കേരളനടനത്തിന്റെ ഗോപീഗാഥ
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ ചമ്പക്കുളത്ത് കൈപ്പളളി വീട്ടില്‍ ശങ്കരപ്പിളളയുടെയും മാധവിയമ്മയുടെയും മകനായി ജനിച്ച ചമ്പക്കുളം ഗോപിനാഥ പിളളയെ ലോകം അറിയുന്നത് ഗുരു ഗോപിനാഥ് എന്ന പേരിലാണ്. കേരളീയ നടനകലയുടെ ആചാര്യനെന്ന് ആദരിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷമാണ് 2008.
1908 ജൂണ്‍ 24നായിരുന്നു അദ്ദേഹത്തിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തെ കഥകളി ഭ്രമം പിടികൂടി. അഞ്ചാം ക്ലാസു വരെ മാത്രം സ്ക്കൂള്‍ പഠനം മതിയെന്ന് വച്ച അദ്ദേഹം പിന്നെ കഥകളിയുടെ തെക്കന്‍ചിട്ടയും വടക്കന്‍ചിട്ടയും സ്വായത്തമാക്കി. കലാമണ്ഡലത്തില്‍ പരിശീലനത്തിനെത്തിയ ഗോപി സഹനര്‍ത്തകിയായിരുന്ന രാഗിണീദേവിയ്ക്കൊപ്പം ബോംബെയ്ക്ക് വണ്ടി കയറാന്‍ തീരുമാനിച്ചപ്പോള്‍, അത് കേരളീയ നടനകലയുടെ ജാതകം തിരുത്താനുളള നിയോഗമായി മാറുകയായിരുന്നു.
സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് നിശിതമായ സാധനയോടെ അതിനെ വളര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത കലാകാരനായിരുന്നു ഗുരു ഗോപിനാഥ്. അദ്ദേഹത്തിന്റെ അര്‍പ്പണബോധവും രാഗിണീദേവിയുടെ നവ്യമായ ആശയങ്ങളും ചേര്‍ന്നപ്പോള്‍ കഥകളിനൃത്തം എന്ന പുതിയൊരു കലാരൂപം തന്നെ ജന്മമെടുത്തു.
കളിക്കാനും കാണാനും ഏറെ അനുശീലനം വേണ്ട കലാരൂപമാണ് കഥകളി. അലസമായ ആസ്വാദനങ്ങള്‍ക്ക് വഴങ്ങുന്നതല്ല അതിന്റെ ഗരിമ. പുലരും വരെ നീളുന്നതാണ് കഥകളി. അതും മൂന്നു ദിവസം. കഠിന പരിശീലനം ലഭിച്ച ആസ്വാദകര്‍ മാത്രമേ ഈ മൂന്നുദിവസവും പുലരുവോളം കഥകളി കാണാനിരിക്കൂ. തീര്‍ത്തും ശുഷ്കമായിരിക്കും സദസെന്നര്‍ത്ഥം.
അതുകൊണ്ടാണ് ആധുനിക തീയേറ്റര്‍ സങ്കല്‍പത്തിന് ചേര്‍ന്ന നിലയില്‍ ഈ കലാരൂപത്തിന്റെ ഘടന പൊളിച്ചെഴുതണം എന്ന ആശയം രാഗിണീദേവിയുടെ തലച്ചോറില്‍ മിന്നിയത്. രണ്ടോ മൂന്നോ മണിക്കൂര്‍ നീളുന്ന നൃത്തരൂപമായി കഥകളിയുടെ ഘടന പൊളിച്ചെഴുതാന്‍ ഉത്സാഹിച്ചത് ഗുരു ഗോപിനാഥാണ്. അങ്ങനെയാണ് ഇന്ന് കേരള നടനം എന്ന പേരില്‍ പ്രശസ്തമായ കഥകളി നൃത്തം രൂപമെടുത്തത്.
കഥകളിയെ ഗുരുഗോപിനാഥ് തിരുത്തുകയോ പരിഷ്കരിക്കുകയോ ചെയ്തില്ല. പരമ്പരാഗതമായി നിലനിന്ന ചില ചിട്ടവട്ടങ്ങള്‍ ഒന്നു പൊളിച്ചെഴുതി, ശാസ്ത്രീയമായ ഒരുചട്ടക്കൂടൊരുക്കുകയാണ് അദ്ദേഹം ചെയ്തത്. ആംഗിക ഭാവങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് കേരള നടനം ഗുരു ചിട്ടപ്പെടുത്തിയത്.
സവര്‍ണ വരേണ്യകലയെന്ന് മുദ്രകുത്തി കഥകളിയെ അവഗണിക്കാനും തിരസ്കരിക്കാനും ശ്രമം നടന്ന കാലത്ത്, ഇന്ത്യയൊട്ടുക്ക് ഗുരു ഗോപിനാഥിന്റെ നേതൃത്വത്തില്‍ നടന്ന കലാപര്യടനമാണ് കഥകളിയെ വിശ്വപ്രശസ്തമാക്കിയത്. കേരളത്തിന്റെ തനത് കലാരൂപമെന്ന ഖ്യാതി കഥകളിക്ക് കൈവന്നതില്‍ കാരണം ഗുരുഗോപിനാഥിന്റെ ഭാരതപര്യടനമായിരുന്നുവെന്ന് നിസംശയം പറയാം.
കലാമണ്ഡലം തുടങ്ങിയപ്പോള്‍ അവിടെ മോഹിനിയാട്ടം പഠിക്കാനെത്തിയ തങ്കമണിയാണ് ഗുരു ഗോപിനാഥിന്റെ ജീവിതസഖിയായത്. ഗോപിനാഥിന്റെ സഹനര്‍ത്തകിയായി എണ്ണമറ്റ വേദികളില്‍ പ്രത്യക്ഷപ്പെട്ട ഈ കഥകളി അധ്യാപികയ്ക്കും കേരള നടനം എന്ന നൃത്തരൂപത്തിന്റെ ഇന്നത്തെ സ്വീകാര്യതയില്‍ ശ്രദ്ധേയമായ പങ്കുണ്ട്.
അരങ്ങിനു പുറമേ സിനിമാഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്, ഗുരു ഗോപിനാഥ്. മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോള്‍ ഈ പേര് ആര്‍ക്കും വിസ്മരിക്കാനാവില്ല.
മലയാളത്തിലെ മൂന്നാമത്തെ ചലച്ചിത്രമായ പ്രഹ്ലാദനില്‍ ഹിരണ്യകശിപുവായി വേഷമിട്ടത് ഗുരുവാണ്. ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ചത് സഹധര്‍മ്മിണിയായ തങ്കമണിയും. ഏറെ പ്രശസ്തമായ ജീവിതനൗകയില്‍ യേശുക്രിസ്തുവായി അഭിനയിച്ചതും വേറെയാരുമല്ല.
ഒരിക്കലും മങ്ങാത്ത അക്ഷരങ്ങളാല്‍ തന്റെ പേര് കൈരളിയുടെ കലാചരിത്രത്തലി്‍ എഴുതിച്ചേര്‍ത്താണ് എഴുപത്തിയൊമ്പതാമത്തെ വയസില്‍ അരങ്ങില്‍ നിന്ന് കാലത്തിന്റെ അണിയറയിലേയ്ക്ക് ഗുരു ഗോപിനാഥ് മടങ്ങിയത്. എറണാകുളത്ത് ഭാരതീയ കലോത്സവത്തില്‍ അവതരിപ്പിച്ച രാമായണത്തില്‍ ദശരഥന്റെ വേഷമാടവെയാണ് വിധി അദ്ദേഹത്തെ തിരികെ വിളിച്ചത്. നടന്റെ ചായവും ചമയവുമണിഞ്ഞ് നില്‍ക്കെ, പതിനായിരങ്ങള്‍ നോക്കിയിരിക്കെ ഒരു ചരിത്രപുരുഷന് ചേരുന്ന അന്ത്യം.












Click it and Unblock the Notifications