'അല്ലു അർജുൻ ഏഴിലും ഒമ്പതിലും തോറ്റയാൾ, അന്ന് ആ പാലത്തിൽ നിന്ന് താഴേക്ക് എടുത്തുചാടി'; ആലപ്പി അഷ്‌റഫ്
മലയാളികളുടെ പ്രിയപ്പെട്ട അന്യഭാഷാ നായകന്മാരിൽ ഒരാളാണ് അല്ലു അർജുൻ. മലയാളികളുടെ ദത്ത് പുത്രൻ, മല്ലു അർജുൻ എന്നൊക്കെയാണ് താരത്തിന് പലരും നൽകിയിരിക്കുന്ന വിളിപ്പേര്. കാരണം രണ്ടായിരത്തിന്റെ തുടക്കം മുതൽ ഒട്ടേറെ മൊഴിമാറ്റ ചിത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയ താരം പിന്നീട് അവരുടെ മനസുകളിൽ തന്നെ കുടിയിരിക്കുകയായിരുന്നു. ആര്യ മുതൽ പുഷ്‌പ 2 വരെ മലയാളികൾ ആഘോഷമാക്കിയ അല്ലു അർജുൻ ചിത്രങ്ങളായിരുന്നു.
തന്റെ കരിയറിൽ വലിയ പിന്തുണ നൽകിയ മലയാളികളെ അദ്ദേഹം മറക്കാറുമില്ല. താരത്തിന്റെ ഒട്ടേറെ സിനിമകൾ കേരളത്തിലാണ് ചിത്രീകരിച്ചത്. അടുത്തിടെ പുഷ്‌പ രണ്ടാം ഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ അല്ലു അർജുനെ അറസ്‌റ്റ് ചെയ്‌തപ്പോൾ കേരളത്തിൽ നിന്നും കാര്യമായ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു.

ഇപ്പോഴിതാ അല്ലു അർജുന്റെ ജീവിത വഴിയും കരിയറിലെ മുന്നേറ്റത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പ്രമുഖ സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. ഒരുപാട് കഠിനാധ്വാനത്തിലൂടെയാണ് താരം ഇന്ന് കാണുന്ന സൗഭാഗ്യങ്ങളിലേക്ക് എത്തിയതെന്നും അതൊട്ടും എളുപ്പമായിരുന്നില്ലെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള നടൻമാരിൽ ഒരാളാണ് അല്ലു അർജുൻ. തെലുഗു ചലച്ചിത്ര നടനായ അല്ലു അർജുൻ തമിഴ്‌നാട്ടിൽ എങ്ക വീട്ടു പുള്ളൈയും മലയാളികളുടെ ദത്ത് പുത്രനും കൂടിയാണ്. അല്ലു അർജുൻ മഹാനടന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാൽ, മുൻ കാഴ്‌ച്ചപാടുകൾ ഒന്നും തന്നെയില്ലാതെ കടന്നുവന്ന ആളാണ്. എന്നാൽ പിന്നീട് ദേശീയ അവാർഡ് ജേതാവായി മാറിയതോടെ പറഞ്ഞത് ഞാൻ ഇങ്ങനെ ഒക്കെ ആയിത്തീരുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു എന്നാണ്.
പഠിത്തത്തിൽ വളരെ മോശമായ നിലവാരമാണ് പുലർത്തിയിരുന്നത്. ഏഴാം ക്ലാസിലും ഒൻപതാം ക്ലാസിലും തോൽവികൾ ഏറ്റുവാങ്ങിയിട്ടുണ്ട്. അങ്ങനെ തോൽവികൾ ഏറ്റുവാങ്ങിയ ഒരാളാണ് തന്റെ കഠിനാധ്വാനവും കുടുംബത്തിന്റെ പിന്തുണയും കൊണ്ട് സിനിമയുടെ അത്യുന്നതങ്ങളിൽ എത്തി നിൽക്കുന്നത്. അല്ലുവിന്റെ കുടുംബത്തിൽ നിന്ന് ഒരു ഡസൻ, അഥവാ പന്ത്രണ്ടോളം പേർ സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്.
മുത്തച്ഛൻ അറിയപ്പെടുന്ന ഒരു ഹാസ്യതാരമായിരുന്നു. ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും അനന്തരവൻ കൂടിയാണ് അല്ലു അർജുൻ. തെലുഗു ചിത്രങ്ങൾക്ക് കേരളത്തിൽ മാർക്കറ്റ് ഉണ്ടാക്കി കൊടുത്തത് ചിരഞ്ജീവി ആയിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ പലതും കേരളത്തിൽ തകർത്തോടിയിരുന്നു. മറ്റ് പലരും അതുപോലെ ചിത്രങ്ങൾ എത്തിച്ചെങ്കിലും അവയൊന്നും വിജയിച്ചിരുന്നില്ല.
പിന്നീട് ഇത് വിജയിപ്പിക്കാൻ കഴിഞ്ഞത് അല്ലു അർജുനായിരുന്നു. വീണ്ടും തിയേറ്ററുകൾ നിറഞ്ഞു കവിഞ്ഞത് അല്ലു അർജുൻ ചിത്രങ്ങൾക്കായിരുന്നു എന്ന് നിസംശയം പറയാം. പുഷ്‌പയുടെ സംവിധായകൻ സുകുമാർ ഒരുക്കിയ ആര്യ ഒക്കെ തുടക്കകാല ചിത്രങ്ങളായിരുന്നു. പിന്നെ ബണ്ണി, ഹാപ്പി അങ്ങനെ എത്രയെത്ര ചിത്രങ്ങൾ. ഒരുകാലത്ത് മലയാള സിനിമയ്ക്ക് കളക്ഷൻ തീരെകുറയുകയും പടങ്ങൾ അടിക്കടി പരാജയപ്പെടുകയും ചെയ്‌തിരുന്നു.
ആ സമയത്ത് തിയേറ്ററുകളെ പിടിച്ചുനിർത്തിയത് അന്യഭാഷാ ചിത്രങ്ങൾ ആയിരുന്നു. അതിൽ അല്ലു അർജുൻ ചിത്രങ്ങൾ വലിയ പങ്കുവഹിച്ചിരുന്നു. ചിത്രങ്ങൾ വിതരണത്തിന് എടുത്തവരും തിയേറ്ററുകാരും ഒക്കെ തന്നെ അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പേര് പോലെ ഹാപ്പിയായിരുന്നു. എല്ലാ ചേരുവകളും ചേർന്ന പക്കാ കൊമേഷ്യൽ ആയിരുന്നു. അല്ലുവിന് വേണ്ടി മലയാളത്തിൽ ശബ്‌ദം കൊടുക്കുന്നത് ജിസ്മോൻ എന്ന സംവിധായകനാണ്.
ജിസ്മോന്റെ ശബ്‌ദം അല്ലു അർജുന് വളരെ ഇഷ്‌ടപ്പെട്ടത് ആണെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറയുന്നുണ്ട്. അല്ലു അർജുന്റെ പല ചിത്രങ്ങളുടെയും ഷൂട്ട് കേരളത്തിലും നടക്കാറുണ്ട്. അതിൽ അഞ്ച് ചിത്രങ്ങളുടെ പ്രൊഡക്ഷൻ ചുമതലകൾ വഹിച്ചിരുന്നത് മലയാളത്തിലെ സീനിയർ കൺട്രോളർ ആയിരുന്ന കബീർ ആയിരുന്നു. സെറ്റിലേക്ക് അല്ലു വന്ന് കഴിഞ്ഞാൽ വെറുമൊരു പൂച്ചയെ പോലെയാണെന്ന്.
അദ്ദേഹം സ്വന്തം കാര്യങ്ങൾ നോക്കി ഒതുങ്ങി ഏതെങ്കിലും മൂലയിൽ ഇരിക്കും. അവിടെ ഉണ്ടെന്ന് പോലും അറിയില്ല. ചെറിയ രസകരമായ കാര്യങ്ങൾ കേട്ടാൽ പോലും എനിക്ക് ചിരി വരുമെന്ന് അല്ലു ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടിരുന്നു. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ സിനിമകൾക്കും കേരളത്തിൽ ഷൂട്ടിംഗ് ഉണ്ടാവാറുണ്ട്. ആലപ്പുഴ, തൊടുപുഴ, ചാലക്കുടി, വാഗമൺ, കോഴഞ്ചേരി എന്നിവ ഒക്കെയാണ് ഇഷ്‌ട ലൊക്കേഷനുകൾ.
കോഴഞ്ചേരിക്ക് അടുത്തുള്ള ചെറുകോൽ പുഴ പാലത്തിൽ നിന്നും നായികയ്ക്ക് ഒപ്പം പാലത്തിൽ നിന്നും താഴേക്ക് ചാടുന്ന ഒരു രംഗം ഉണ്ടായിരുന്നു. വരൻ എന്ന ചിത്രത്തിലെ രംഗമായിരുന്നു അത്. ആര്യ വമ്പൻ ഹിറ്റായപ്പോൾ തൊടുപുഴയ്ക്ക് അടുത്തുള്ള ചെറിയ ക്ഷേത്രത്തിലേക്ക് സുകുമാറും കുടുംബവും ഹൈദരാബാദിൽ നിന്നും വന്നു തൊഴുതു മടങ്ങിയ സംഭവവും കബീർ ഓർത്തെടുക്കുന്നുണ്ട്.
അല്ലു അർജുന്റെ മലയാളത്തിലെ ഇഷ്‌ട താരം മോഹൻലാലാണ്, ഒന്നിച്ച് സമയം ചിലവഴിക്കാൻ താൽപര്യമുള്ള നടൻ ഷാരൂഖ് ഖാൻ ആണെന്നും അല്ലു പറയുന്നുണ്ട്. കേരളത്തെ ഇഷ്‌ടപ്പെടാൻ മൂന്ന് കാരണങ്ങളാണ് അല്ലു പറയുന്നത്. ഒന്ന് തന്റെ പ്രിയപ്പട്ട ആരാധകർ, രണ്ടാമത് ഇവിടുത്തെ ഭക്ഷണം, മൂന്നാമത് കേരളത്തിന്റെ സൗന്ദര്യം.
തന്റെ ജീവിത മാറ്റിമറിച്ച വ്യക്തിയെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ പേര് സുകുമാർ എന്നായിരുന്നു. പുഷ്‌പയിൽ ആദ്യം നിശ്ചയിച്ചത് മഹേഷ് ബാബുവിനെ ആയിരുന്നു. ചോക്ലേറ്റ് ഹീറോയിൽ നിന്ന് കൂലിപ്പണിക്കാരൻ ആവാൻ മഹേഷ് ബാബു താൽപര്യം കാട്ടിയില്ല. എന്നാൽ അല്ലു അർജുൻ സന്തോഷപൂർവം അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ഒരുപാട് ബുദ്ധിമുട്ടുകൾ ഇതിനായി അല്ലു അർജുൻ സഹിച്ചിരുന്നു.
പുഷ്‌പയിൽ വില്ലനെ നിശ്ചയിക്കുമ്പോൾ ഇതുവരെ കണ്ട സ്ഥിരം വില്ലന്മാർ ഒന്നും വേണ്ടെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. അങ്ങനെ കണ്ടുമടുത്ത വില്ലന്മാരെ ഒഴിവാക്കിയാൽ പടത്തിന് ഫ്രഷ്‌നസ് കിട്ടുമെന്ന തോന്നലിലാണ് ഫഹദ് ഫാസിലിനെ കൊണ്ട് വരുന്നത്. വളരെ ബഹുമാനത്തോടെ ഫഹദ് ഫാസിൽ സാർ എന്നാണ് അല്ലു അർജുൻ എല്ലാ അഭിമുഖങ്ങളിലും സംസാരിക്കാറുള്ളത്. ഫഹദിന്റെ അഭിനയം നോക്കിയിരുന്ന് ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
പുഷ്‌പയുടെ വിജയം അവിസ്‌മരണീയമായിരുന്നു. പുഷ്‌പയിലെ ചന്ദന കള്ളക്കടത്തുകാർ പണം വാരി എടുക്കുന്നത് പോലെയായിരുന്നു സിനിമ റിലീസിന് ശേഷം പണം വാരിയത്. അതോടെ അല്ലു അർജുൻ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായകനായി മാറി. എന്നാൽ പുഷ്‌പ 2 പൊതുവെ കേരളത്തിൽ തണുപ്പൻ പ്രതികരണമായിരുന്നു സൃഷ്‌ടിച്ചത്, മറ്റ് സംസ്ഥാനങ്ങളിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.
പുഷ്‌പ 2 പ്രീമിയർ ഫാൻസുകാർക്ക് വേണ്ടി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ നടത്തി. അല്ലു അർജുനും കുടുംബവും വരുന്നെന്ന് അറിഞ്ഞപ്പോൾ ആരാധകർ തടിച്ചുകൂടി. പോലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി, അവർ ചിതറിയോടുകയും തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന മുപ്പത്തിയൊമ്പതുകാരി മരണപ്പെട്ടു. കുട്ടികൾക്കും പരിക്കേറ്റു. ഇതിന്റെ കോലാഹലത്തിൽ അല്ലു അർജുൻ അറസ്‌റ്റ് ചെയ്‌തു. എന്നാൽ രേവതിയുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ അല്ലു ചേർത്തുപിടിച്ചു.
വലിയ സാമ്പത്തിക സഹായവും ചെയ്‌തു. അവരുടെ കുടുംബങ്ങളുടെ ദുഖത്തിന് ഒപ്പം ചേർന്നു. ആരാധകരുടെ അതിരുകടന്ന ഈ ആവേശത്തിൽ നിന്നും മനസിലാക്കാം അല്ലു അർജുന് ജനഹൃദയത്തിൽ എത്രത്തോളം സ്ഥാനമുണ്ടെന്ന്. പുഷ്‌പ മൂന്നാം ഭാഗം 2028ൽ റിലീസ് ചെയ്യും എന്ന് കേൾക്കുന്നു. അറ്റ്ലീ സംവിധാനം ചെയ്യുന്ന സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് അടുത്തതെന്ന് അല്ലു അർജുൻ പറയുന്നു. അങ്ങനെ പണം കൊയ്യുന്ന ചിത്രങ്ങളുടെ ഭാഗമായി അല്ലു അർജുൻ മാറി കഴിഞ്ഞിരിക്കുന്നു.












Click it and Unblock the Notifications