'ഈ ഇന്ത്യന്‍ സിനിമ ചാള്‍സ് രാജാവും ബ്രിട്ടീഷ് സര്‍ക്കാരും കാണണം; ചെയ്ത തെറ്റ് മനസിലാക്കണം'
മുംബൈ: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ ആസ്പദമാക്കി നിര്‍മിക്കുന്ന 'കേസരി ചാപ്റ്റര്‍ 2: ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ജാലിയന്‍ വാലാബാഗ്' എന്ന ബോളിവുഡ് ചിത്രം ഏപ്രില്‍ പതിനാലിന് റിലീസാകാനിരിക്കുകയാണ്. ഇതിനകം ചിത്രത്തിന്റെ പ്രമേയം രാഷ്ട്രീയ തലത്തില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു. മലയാളി അഭിഭാഷകന്‍ സി. ശങ്കരന്‍ നായരായാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. തുടര്‍ പരാജയങ്ങള്‍ക്കു ശേഷം ഏറെ പ്രതീക്ഷയോടെയാണ് അക്ഷയ് കുമാര്‍ ഈ ചിത്രത്തെ കാണുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍. ഇതിനകം ചിത്രത്തിന്റെ
ട്രെയിലറും അക്ഷയ് കുമാറിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 1919-ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറല്‍ മൈക്കിള്‍ ഡ്വയറിനെതിരെയും ക്രൂരമായ മാര്‍ഷല്‍ നിയമത്തിനെതിരെയുമുള്ള സി ശങ്കരന്‍ നായരുടെ കോടതി പോരാട്ടങ്ങളുടെ കഥയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കേസരി ചാപ്റ്റര്‍ 2-ന്റെ പ്രമോഷനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍
ബ്രിട്ടീഷ് സര്‍ക്കാരും ചാള്‍സ് മൂന്നാമന്‍ രാജാവും ഈ ചിത്രം കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. അവര്‍ ക്ഷമിക്കണം എന്ന് പറഞ്ഞ് യാചിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഈ സിനിമ കാണുകയും തെറ്റ് മനസിലാക്കുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മറ്റ് കാര്യങ്ങള്‍ പിന്നാലെ സംഭവിക്കും. ക്ഷമാപണം തീര്‍ച്ചയായും സംഭവിക്കും, അതിന് ബ്രിട്ടീഷ് സര്‍ക്കാരും ചാള്‍സ് രാജാവും ഈ സിനിമ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ അറിയണം.
ജാലിയന്‍വാലാബാഗ് സംഭവത്തെക്കുറിച്ചുള്ള കഥകള്‍ അച്ഛന്‍ തന്നോട് പറഞ്ഞിരുന്നതായി അക്ഷയ് കുമാര്‍ ഓര്‍ത്തെടുത്തു. 'എന്റെ മുത്തച്ഛന്‍ ജാലിയന്‍വാലാബാഗ് സംഭവത്തിന് മുഴുവന്‍ സാക്ഷിയായിരുന്നു. അദ്ദേഹം എന്റെ അച്ഛനോട് ഇതേക്കുറിച്ചുള്ള കഥകള്‍ പങ്കുവെച്ചിരുന്നു. അച്ഛന്‍ എനിക്കും അത് പകര്‍ന്നു നല്‍കി. അതൊക്കെ എന്റെ മനസില്‍ പതിഞ്ഞിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ ആ കൂട്ടക്കൊലയെക്കുറിച്ച് എനിക്ക് ധാരാളം കാര്യങ്ങള്‍ അറിയാം. അതിനാല്‍ ഈ സിനിമ എനിക്ക് ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. ഈ കഥാപാത്രം എനിക്ക് വെറുമൊരു വേഷം മാത്രമല്ല. കുട്ടിക്കാലം മുതല്‍ എനിക്കറിയാവുന്ന ഒരു സംഭവത്തോടുള്ള ആദരാഞ്ജലി കൂടിയാണിത്. അതേസമയം, ചരിത്രത്തില്‍ നമുക്ക് യഥാര്‍ത്ഥത്തില്‍ അറിയേണ്ട പല കാര്യങ്ങളും പറയുന്നില്ല എന്നത് എന്നെ ഏറ്റവും അത്ഭുതകരമായ കാര്യമാണ് - അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ നിര്‍മ്മാതാവ് കരണ്‍ ജോഹറും ഒപ്പമുണ്ടായിരുന്നു. കരണ്‍ സിംഗ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധവനും അനന്യ പാണ്ഡെയും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശങ്കരന്‍ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട് അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ 'ദി കേസ് ദാറ്റ് ഷൂക്ക് ദി എംപയര്‍' എന്ന പുസ്‌കത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്.
കഥയിലേക്ക് താന്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെട്ടതായി അക്ഷയ് കുമാര്‍ പറഞ്ഞു. 'ഈ സിനിമയുടെ കഥ കേട്ട നിമിഷം മുതല്‍, അതിന്റെ ഭാഗമാകണമെന്ന് എനിക്ക് തോന്നി. ചരിത്രം യഥാര്‍ത്ഥത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ മറയ്ക്കുന്നു, ഈ സിനിമ അത്തരമൊരു കാര്യത്തെ വെളിപ്പെടുത്തുന്നു'.












Click it and Unblock the Notifications