സിനിമാ ജീവിതത്തിലെ ഒരേയൊരു ദുഃഖം അത്; മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചാല്‍..; വിജയരാഘവന്‍ പറയുന്നു
അഭിനയ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം വിജയരാഘവന്‍. അച്ഛന്റെ നിർദേശ പ്രകാരം 1973 ലാണ് ക്രോസ് ബെൽറ്റ് മണിയുടെ കാപാലിക എന്ന സിനിമയിലൂടെ ആദ്യമായി വിജയാരഘവന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അവിടുന്ന് ഇങ്ങോട്ട് വേഷപ്പകർച്ചകള്‍ കൊണ്ട് നിറഞ്ഞാടിയ അമ്പത് വർഷങ്ങള്‍.
ആദ്യ സിനിമ അഭിനയിച്ച് ഒൻപതുവർഷത്തിനുശേഷമാണ് പിന്നീട് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത എന്ന സിനിമയായിരുന്നു അത്. ഒരു സീന്‍ മാത്രമുള്ള വേഷമായിരുന്നു. എന്നാല്‍ തൊട്ടടുത്ത വർഷം നായക വേഷത്തില്‍ അരങ്ങേറ്റം കുറിച്ചു. കലാസംവിധായകനായിരുന്ന എസ്. കൊന്നനാട് സംവിധാനംചെയ്ത സുറുമയിട്ട കണ്ണുകളായിരുന്നു ആ ചിത്രം.

സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിന് വേണ്ടി ചെന്നൈയിലേക്ക് പോയത് വിമാനത്തിലായിരുന്നു. തന്റെ ആദ്യ വിമാന യാത്രയാണ് അതെന്നും മാതൃഭൂമി ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിജയരാഘവന്‍ പറയുന്നു. ആയിരം രൂപയായിരുന്നു ആദ്യ സിനിമയിലെ വേഷത്തിന് ലഭിച്ച അഡ്വാന്‍സ്. നായകവേഷത്തിലെ അരങ്ങേറ്റ ചിത്രം പരാജയമായിരുന്നു. പിന്നീട് ഏറെനാള്‍ ശ്രദ്ധിക്കപ്പെടുന്നതും അല്ലാത്തതുമായ വേഷങ്ങള്‍.
വലിയ പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ തിരിച്ച് വരവ് ചിത്രമായ ജോഷിയുടെ ന്യൂഡല്‍ഹിയിലെ വേഷം വിജയരാഘവനും കരിയറിലെ വഴിത്തിരിവായി. തുടർന്ന് വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായും വിജയരാഘവന്‍ പ്രത്യക്ഷപ്പെട്ടു. ഏകലവ്യന്‍, ദേശാടനം, റാം ജി റാവു സ്പീക്കിങ്, രാവണപ്രഭു തുടങ്ങി അനേകം സിനിമകളിലെ മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങള്‍ക്ക് വിജയരാഘവന്‍ ജീവന്‍ നല്‍കി.
അമ്പത് വർഷത്തിലെ ഈ അഭിനയ ജീവത്തിലെ ഒരു വലിയ വിഷമത്തെക്കുറിച്ചും വിജയരാഘവന് തുറന്ന് പറയുന്നുണ്ട്. ഭരതൻ, കെ.ജി. ജോർജ്, പദ്മരാജൻ എന്നിവരുടെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയില്ലെന്നതാണ് തന്റെ ആ വലിയ സംഘടമെന്നാണ് വിജയരാഘവന്‍ വ്യക്തമാക്കുന്നത്. ഗോപി, നെടുമുടി വേണു, തിലകൻ എന്നിവരാണ് വിജയരാഘവന്റെ ഇഷ്ടതാരങ്ങൾ.
മമ്മൂട്ടിയെക്കുറിച്ചാണ് ചോദ്യമെങ്കില്‍ ഇത്രയധികം പരിശ്രമശാലിയായ മറ്റൊരു നടനെ കണ്ടിട്ടില്ലെന്നാണ് വിജയരാഘവന്റെ ഉത്തരം. ഇതുവരെ ഒരു ഔദ്യോഗിക അംഗീകാരവും കിട്ടിയിട്ടില്ലെങ്കിലും അതില്‍ യാതൊരു വിഷമവും മലയാളികുടെ ഈ പ്രിയപ്പെട്ട താരത്തിനില്ല. എൻ.എൻ. പിള്ളയുടെ മകനായി പിറന്നതാണ് ഏറ്റവുംവലിയ ഭാഗ്യം. സിനിമ എനിക്ക് എല്ലാം തന്നു. എത്രയോ ലക്ഷം ആളുകൾ എന്നെ തിരിച്ചറിയുന്നു. സിനിമ കാരണം സുഖമായി ജീവിക്കുന്നു. അതുകൊണ്ട് തന്നെ താന്‍ വലിയ ഭാഗ്യവാനാണെന്നും അദ്ദേഹം ആവർത്തിക്കുന്നു.












Click it and Unblock the Notifications