ഒരു നാള്‍ അവനെ കിട്ടും: 2015 ലെ വ്യാജ വാർത്ത ഇപ്പോഴും വേട്ടയാടുന്നു; അല്‍ഫോണ്‍സ് പുത്രന്‍
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളുടെ കടന്ന് വരവോടെ ഒരു നിയന്ത്രണവുമില്ലാതെയാണ് വ്യാജ വാർത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. താന്‍ പടച്ച് വിടുന്ന വ്യാജ വാർത്തകള്‍ അത് അതുമായി ബന്ധപ്പെട്ട ആളെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നതിനെക്കുറിച്ചൊന്നും ചിന്തിക്കാതെ അവരുടെ വെറുമൊരു നേരം പോക്കിനായിരിക്കും ചിലർ വ്യാജ വാർത്തകള്‍ പടച്ച് വിടുക. എന്നാല്‍ ആ വ്യാജ വാർത്ത വർഷങ്ങള്‍ കഴിഞ്ഞാലും അതുമായി ബന്ധപ്പെട്ടവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും.
അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് അല്‍ഫോണ്‍സ് പുത്രനെ സംബന്ധിച്ചുള്ള ഒരു വ്യാജ വാർത്ത. വർഷങ്ങള്‍ക്ക് മുമ്പ് ആരോ പടച്ച് വിട്ട ഒരു വാർത്ത വർഷങ്ങള്‍ക്കിപ്പുറവും തന്നെ വേട്ടയാടുന്നതിനെ കുറിച്ചാണ് അല്‍ഫോണ്‍സ് പുത്രന്‍ തുറന്ന് പറയുന്നത്. 'പ്രേമം' സിനിമയ്ക്കു ശേഷം സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് അല്‍ഫോണ്‍സ് പുത്രന്‍ തുറന്ന് പറഞ്ഞിരുന്നു.
ഡികെ മാജിക്; കർണാടകത്തിൽ മറ്റൊരു ജെഡിഎസ് നേതാവ് കൂടി കോൺഗ്രസിലേക്ക്?

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ പേജിൽ തീർത്തും വ്യത്യസ്തമായ രീതിയിലായിരുന്നു വാർത്ത വന്നത്. രജനികാന്ത് ചിത്രം ചെയ്യാൻ അൽഫോൻസ് പുത്രന് താൽപര്യമില്ലെന്നായിരുന്നു ആ വാർത്തയിൽ പറഞ്ഞിരുന്നത്. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് സൗന്ദര്യ രജനികാന്ത് തന്നെ വിളിച്ചിരുന്നു. കാര്യം വ്യക്തമാക്കിയപ്പോള്‍ അവർ തന്നെ രജനീകാന്തിനെ കാര്യം പറഞ്ഞ് മനസ്സിലാക്കിയെന്നുമാണ് അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

2015-ല്‍ പ്രേമം റിലീസിന് ശേഷം, ഒരു സംവിധായകനെന്ന നിലയില്‍ രജനികാന്ത് സാറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. 99 ശതമാനം സംവിധായകരും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഒരു ദിവസം രജനികാന്ത് ചിത്രം ചെയ്യാന്‍ അല്‍ഫോണ്‍സ് പുത്രന് താല്‍പര്യമില്ലെന്ന് ഒരു ഓണ്‍ലൈന്‍ പേജില്‍ ഒരു ലേഖനം വന്നു. ആ വാര്‍ത്ത എല്ലായിടത്തും പരന്നു. ഈ വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ച് സൗന്ദര്യ രജനികാന്ത് എനിക്ക് മെസേജ് അയച്ചിരുന്നു. 'പ്രേമം' റിലീസിന് ശേഷം ഞാന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് മറുപടി നല്‍കി.

അവര്‍ അത് മനസിലാക്കി രജനി സാറിനോട് ഇക്കാര്യം സംസാരിച്ചു. അപ്പോഴാണ് ആ പ്രശ്നം പരിഹരിച്ചത്. പിന്നീട് 2021 ഓഗസ്റ്റില്‍ 'ഗോള്‍ഡി'ന്റെ കഥ ഒരു ആര്‍ട്ടിസ്റ്റിനോട് പറയുമ്പോള്‍, രജനികാന്തിന്റെ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ സംവിധായകനോട് താന്‍ സംസാരിക്കുന്നതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി, പക്ഷേ അത് പുറത്ത് കാണിച്ചില്ല.

2015 മുതല്‍ ഇന്നുവരെ ഈ വ്യാജ വാര്‍ത്ത എന്നെ അലട്ടുന്നതായി എനിക്ക് തോന്നുന്നു. എനിക്ക് പറയാനുള്ളത് ഇത്രമാത്രം, രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ ഞാന്‍ ആഗ്രഹിച്ചതുപോലെ നടന്നിരുന്നെങ്കില്‍, പ്രേക്ഷകരെ രസിപ്പിച്ച് 1000 കോടിയിലധികം രൂപ കലക്‌ഷന് നേടുമായിരുന്നു, സര്‍ക്കാരിനും ധാരാളം നികുതി ലഭിക്കുമായിരുന്നു. നഷ്ടം എനിക്കും സൂപ്പര്‍ സ്റ്റാറിനും പ്രേക്ഷകര്‍ക്കും സര്‍ക്കാരിനുമാണ്.

ഈ ലേഖനം ഇട്ട ആളും ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറും ഒരു ദിവസം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. നിങ്ങള്‍ ആ ദിവസത്തിനായി കാത്തിരിക്കുക. രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴും ചെയ്യുന്നതുപോലെ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം.