' നെറ്റിയിൽ തന്നെ ബുള്ളറ്റ് കയറി അവൾ മരിച്ചു, പ്രണയം പറയാൻ പറ്റാത്ത വിഷമം ഉണ്ടായിരുന്നു': മിഥുൻ
ബിഗ്ബോസ് മലയാളം സീസൺ 5ൽ ഇപ്പോൾ പോരാട്ടം മുറുകുകയാണ്. ഫൈനലിലേക്ക് എത്താൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുള്ള മത്സരത്തിലാണ് ഓരോ മത്സരാർത്ഥിയും. അത്തരത്തിലുള്ള ടാസ്കുകൾ
ആണ് ബിഗ്ബോസ് നൽകുന്നതും.
കഴിഞ്ഞദിവസം നൽകിയ ടാസ്കും വളരെ വ്യത്യസ്തമായ ഒരു ടാസ്ക് ആയിരുന്നു. അനുഭവങ്ങൾ പാളിച്ചകൾ എന്നാണ് ടാസ്കിന്റെ പേര്. മത്സരാർത്ഥികൾ അവരുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളെ കുറിച്ച് പറയുകയാണ് ഈ ടാസ്കിൽ ചെയ്യേണ്ടത്. കഴിഞ്ഞദിവസം അനിയൻ മിഥുൻ തന്റെ ജീവിതത്തിലെ ഉയർച്ചയെ കുറുച്ചും ജീവിതത്തിൽ സംഭവിച്ച വീഴ്ചയെക്കുറിച്ചും ഈ ടാസ്കിൽ തുറന്നുപറഞ്ഞിരുന്നു.

മിഥുൻ തന്റെ വീഴ്ചയെക്കുറിച്ച് പറഞ്ഞപ്പോൾ കേട്ടവർക്കൊക്കെ അത് ഒരു നോവായി. പറയാനാകാതെ പോയ പ്രണയത്തെക്കുറിച്ചാണ് മിഥുൻ മനസ്സുതുറന്നത്. കോളേജ് പഠനകാലത്തിനിടെ കശ്മീരിലേക്ക് പോയതും അവിടെ ഉണ്ടായ സംഭവങ്ങളുമാണ് മിഥുൻ പറയുന്നു. ഇന്ത്യൻ ആർമിയുടെ വിംഗിലെ ഓഫീസർ റാങ്കിൽ ഉണ്ടായിരുന്ന സന എന്ന പെൺകുട്ടിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയ മിഥുൻ പറഞ്ഞ് അവസാനിപ്പിച്ചപ്പോഴേക്കും വികാരഭരിതനാവുകയാണ്.
പഞ്ചാബിയായിരുന്ന സന ഒരു ദിവസം തന്നെ പ്രൊപ്പോസ് ചെയ്തെന്നും എന്നാൽ താൻ ഇഷ്ടമല്ലെന്നാണ് സനയോട് പറഞ്ഞതെന്നും മിഥുൻ പറയുന്നു. ഒരു ദിവസം സന നാട്ടിലേക്ക് പോകുമ്പോൾ തന്നോട് വരുന്നോ എന്ന് ചോദിച്ചെന്നും സനയ്ക്കൊപ്പം അവളുടെ വീട്ടിൽ പോയെന്നും അതിന് ശേഷം താനും സനയും ഓൾ ഇന്ത്യ ട്രിപ്പ് പോയെന്നും മിഥുൻ പറഞ്ഞു.
''എന്റെ ട്രെയിനിംഗ് കഴിഞ്ഞിട്ട് വെള്ളമടി പാർട്ടി ഉണ്ടായിരുന്നു. സന വീണ്ടും എന്നെ പ്രൊപ്പോസ് ചെയ്‍തു. അവളുടെ കയ്യിൽ ഒരു ഗിത്താറും ഉണ്ടായിരുന്നു. അവൾ ആർക്കും കൊടുക്കാത്തത് ആയിരുന്നു. അത് എനിക്ക് ഗിഫ്റ്റായി തന്നു. എന്നിട്ട് എന്നെ പ്രൊപ്പോസ് ചെയ്‍തു. എനിക്ക് ഇഷ്‍ടല്ലാന്ന് ഞാൻ പറഞ്ഞു. അങ്ങനെ അവൾ അവിടെനിന്നു പോയി. ഞാൻ ഗിത്താർ കൊടുത്തിരുന്നില്ല. ഞാൻ എന്തൊക്കെയോ ചെയ്‍തപ്പോൾ ഗിത്താറിന്റെ വള്ളി പോയി, ''മിഥുൻ പറഞ്ഞു,
ആ സംഭവം കഴിഞ്ഞ് താൻ വുഷുവിന്റെ പ്രാക്റ്റീസ് ഒക്കെയായി പോയെന്നും രണ്ട് ദിവസം സനയെ കണ്ടില്ലെന്നും ആ സമയത്ത് തനിക്ക് അവളെ മിസ് ചെയ്യുകയും അവളോട് ലവ് ഒക്കെ തോന്നുകയും ചെയ്തെന്ന് മിഥുൻ പറഞ്ഞു. സനയുടെ ക്യാമ്പിലേക്ക് പോയി ദേഷ്യമൊന്നുമില്ലെന്ന് പറഞ്ഞെന്നും മിഥുൻ പറഞ്ഞു.
'ഞാൻ ഇങ്ങനെ നോക്കുമ്പോൾ അവൾ മേശപ്പുറത്ത് തോക്കും കത്തിയുമൊക്കെ റെഡിയാക്കി വെയ്ക്കുകയാണ്. ഓൾ ദ ബെസ്റ്റ് എന്ന് പറഞ്ഞു ഞാൻ അവളോട്. ഞാൻ അവളെ പ്രൊപ്പോസ് ചെയ്യുകയാണെന്ന് എന്റെ ഫ്രണ്ട്സിനോട് പറഞ്ഞിരുന്നു. അവൾ എനിക്കൊരു വള തന്നിരുന്നു, പഞ്ചാബി വള. അത് ഞാൻ എപ്പോഴും ഉപയോഗിക്കുമായിരുന്നു', മിഥുൻ പറഞ്ഞു.
മോതിരവുമൊക്കെ വാങ്ങി അവളെ പ്രൊപ്പോസ് ചെയ്യാൻ താൻ കാത്തുനിന്നുവെന്നും അവൾ എപ്പോൾ വരുമെന്ന് സനയുമായി ബന്ധമുള്ള ആളുകളോട് ചോദിച്ചപ്പോഴൊക്കെ ഇന്ന് വരും നാളെ വരും എന്നായിരുന്നു പറഞ്ഞിരുന്നത് എന്നും മിഥുൻ പറയുന്നു. എന്നാൽ പിന്നീടാണ് താൻ അക്കാര്യം അറിഞ്ഞതെന്ന് മിഥുൻ പറയുന്നു.
ഒരു അപകടത്തിൽ സനയുടെ നെറ്റിയിൽ തന്നെ ബുള്ളറ്റ് കയറി, സന മരിച്ചു. ഫ്ലാഗ് മൂടിയിട്ടുള്ള സനയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിക്കുന്നതൊക്കെ തനിക്ക് ഇപ്പോഴും ഓർമയുണ്ടെന്ന് മിഥുൻ പറയുന്നു. പിന്നീട് താൻ കശ്മീർ വിടാൻ തീരുമാനിച്ചെന്നും പ്രണയം പറയാൻ പറ്റിയില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നുവെന്നും മിഥുൻ പറഞ്ഞു.












Click it and Unblock the Notifications