• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാബുരാജ് മറഞ്ഞിട്ട് കാല്‍നൂറ്റാണ്ട്

  • By Staff

ബാബുരാജ് മണ്‍മറഞ്ഞശേഷം സംഗീതലോകം ഏറെ മാറി. റഹ്മാന്‍ യുഗത്തിലൂടെ ചലച്ചിത്രസംഗീതത്തില്‍ മെലഡി കാലഹരണപ്പെട്ടപ്പോള്‍ സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റര്‍ പറഞ്ഞു: എന്റെ പ്രസക്തിയില്ലാതായി. റഹ്മാന്റെ യുഗമാണിനി.

ദേവരാജന്‍ മാസ്റര്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഇപ്പോള്‍ കസെറ്റ് കടകളില്‍ പഴയപാട്ടുകള്‍ കിട്ടാന്‍ പ്രയാസം. മലയാളത്തില്‍ മെലഡിയ്ക്ക് ഒരു പുതിയ മുഖം സൃഷ്ടിച്ച ബാബുരാജ് മരിച്ചിട്ട് 2003 ഒക്ടോബര്‍ എഴിന് 25 വര്‍ഷം തികഞ്ഞു. ഇപ്പോഴും മലയാളിയ്ക്ക്, പ്രത്യേകിച്ചും കോഴിക്കോട്ടുകാര്‍ക്ക് ബാബുരാജിന്റെ മെലഡികള്‍ ഉപേക്ഷിയ്ക്കാന്‍ മടിയാണ്.

ദാരിദ്യ്രത്തിന്റേതായിരുന്നു ബാബുരാജിന്റെ ബാല്യം. കോഴിക്കോട് തെരുവില്‍ വയറ്റത്തടിച്ച് പാടിനടന്നിരുന്ന കുട്ടി. ബാബുരാജിന്റെ അച്ഛന്‍ കോഴിക്കോട്ട് ഖവാലി പാടാനെത്തിയ ഒരു ബംഗാളിയായിരുന്നു. പേര് ജാന്‍ മുഹമ്മദ് സാഹിബ്. കോഴിക്കോട്ടെത്തി ഫാത്തിമ എന്ന യുവതിയെ വിവാഹം ചെയ്തു.

ജാന്‍ മുഹമ്മദിന്റെ ഖവാലികള്‍ക്ക് കേള്‍വിക്കാര്‍ ഏറെയായിരുന്നു. സമ്പന്നര്‍ ഒരുക്കിയ സദസ്സുകളില്‍ ജാന്‍ മുഹമ്മദ് മതിമറന്നുപാടി. പക്ഷെ ഭാര്യ ഫാത്തിമ മരിച്ചപ്പോള്‍ ജാന്‍ മുഹമ്മദ് കോഴിക്കോട് വിട്ട് ബംഗാളിലേക്ക് പോയി. മകന്‍ തെരുവിലായി. ആ മകന്റെ പേര് മുഹമ്മദ് സാബിര്‍ ബാബു. ഈ കുട്ടിയുടെ ഉള്ളില്‍ അച്ഛന്റെ സംഗീതം അലയടിച്ചിരുന്നു. ദാരിദ്യ്രത്തിലൂടെ കടന്നുപോകുമ്പോഴും ഈ കുട്ടി സംഗീതത്തെ ഉപേക്ഷിച്ചില്ല. അവന്‍ സംഗീതം കൂടുതല്‍ പഠിച്ചു. തെക്കേയിന്ത്യയില്‍ അന്ന് ബാബുരാജിനെപ്പോലെ ഹാര്‍മോണിയം വായിക്കാന്‍ കഴിയുന്നവര്‍ ഉണ്ടായിരുന്നില്ലെന്ന് അക്കാലത്തുള്ളവര്‍ പറയുന്നു. തിക്കോടിയനെയും കോഴിക്കോട് അബ്ദുള്‍ ഖാദറിനെയും പോലുള്ള ചിലരാണ് ബാബുരാജിനെ കണ്ടെത്തി വളര്‍ത്തിയത്.

നാടകത്തില്‍ പാട്ടുകാരനായി തുടക്കം. ഒപ്പം ഗാനമേളകള്‍ക്ക് ഹാര്‍മോണിയം വായിക്കും. അധികം വൈകാതെ രാഘവന്‍ മാസ്ററുടെ അസിസ്റന്റായി. നീലക്കുയില്‍ എന്ന ചിത്രത്തിലാണ് രാഘവന്‍ മാസ്ററുടെ അസിസ്റന്റായി ബാബുരാജ് ജോലിചെയ്തത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബാബുരാജ് സ്വതന്ത്രസംഗീതസംവിധായകനായി. 1957ല്‍ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിനാണ് ബാബുരാജ് ആദ്യമായി സംഗീതം നല്കിയത്. എന്നാല്‍ ഇത് ശ്രദ്ധേയമായില്ല.

എന്നാല്‍ തൊട്ടടുത്ത ചിത്രത്തില്‍ ബാബുരാജ് കണക്ക്തീര്‍ത്തു. ഉമ്മ എന്ന സിനിമയിലെ എന്‍ കണ്ണിന്റെ കടവിലടുത്താല്‍..., പാലാണു തേനാണെന്‍ ഖല്‍ബിലെ തുടങ്ങിയ പാട്ടുകള്‍ കേരളക്കരയാകെ അലയടിച്ചു.

അച്ഛനില്‍ നിന്ന് രക്തത്തിലലിഞ്ഞ ഹിന്ദുസ്ഥാനിയാണ് പിന്നീട് ബാബുരാജിനെ മറ്റ് സംഗീതസംവിധായകരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. മലയാളി ആദ്യമായി ഗസലിന്റെ സുഖം മലയാളത്തില്‍ അനുഭവിച്ചത് താമസെന്തേ വരുവാന്‍ എന്ന ഗാനത്തിലൂടെയാണ്.

വയലാറും ഭാസ്കരനും കുറിച്ചിട്ട അനശ്വരപ്രണയകാവ്യങ്ങളെ തന്റെ അസുലഭഈണങ്ങളാല്‍ ബാബുരാജ് ഇരട്ടിശോഭയുള്ളതാക്കി. ഇന്നലെ മയങ്ങുമ്പോള്‍.., പ്രാണസഖി ഞാന്‍ വെറുമൊരു ..., സുറുമയെഴുതിയ മിഴികളേ... എന്നിവ ബാബുരാജിന്റെ സംഗീതസാമ്രാജ്യത്തിലെ ചില നിധികുംഭങ്ങള്‍ മാത്രം.

ഏത് സംഗീത ശാഖകളും ബാബുരാജിന് വഴങ്ങിയിരുന്നു. മാപ്പിളപ്പാട്ടുകളും ഗസലുകളും നാടന്‍ ഈണങ്ങളും കര്‍ണ്ണാടകസംഗീതവും എന്തിന് വടക്കന്‍ പാട്ടുകള്‍ വരെ. ഏകദേശം നൂറോളം സിനിമകള്‍ക്ക് ബാബുരാജ് സംഗീതം പകര്‍ന്നിട്ടുണ്ട്. ഓരോ ഗാനങ്ങളും വ്യത്യസ്തമായിരിക്കണം എന്നും ബാബുരാജ് മോഹിച്ചു.

പാലാട്ടുകോമനിലെ ചന്ദനപ്പല്ലക്കില്‍ വീടു കാണാന്‍ വരും എന്ന വടക്കന്‍പാട്ടിന്റെ ശൈലിയിലുള്ള ഗാനം മലയാളികള്‍ ഏറ്റുവാങ്ങിയ ഗാനമായിരുന്നു. തച്ചോളി ഒതേനനിലെ അഞ്ജനകണ്ണെഴുതി എന്ന ജാനകി പാടിയ ഗാനവും വ്യത്യസ്തമായിരുന്നു.

ഗാനങ്ങളില്‍ മതിമറന്ന് സഞ്ചരിയ്ക്കുമ്പോള്‍ പക്ഷെ ബാബുരാജ് എന്തെങ്കിലും സമ്പാദിക്കാന്‍ മറന്നുപോയി. കൂട്ടുകാരോടൊത്ത് ജീവിതം ആഘോഷിയ്ക്കുന്നതിലാണ് അദ്ദേഹം പൂര്‍ണ്ണത കണ്ടെത്തിയത്. അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. രണ്ടു പേരും സംഗീതം പിന്തുടരുന്നു. ഒരാള്‍ ഹാര്‍മോണിസ്റ്. മറ്റെയാള്‍ തബലിസ്റ്.

25 വര്‍ഷം മുമ്പ് ഒരു ഒക്ടോബര്‍ ഏഴിന് ബാബുരാജ് സാധാരണക്കാരനെപ്പോലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നുമരിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more