കമല്‍ഹാസന്‍ കളിച്ച കളിയല്ല വിജയ് കളിക്കുന്നത്; അദ്ദേഹത്തിന് ബുദ്ധിയുണ്ട്: സന്തോഷ് പണ്ഡിറ്റ്
തമിഴ് സിനിമാ മേഖലയില്‍ നിന്നും ഏറ്റവും അവസാനമായി രാഷ്ട്രീയ രംഗത്തേക്ക് എത്തിയ വ്യക്തിയാണ് വിജയ്. തമിഴക വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വിജയ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതോടെ വിജയ് സിനിമ രംഗത്ത് നിന്നും പൂർണ്ണമായും വിടവാങ്ങുകയും ചെയ്യും.
കൃത്യമായ ആസൂത്രത്തിലൂടെയാണ് വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നാണ് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നത്. പുറമെ നിന്ന് നോക്കുമ്പോള്‍ ഒരു ദിവസം പെട്ടെന്ന് ഉണ്ടായ ബോധോദയത്തിലാണ് വിജയ് പാർട്ടി രൂപീകരിച്ചതെന്ന് തോന്നും. നേരത്തെ വിശാല്‍ മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം മാത്രമല്ല, കമല്‍ഹാസനെപ്പോലെ ഒരു പാന്‍ ഇന്ത്യന്‍ താരവും തനിക്ക് മുഖ്യമന്ത്രിയായി മാറണമെന്ന് പറഞ്ഞു. എന്നാല്‍ വലിയ തിരിച്ചടിയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ അദ്ദേഹം ബി ജെ പിയുടെ സ്ഥാനാർത്ഥിയോടാണ് നോക്കുന്നത്. ഇതോടെയാണ് അദ്ദേഹം ഡി എം കെ സഖ്യത്തിലേക്ക് പോകുന്നത്. കുടുംബപരമായി പോകുന്ന പാർട്ടിയാണ് ഡി എം കെ. അവിടെ എന്താലും വേറെ ഒരാള്‍ മുഖ്യമന്ത്രിയാകില്ല. എം ജി ആറും ജയലളിതയുമാണ് അവിടെ സ്വന്തമായി കയറിവന്ന് മുഖ്യമന്ത്രിയായത് വേറെ ആർക്കും അതിന് സാധിച്ചിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
പലരും ചോദിക്കുന്നുണ്ട് വിജയ് രാഷ്ട്രീയത്തില്‍ രക്ഷപ്പെടുമോയെന്ന്. എനിക്ക് പറയാനുള്ളത് കമല്‍ഹാസനോ വിശാലോ നടപ്പിലാക്കിയ മെത്തേഡ് അല്ല വിജയ് നടപ്പിലാക്കുന്നതെന്നാണ് എനിക്ക് പറയാനുള്ളത്. കൃത്യമായി ഹാർഡ് വർക്ക് ചെയ്തിട്ടാണ് വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്ന് അല്‍പമൊന്ന് പുറകിലേക്ക് നോക്കിയാല്‍ മനസ്സിലാകും.
വിജയ് മക്കള്‍ ഇയക്കം എന്ന് പറയുന്ന തന്റെ ആരാധകൂട്ടായ്മയിലൂടെ ചില സാമ്പിളുകള്‍ വിജയ് പരീക്ഷിച്ചിരുന്നു. അതായത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ വളരെ ബുദ്ധിപൂർവ്വം ഫാന്‍സ് അസോസിയേഷന്റെ കീഴില്‍ നിരവധി സ്ഥാനാർത്ഥികളെ നിർത്തുകയും 135 പേരെയോളം അദ്ദേഹം വിജയിപ്പിച്ച് എടുക്കുകയും ചെയ്തു. അതൊന്നും അന്ന് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നു.
തന്റെ പേരില്‍ എത്രപേർ വോട്ട് ചെയ്യും എന്നായിരുന്നു അദ്ദേഹം നോക്കിയത്. അതാണ് കമല്‍ഹാസന്‍ കളിച്ച കളിയല്ല വിജയ് കളിക്കുന്നതെന്ന്. പഞ്ചായത്തിലേക്ക് 135 പേരെ എനിക്ക് വിജയിപ്പിക്കാന്‍ കഴിയുമെങ്കില്‍ നാളെ നിയമസഭയിലേക്കും മോശമില്ലാതെ മത്സരിക്കാന്‍ സാധിക്കും എന്നും മനസ്സിലാക്കി.
പാർട്ടി രൂപീകരിച്ച ഉടനാണ് പാർലമെന്റ് തിരഞ്ഞെടുപ്പ് വരുന്നത്. എന്നാല്‍ അതില്‍ അദ്ദേഹം മത്സരിക്കാന്‍ നിന്നില്ല. നിയമസഭയാണ് ഞാന്‍ നോക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ബുദ്ധിപരമായ ഗെയിം അദ്ദേഹം കളിക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ബി ജെ പിയും ബി ജെ പി വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് പാർലമെന്റ് ഇലക്ഷനില്‍ നടന്നത്. ആ സമയത്ത് മൂന്നമതൊരു നിലപാടുമായി വിജയ് വന്നാല്‍ ആരും ശ്രദ്ധിക്കില്ല. അതുകൊണ്ടാണ് അദ്ദേഹം പാർലമെന്റിലേക്ക് മത്സരിക്കാതിരുന്നത്.
അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയം മത്സരിക്കും. ജയലളിത ഉണ്ടായിരുന്ന സമയത്ത് എ ഐ എ ഡി എം കെ വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോയതായിരുന്നു. എന്നാല്‍ അവരുടെ മരണത്തിന് ശേഷം പാർട്ടി പിളർന്നു. ഇതോടെ വട്ടപ്പൂജ്യമായി നിന്ന ഡി എം കെ അധികാരത്തില്‍ വന്നു. എ ഐ എ ഡി എം കെയുടെ ശക്തി കുറഞ്ഞതോടെ തമിഴ്നാട്ടില്‍ മികച്ച പ്രതിപക്ഷം ഇല്ല. ആ ഒരു ഗ്യാപ്പിലാണ് വിജയ് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications