ബിഗ് ബോസ് സീസൺ 3; ഷൂട്ടിംഗ് നിർത്തിവെച്ചു..മത്സരാർത്ഥികൾ ഹോട്ടലിലേക്ക് മാറി
ചെന്നൈ; ബിഗ് ബോസ് സീസൺ 3 ഷൂട്ടിംഗ് നിർത്തിവെച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നേരത്തേ തന്നെ ഷോ നിർത്തിവെയ്ക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അണിയറ പ്രവർത്തകർ ഇത് തള്ളിയിരുന്നു.
ഇതിനിടയിൽ കഴിഞ്ഞ ദിവസം 17 ഓളം അണിയറ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. പിന്നാലെയാണ് ഇപ്പോൾ പോലീസ് എത്തി ഷൂട്ടിംഗ് തടഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

ഷോ ആരംഭിച്ചത്
ഫെബ്രുവരി 14 നാണ് ചെന്നൈ ഇവിപി ഷൂട്ടിംഗ് സൈറ്റിൽ ബിഗ് ബോസ് സീസൺ 3 ഷോ ആരംഭിച്ചത്. നിലവിൽ ഷോ 94 ദിവസം പിന്നിട്ടിരിക്കുകയാണ്. 18 പേർ ഉണ്ടായിരുന്ന ഷോയിൽ ഇപ്പോൾ 9 പേരാണ് ഉള്ളത്. 100 ദിവസം നടക്കേണ്ടിയിരുന്ന ഷോ ചെന്നെയിലെ ലോക്ക് ഡൗണും കൊവിഡ് പ്രശ്നങ്ങളും പരിഗണിച്ച് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു.

തമിഴ്നാട്ടില്‍ ലോക്ക് ഡൗൺ
കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ മെയ് 10 നായിരുന്നു തമിഴ്നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. 24 വരെയാണ് ലോക്ക്ഡൗൺ. സംസ്ഥാനം അടച്ച് പൂട്ടൽ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ ഷൂട്ട് നിർത്തിവെയ്ക്കുമോയെന്ന ആശങ്ക ഉയർന്നിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സീരിയല്‍ അടക്കമുള്ള എല്ലാ ഷൂട്ടിംഗുകളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

17 പേർക്ക് കൊവിഡ്
അതേസമയം ഷൂട്ടിംഗ് നിര്‍ത്തിവെക്കില്ലെന്നായിരുന്നു ബിഗ് ബോസ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകരായ 17 പേർക്കോളം കൊവിഡ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് പുറത്തുവന്നത്. അതേസമയം മത്സരാർത്ഥികൾ എല്ലാവരും സുരക്ഷിതരായിരുന്നുവെന്നാണ് റിപ്പോർട്ട്.

വിമർശനം
കൃത്യമായ പ്രോട്ടോക്കോൾ അനുസരിച്ചാണ് ഷോ നടക്കുന്നതെന്നുംഷോയിൽ നിന്നും ഇടയ്ക്ക് പുറത്ത് പോയി മടങ്ങിയെത്തിയ ഡിംപൽ ഉൾപ്പെടെ ക്വാറന്റീൻ പൂർണമായും പാലിച്ചാണ് ഷോയിലേക്ക് തിരിച്ചെത്തിയതെന്നൊക്കെയായിരുന്നു റിപ്പോർട്ടുകൾ. അതേസമയം സൈറ്റിലുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിട്ടും ഷോ തുടരുന്നതിനെതിരെ തമിഴ് മാധ്യമങ്ങൾ വിമർശനം ഉയർത്തിയിരുന്നു.

ഹോട്ടലിലേക്ക് മാറ്റി
അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് വൈകീട്ട് അഞ്ചോടെയാണ് പോലീസ് എത്തി ഷോ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇവിപി ഫിലിം സിറ്റിയിൽ ആരോഗ്യവകുപ്പും പോലീസും പരിശോധന നടത്തിയിരുന്നു. ഷോ നിർത്തിവെച്ചതോടെ മത്സരാർത്ഥികളെ എല്ലാവരേയും ഹോട്ടലിലേക്ക് മാറ്റി.

മത്സരാർത്ഥികൾ
നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു,അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്‍മി എന്നിവരായിരുന്നു ഷോയിലെ ആദ്യ മത്സരാർത്ഥികൾ. വീറും വാശിയും നിറഞ്ഞ മത്സരം 94ാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ 8 പേരാണ് ഷോയിൽ അവശേഷിച്ചത്.

ഇനിയുള്ളത്
കിടിലൻ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്‍ണു, റംസാൻ, മണിക്കുട്ടൻ, നോബി, ഡിംപല്‍, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ബിഗ് ബോസിൽ ഏറ്റവും ഒടുവിൽ ഉണ്ടായിരുന്നത്. അച്ഛന്റെ വിയോഗത്തോടെ ഷോയിൽ നിന്നും പുറത്ത് പോയ ഡിംപൽ കഴിഞ്ഞ ആഴ്ചയായിരുന്നു ഷോയിലേക്ക് തിരിച്ചെത്തിയത്. രമ്യ, സൂര്യ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഷോയിൽ നിന്നും പുറത്തായത്.
Recommended Video

ആദ്യ മത്സരവും
അതേസമയം കൊവിഡിന്റെ ആദ്യ തരംഗത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ പെട്ടെന്ന് അവസാനിപ്പിച്ചിരുന്നു.രാജിനി ചാണ്ടി,എലീന പടിക്കൽ,ആർ ജെ രഘു, ആര്യ, സാജു നവോദയ,വീണ നായർ, മഞ്ജു പത്രോസ്,പരീക്കുട്ടി പെരുമ്പാവൂർ,തസ്നി ഖാൻ,രജിത് കുമാർ, പ്രദീപ് ചന്ദ്രൻ,
ഫുക്രു, രേഷ്മ നായർ,
സോമദാസൻ, അലസാൻഡ്ര,സുരേഷ് കൃഷ്ണൻ, സുജോ മാത്യു എന്നിവരായിരുന്നു ബിഗ് ബോസ് രണ്ടാം സീസണിലെ താരങ്ങള്‍.












Click it and Unblock the Notifications