswathi
Google Oneindia Malayalam News

അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി...

എ അയ്യപ്പന്റെ പേന പിന്നെ ചലിച്ചില്ല. ചെന്നൈയില്‍ വച്ച് ആശാന്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ അവതരിപ്പിക്കാന്‍ വേണ്ടി സ്വന്തം കൈമടക്കില്‍ സൂക്ഷിച്ചിരുന്ന കവിതയാണിത്. 2010 ഒക്ടോബര്‍ 23ന് ചെന്നൈയില്‍ പുരസ്‌കാരം വാങ്ങാനിരിക്കെ 21 അയ്യപ്പന്‍ ലോകത്തോട് തന്നെ വിടപറഞ്ഞു. പോലീസിന്റെ ഫ്‌ലയിങ്ങ് സ്‌ക്വാഡ് വഴിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞത് മരണശേഷമാണ്. കവിയുടെ ഓര്‍മകള്‍ക്ക് ഇന്ന് (21-10-2014) നാല് വയസ്സ്.

പാറിപ്പറന്ന മുടി, മുഷിഞ്ഞ കുപ്പായം, എന്നും ചിരിക്കുന്ന മുഖം...കയ്പാര്‍ന്ന ജീവിതാനുഭവങ്ങളെ ആവിഷ്‌കരിച്ച് കവിതയ്ക്ക് പുത്തന്‍ ഭാവുകത്വം നല്‍കിയ കവി. പഴമകളെ പുതിക്കിയെടുക്കുന്ന രചനാശക്തി അയ്യപ്പന്റെ പേനകള്‍ക്കുണ്ട്. നേര്‍ത്തതും, എന്നാല്‍ വളരെ നോവുള്ളതുമാണ് അയ്യപ്പന്‍ കവിതകള്‍. ഹൃദയത്തിനേറ്റ മുള്ള് പോലെ അതെപ്പോഴും നമ്മുടെ ബോധമണ്ഡലത്തില്‍ നോവുകളുണ്ടാക്കും. മദ്യപാനായ അയ്യപ്പനെ ഒരിക്കലും അദ്ദേഹത്തിന്റെ കവിതകളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.

ജാതിപരമായ ഇമേജുകളെ കയറ്റിക്കൊണ്ടുപോകാനുള്ള വാഹനങ്ങളായിരുന്നു പലര്‍ക്കും കവിത. വൃത്തിയുള്ള ലോകങ്ങളില്‍ അവര്‍ വിരാജിച്ചു. അയ്യപ്പന്‍മാത്രം തെരുവില്‍നിന്നു. അത് ചരിത്രത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. എങ്ങനെയാണ് ഒരു മനുഷ്യന്‍ ജീവിക്കേണ്ടത് എന്നതിന്റെ ചില അടയാളങ്ങള്‍ അയ്യപ്പനിലുണ്ട്. മതം, ജാതി, സമ്പത്ത് ഇതൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. ഒരു കടലാസും പേനയുമുണ്ടെങ്കില്‍ ആര്‍ക്കും കവിതയെഴുതാം എന്ന് പഠിപ്പിച്ച കവിയാണ് അയ്യപ്പന്‍. മലയാള കവിതകണ്ട സമാനതകളില്ലാത്ത അസാധാരണ പ്രതിഭ.

1949 ഒക്ടോബര്‍ 27നു തിരുവനന്തപുരം ജില്ലയില്‍ നേമത്താണ് ജനനം. അയ്യപ്പന് ഒരു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സില്‍ അമ്മയും ആത്മഹത്യ ചെയ്തുമുതല്‍ തെരുവാണ് അയ്യപ്പന്റെ ലോകം. സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീ ഭര്‍ത്താവായ വി കൃഷ്ണന്റെയും സംരക്ഷണയിരുന്നു ബാല്യം. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010 ലെ കവിതയ്ക്കുള്ള ആശാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ayyappan

ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നാല് വര്‍ഷത്തോളം കണ്ണൂര്‍ ജില്ലയിലെ മരത്തണലില്‍ താമസിച്ച് അയ്യപ്പന്‍ കവിതകളെഴുതി. പലപ്പോഴും അയ്യപ്പന്‍ വിശപ്പാണ്. വിശപ്പിന്റെ വിശ്വരൂപം. വിശപ്പിനു മറക്കാന്‍ കഴിയുന്ന നേരും നന്മയും അയ്യപ്പന്റെ കവിതകളില്‍ നിഴലിക്കുന്നുണ്ട്. 'അത്താഴം' എന്ന കവിതയില്‍ ആ വിശപ്പുണ്ട്. തന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് കവി ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറഞ്ഞിരുന്നു.

...മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ....

English summary
A Ayyappan remembered on his fourth death anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X