'കേബിൾ വലിപോലെ ചില്ലറ പണിയുമായ നടന്ന ഞാൻ അങ്ങനെ ബിസിനസ് എക്സിക്യൂട്ടീവായി'; ആർജെ സൂരജ്
കൊച്ചി; ബിഗ് ബോസ് താരങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്, അത് പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മുൻ ബിഗോ ബോസ് താരവും ആർജെയുമായ സൂരജിന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഗൾഫ് ജീവിതത്തിനിടയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും ജീവിതം മാറ്റിമറിച്ച വ്യക്തിയെ കുറിച്ചുമാണ് സൂരജിന്റെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'With my dear boss..!!'എന്ന വരികളോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. സൂരജിന്റെ വാക്കുകളിലേക്ക് 'ആറ് കൊല്ലം മുൻപ് സൗദി അറേബ്യയിൽ എത്തി ഒരു ജോബ് ട്രാപ്പിൽ പെട്ട് 4-5 മാസം ഒരു പണിയും പൈസയുമില്ലാതെ കിട്ടിയ പണികളൊക്കെ ചെയ്ത് നട്ടം തിരിഞ്ഞു നടന്ന ഞാൻ ഒടുവിൽ ചെറിയ പൈസക്ക് വേണ്ടി ഒരു സ്റ്റേജ് അവതാരകനായി..

സൗദി അൽ ഖോബാറിൽ ഇവന്റ്സ് സെറ്റാക്കുന്ന ബിൻസ് മാത്യു എന്ന സുഹൃത്ത് ഒരു ദിവസം ഒരു കമ്പനിയുടെ പ്രോഗ്രാമിന് വിളിച്ചു.. പാർട്ടി ഗെയിംസ് ചെയ്യുന്നതിനിടെ മുന്നിലിരുന്ന ഒരു ഫാമിലിയെ നിർബന്ധിച്ച് ഗെയിംസിൽ പങ്കെടുപ്പിച്ചു.. ആദ്യം മടി കാണിച്ചെങ്കിലും നിർബന്ധിച്ച് വിളിച്ച് കൊറേ പേരെ സ്റ്റേജിൽ എത്തിച്ചപ്പോൾ ആ ഫാമിലിയും വന്നു..

രസകരമായി ആ ഗെയിം നടന്നു, ആ ഫാമിലി സെക്കന്റ് പ്രൈസും നേടി.. ഗെയിംസ് ഒക്കെ കഴിഞ്ഞ് കമ്പനിയിലെ മികച്ച ജോലിക്കാർക്ക് പാരിതോഷികങ്ങൾ നൽകുന്ന ചടങ്ങിന്റെ സമയത്താണ് അറിയുന്നത് അവരായിരുന്നു ആ കമ്പനിയുടെ ചെയർമ്മാൻ എന്ന്..!! എല്ലാ ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും നാട്ടിലും വിവിധ ബിസിനസുകളുള്ള യൂണിസിസ് ഗ്രൂപ്പ് ചെയർമ്മാൻ കോട്ടയം പാമ്പാടിക്കാരൻ രാജു കുര്യൻ സാറിനെ അവിടെ വച്ച് പരിചയപ്പെടുകയായിരുന്നു ഞാൻ..

MSc ഇലക്ട്രോണിക്സ് ഒക്കെ പഠിച്ചിട്ടും ജോബ് ട്രാപ്പിൽ പെട്ട് ഇടക്ക് ഒരു പരിചയക്കാരൻ വിളിക്കുന്ന cctv കേബിൾ വലി പോലെ അല്ലറ ചില്ലറ പണികളുമായി നടന്ന ഞാൻ ശ്രീ രാജു കുര്യനിലൂടെ ഒരു ബിസിനസ് എക്സിക്യൂട്ടീവായി..! ആദ്യമായി ഒരു ഗൾഫിലെ കമ്പനി ജോലി.. ലൈസൻസ് എടുത്തു , കമ്പനി കാറു തന്നു.. യാതൊരു എക്സ്പീരിയൻസും ഇല്ലാതെ തന്നെ ഒരു തുടക്കക്കാരന് അദ്ദേഹം 4000 റിയാൽ ശമ്പളം തന്നു..

ട്രാപ്പിൽ പെട്ടിരുന്നെങ്കിലും ഞാൻ സൗദിയിലെത്തുന്നത് 2500 റിയാൽ ശമ്പളം പറഞ്ഞ സെക്യൂരിറ്റി സിസ്റ്റം എഞ്ചിനീയർ എന്ന ജോലിക്കായിരുന്നു എന്നത് വേറെ കാര്യം..! അങ്ങനെ ഏതാണ്ട് ആറുമാസത്തെ അലഞ്ഞുതിരിയലും ബുദ്ധിമുട്ടിനും ഒരു സമാധാനം കിട്ടി..!

ഒരു മൂന്ന് മാസത്തിനു ശേഷം രാജു സർ പറഞ്ഞു നമ്മുടെ ഖത്തർ ബ്രാഞ്ചിൽ ഒരാളെ ആവശ്യമുണ്ട് നീ പോകുന്നോ എന്ന്.. അങ്ങനെ ഖത്തർ എത്തി യൂണിസിസ് എന്ന എഞ്ചിനീയറിംഗ് കമ്പനിയിൽ നിന്നും അദ്ദേഹത്തിന്റെ തന്നെ മെഡാസ് എന്ന ഹോസ്പിറ്റൽ സോഫ്റ്റ്‌വെയർ കമ്പനിയിലേക്ക് ജോലി മാറുകയും ചെയ്തു.. പിന്നീട് ഈ ഖത്തർ ജീവിതവും ജീവിതശൈലിയും മാറ്റിമറിച്ചു.. !

മൂന്ന് കൊല്ലം മുൻപ് Unisis & Medas ജോലി റിസൈൻ ചെയ്തെങ്കിലും ജീവിതത്തിലേക്ക് നല്ലകാലം കൊണ്ടുവന്ന പ്രിയപ്പെട്ട ബോസിനോട് അന്നും ഇന്നും ആത്മബന്ധം സൂക്ഷിക്കുന്നു... ഇന്നലെ ദുബായിൽ വച്ച് സാറിന്റെ കൂടെ വിശേഷങ്ങൾ പറഞ്ഞ് ഒരു കറക്കം കറങ്ങി..

നിലവിൽ എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലുള്ള വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്റ്ററാണ് അദ്ദേഹം.. അതുപോലെ എല്ലാ ഗൾഫ് രാജ്യങ്ങളിലും Unisis എന്ന എഞ്ചിനീയറിംഗ് കമ്പനിയും.. Unisis Medas എന്ന സോഫ്റ്റ് വെയർ കമ്പനിയും Paragon Shipping & Logistics കമ്പനിയും അമേരിക്കയിലും കൊച്ചിയും IT ബിസിനസുകളും മറ്റു പല ബിസിനസുകളുമായി ഒരുപാട് പേരുടെ കുടുംബങ്ങൾക്ക് ആശ്രയമേകിക്കൊണ്ട് അദ്ദേഹം വളർച്ച തുടരുകയാണ്..
Recommended Video

എന്റെ പ്രിയപ്പെട്ട ആദ്യ ബോസിന് എന്നെന്നും ഹൃദയം നിറഞ്ഞ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു...ബുദ്ധിമുട്ടുകളിൽ പതറാതെ തളരാതെ ആത്മാർത്ഥമായി ശ്രമങ്ങൾ തുടർന്നാൽ ജീവിതത്തിൽ തീർച്ചയായും വിജയങ്ങൾ കടന്നു വരും, സൂരജ് കുറിച്ചു.












Click it and Unblock the Notifications