'സാന്ദ്ര നല്ല സുഹൃത്താണ്, വാക്കുകള്‍ വളച്ചൊടിച്ച് വേദനിപ്പിക്കരുത്'; കുറിപ്പുമായി ജൂഡ്
കൊച്ചി: ജൂഡ് ആന്തണിയുടെ ആദ്യ ചിത്രം ഓം ശാന്തി ഓശാനയുടെ നിര്‍മ്മാണത്തില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് നിര്‍മ്മാതാവായ സാന്ദ്ര തോമസ് വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതിനെ കുറിച്ച് ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നാലെ തന്നെ മറ്റൊരു അഭിമുഖത്തില്‍ ജൂഡ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. സിനിമയുടെ ബജറ്റ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സാന്ദ്ര പോകാന്‍ കാരണമെന്നും സാന്ദ്ര നിര്‍ബന്ധം പിടിച്ചതിന്റെ പേരിലാണ് അഭിപ്രായ വ്യത്യാസമുണ്ടായതെന്ന് ജൂഡ് പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ പരാമര്‍ശത്തിന് പിന്നാലെ മറ്റൊരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ്. സാന്ദ്ര ഇപ്പോള്‍ തന്റെ നല്ലൊരു സുഹൃത്താണെന്നും വാക്കുകള്‍ വളച്ചൊടിച്ച് അവരെ വേദനിപ്പിക്കരുതെന്നുമാണ് ജൂഡ് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓംശാന്തി ഓശാന താന്‍ നിര്‍മ്മിക്കേണ്ട ചിത്രമായിരുന്നെന്നും എന്നാല്‍ അത് മറ്റൊരു നിര്‍മ്മാതാവ് കൊണ്ടുപോയെന്നുമാണ് സാന്ദ്ര പറഞ്ഞത്. എന്നാല്‍ ചിത്രത്തിന്റെ ബജറ്റ് കുറയ്ക്കണമെന്ന് സാന്ദ്ര നിര്‍ബന്ധം പിടിച്ചതിന്റെ പേരില്‍ വന്ന അഭിപ്രായ വ്യത്യാസമാണ് മറ്റൊരു നിര്‍മ്മാതാവിലേക്ക് എത്താന്‍ കാരണമെന്ന് ജൂഡ് പറഞ്ഞിരുന്നു. ഈ ചിത്രം പിന്നീട് നിര്‍മ്മിച്ചത് ആല്‍വിന്‍ ആന്റണിയാണ്.
അന്ന് സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ഒന്നേ മുക്കാല്‍ കോടിയാണ് ബജറ്റ്. എന്നാല്‍ ഈ ബജറ്റ് സാന്ദ്ര കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പോസ്റ്റര്‍ ഡിസൈന്‍ ചെയ്യണമെങ്കില്‍ നിന്റെ വീട്ടില്‍ നിന്ന് ആളെ കൊണ്ടുവന്നോ എന്നെല്ലാം സാന്ദ്ര പറഞ്ഞു. അതെന്നെ വല്ലാതേ വേദനിപ്പിച്ചു. ഒരു നിര്‍മ്മാതാവും ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ലെന്ന് ജൂഡ് പറഞ്ഞു.
ഇതിന് ശേഷമാണ് മറ്റൊരു നിര്‍മ്മാതാവിന്റെ അടുത്ത് കഥ പറയുന്നത്. നിങ്ങള്‍ ബജറ്റ് കുറയ്ക്കുകയല്ലേ, ഞങ്ങള്‍ ഈ സിനിമ ചെയ്യുന്നില്ലെന്ന് ഞാനും മിഥുനും പറഞ്ഞു. പിന്നീടുണ്ടായ സംഭാഷണത്തില്‍ വഴക്കുണ്ടായെന്നും ജൂഡ് പറഞ്ഞു. വിഷയത്തില്‍ പിന്നീട് എനിക്ക് ഫെഫ്കയില്‍ നിന്ന് വിളി വന്നു. 25 ലക്ഷം രൂപ സാന്ദ്രയ്ക്ക് നല്‍കണമെന്നും അല്ലെങ്കില്‍ അവരോടൊപ്പം സിനിമ ചെയ്യണമെന്നായിരുന്നു നിബന്ധന.
എനിക്ക് ഈ സിനിമ നിങ്ങള്‍ക്കൊപ്പം ചെയ്യാന്‍ മാനസിക ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഈ സിനിമ ഉപേക്ഷിക്കുകയാണ്. 25 ലക്ഷം രൂപ നല്‍കാന്‍ സാധിക്കില്ല. അഞ്ച് ലക്ഷം രൂപ നല്‍കാം' എന്ന് പറഞ്ഞു. ഈ സിനിമയ്ക്ക് വേണ്ടി അതുവരെ സാന്ദ്ര ചെലവാക്കിയത് ഒരുലക്ഷത്തി അറുപതിനായിരം രൂപയായിരുന്നു എന്നാണ് എന്റെ ഓര്‍മ.
എന്റെ അഡ്വാന്‍സ് തുകയടക്കം. അതെല്ലാം ഞാന്‍ തിരികെ നല്‍കിയിരുന്നു. അത് പറ്റില്ല 10 ലക്ഷം രൂപ നല്‍കണമെന്ന് സാന്ദ്ര വാശിപിടിച്ചു. ആല്‍വിന്‍ ആന്റണിയാണ് സിനിമയുടെ നിര്‍മാതാവ്. പത്ത് പൈസ നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞെന്ന് ജൂഡ് വ്യക്തമാക്കി.












Click it and Unblock the Notifications