'റോബിൻ ബിഗ് ബോസിൽ കയറും മുൻപേ മെസേജ് അയച്ചിരുന്നു'; തുറന്ന് പറഞ്ഞ് സായ് കൃഷ്ണ ..ഉണ്ണിയെ കുറിച്ചും

കൊച്ചി: നടൻ ഉണ്ണി മുകുന്ദന്റെ വിവാദ കോളോടെയായിരുന്നു വ്ലോഗർ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണ വാർത്തകളിൽ ഇടംപിടിച്ചത്.
മാളിക്കപ്പുറം എന്ന ചിത്രത്തെ കുറിച്ചുള്ള വ്ലോഗറുടെ നെഗറ്റീവ് റിവ്യൂ ആയിരുന്നു ഉണ്ണി മുകുന്ദനെ ചൊടിപ്പിച്ചത്. തുടർന്ന് വ്ലോഗറെ ഫോണിൽ വിളിച്ച് ദേഷ്യപ്പെടുകയും കടുത്ത ഭാഷയിൽ പ്രതികരിക്കുകയും തെറിവിളിക്കുകയുമായിരുന്നു. ഇതിന്റെ ഓഡിയോ പിന്നീട് സായ് കൃഷ്ണ പുറത്ത് വിട്ടതോടെ സംഭവം വിവാദമായി. വിഷയത്തിൽ പിന്നീട് ഉണ്ണി മാപ്പ് പറയുകയും ചെയ്തിരുന്നു.
ചിത്രങ്ങൾ-സായ് കൃഷ്ണ യുട്യൂബ്

ഉണ്ണിയുടെ കോൾ തികച്ചും അനാവശ്യമാണെന്ന്
എന്നാൽ അന്നത്തെ ഉണ്ണിയുടെ കോൾ തികച്ചും അനാവശ്യമാണെന്ന് പറയുകയാണ് ഇപ്പോൾ സീക്രട്ട് ഏജന്റ്. ഉണ്ണിയെ പോലൊരു സെലിബ്രിറ്റി തന്നെ ആ വിഷയത്തിന്റെ പേരിൽ വിളിക്കേണ്ട കാര്യം തന്നെ ഉണ്ടായിരുന്നില്ലെന്നും സായ് പറയുന്നു. സൈന സൗത്ത് പ്ലസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സായ് കൃഷ്ണയുടെ പ്രതികരണം. ബിഗ് ബോസ് താരം റോബിനുമായുള്ള സൗഹൃദത്തെ കുറിച്ചും തനിക്ക് ലഭിക്കുന്ന യുട്യൂബ് വരുമാനത്തെ കുറിച്ചുമെല്ലാം സായ് അഭിമുഖത്തിൽ മനസ് തുറന്നു.

ഉണ്ണി വിളിച്ചിട്ടില്ല
ഉണ്ണി മുകുന്ദൻ ആ വിഷയത്തിന് ശേഷം വിളിച്ചിട്ടില്ല. ഞാനും അങ്ങോട്ട് വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആ ഹീറ്റ് ഓഫ് ദി മൊമന്റിലായിരിക്കും ഉണ്ണി വിളിച്ചിട്ടുണ്ടാകുക. അത് കഴിഞ്ഞപ്പോൾ ചിലപ്പോൾ വേണോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കാം. ഉണ്ണിയെ പോലൊരു സെലിബ്രിറ്റിക്ക് എന്നെ വിളിക്കേണ്ട കാര്യം പോലുമില്ലായിരുന്നു. അതൊരു അനാവശ്യ കോളായിരുന്നുവെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

മാളികപ്പുറം പ്രമോട്ട് ചെയ്ത രീതി
മാളികപ്പുറം എന്ന ചിത്രം ചില പോയിന്റിൽ പാർട്ടിവത്കരണം ആണെന്ന് തോന്നിയിട്ടുണ്ട്. സിനിമ പ്രമോട്ട് ചെയ്ത രീതികളൊക്കെ വെച്ച് നോക്കുമ്പോഴും അങ്ങനെയാണ് തോന്നിയിട്ടുണ്ട്. എന്റെ യുട്യൂബിലൂടെ സിനിമാ പ്രമോഷൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ഇഷ്ടപ്പെടുന്ന സിനിമയാണെങ്കിൽ ഞാൻ നല്ലത് പറയും, ഇല്ലേങ്കിൽ ഇഷ്ടമായില്ലെന്ന് തന്നെ പറയും', സീക്രട്ട് ഏജന്റ് പറഞ്ഞു.

ബാലയുമായി പുതിയ ബെൽറ്റോ?
ഉണ്ണി മുകുന്ദൻ വിഷയത്തിന് പിന്നാലെ സായ് കൃഷ്ണയും നടൻ ബാലയും ചേർന്ന് നിൽക്കൊന്നൊരു ഫോട്ടോ വലിയ ചർച്ചയായിരുന്നു. ഉണ്ണിക്കെതിരെ പുതിയ ബെൽട്ട് എന്ന നിലയ്ക്കായിരുന്നു ഈ ചിത്രം സോഷ്യൽ മീഡീയയിൽ ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ താനും ബാലയും ചേർന്നൊരു ബെൽട്ടൊന്നും ഇല്ലെന്നും അദ്ദേഹത്തെ അന്ന് കണ്ട പരിചയം മാത്രമാണ് ഉള്ളതെന്നും സായ് പറഞ്ഞു.

ബാല എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന് ചോദിച്ചു
ബാലചേട്ടന്റേത് ഒരു കൺസേൺ കോളായിരുന്നു. നിനക്ക് എന്തേലും പ്രശ്നമുണ്ടോയെന്ന് ചോദിച്ചു. ഞാൻ ഇല്ലെന്ന് പറഞ്ഞു. വെച്ചു. കൊച്ചി ഹയാത്തിൽ സഞ്ജുവിനെ കാണാൻ പോയതായിരുന്നു. രാവിലെ തൊട്ട് അവിടെ ഉണ്ടായിരുന്നു. അങ്ങനെ സുഹൃത്തുമായി ചേർന്ന് അദ്ദേഹത്തെ കാണാൻ പോകുകയായിരുന്നു . ആറാട്ടണ്ണൻ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ബാലയെ സ്ഥിരമായി കാണാൻ പോകാറുണ്ട്.

ബാല എന്താണ് പ്രശ്നം എന്ന് കണ്ടപ്പോൾ എന്നോട് ചോദിച്ചിരുന്നു. ഞാൻ കാര്യം പറഞ്ഞപ്പോൾ വിടഡാ എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചെറുപ്പം മുതലേ വള്ളി പിടിച്ച് വളർന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ പ്രശ്നങ്ങൾ ഒന്നും ബാധിക്കുന്നില്ല. ഞാൻ സമാധാനത്തിലാണ് ജീവിക്കുന്നത്. പൈസ എവിടെയുണ്ടോ അവിടെ സമാധാനം ഉണ്ട്. പൈസയില്ലെ സമാധാനം കുറയുക തന്നെ ചെയ്യും.

യുട്യൂബ് വീഡിയോ വരുമാനം 4 ലക്ഷം രൂപ
എനിക്ക് ചോറ് ഉണ്ടാക്കാൻ ഉള്ള കണ്ടന്റ് ഞാൻ യുട്യൂബിൽ ചെയ്യാറുണ്ട്. എല്ലാ ദിവസവും വീഡിയോ ഉണ്ടാക്കാറുണ്ട്. എല്ലാ വീഡിയോയിൽ നിന്നും പണവും ഉണ്ടാക്കാറുണ്ട്. എന്നിരുന്നാലും അരിക്കണ്ടന്റിന് വേണ്ടി ചെയ്യുന്ന വീഡിയോകളും അല്ലാതെ ചെയ്യുന്ന വീഡിയോകളുമുണ്ട്. മാസം നാല് ലക്ഷം ആണ് എന്റെ യൂട്യൂബ് വരുമാനം. ഞാൻ ആരേയും ടാർഗറ്റ് ചെയ്ത് വീഡിയോ ചെയ്യാറില്ല', സായ് പറഞ്ഞു.

റോബിനെ ബിഗ് ബോസിന് മുൻപേ അറിയാം
റോബിനുമായി വലിയ സൗഹൃദം പുലർത്തുന്നയാളാണ് സായ്. നേരത്തേ ബിഗ് ബോസ് സീസൺ 5 ലേക്കുള്ള മത്സരാർത്ഥികളിൽ റോബിന്റെ സജഷനിൽ ഉൾപ്പെട്ട പേര് സായിയുടേതായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ'-റോബിനെ എനിക്ക് വ്യക്തിപരമായി അറിയാം. റോബിനെതിരേയും അനുകൂലമായും നിരവധി വീഡിയോകൾ ഞാൻ ചെയ്തിട്ടുണ്ട്. ഡോ റോബിനുമായി ഞാൻ സംസാരിക്കുന്ന ഓഡിയോ പങ്കിട്ട് ഞാൻ പറഞ്ഞിട്ടുണ്ട് ഞങ്ങൾ തമ്മിൽ വ്യക്തിപരമായ ബന്ധമുണ്ട് എന്നാൽ പോലും അയാൾ ചെയ്യുന്ന പ്രവൃത്തി ഡൈജസ്റ്റ് ആകുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിൽ കയറുന്നതിന് മുൻപേ തന്നെ റോബിനുമായി എനിക്ക് ബന്ധമുണ്ട്. റോബിൻ ഷോയ്ക്ക് പോകും മുൻപേ എനിക്ക് മെസേജ് അയച്ചിരുന്നു. ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. ഇറങ്ങിയതിന് ശേഷവും എന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു'.












Click it and Unblock the Notifications