'പൊതുവെ എനിക്കൊരു കോമാളി പരിവേഷമാണ്, അത് മീഡിയക്കാർ വരുത്തിതീർത്തത്'; സന്തോഷ് വർക്കി പറയുന്നു
മലയാളികൾക്ക് സിനിമാ റിവ്യൂവിലൂടെ സുപരിചിതനാണ് ആറാട്ടണ്ണൻ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കി. ഓൺലൈൻ മാധ്യമങ്ങളിലും ഫേസ്‌ബുക്കിലും ഒക്കെ നിറഞ്ഞു നിൽക്കുന്ന സന്തോഷ് വർക്കി പലപ്പോഴും ചില വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു. എന്നാൽ തന്നെ കോമാളിയായി ചിത്രീകരിച്ചത് ചില മാധ്യമങ്ങളുടെ സ്വാർത്ഥത മൂലമാണെന്നാണ് സന്തോഷ് വർക്കി ഇപ്പോൾ പറയുന്നത്. മൈഫിൻ ടിവിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സന്തോഷ്.
'എന്റെ യഥാർത്ഥ പേര് സന്തോഷ് മാത്യു വർക്കി എന്നാണ്. ആറാട്ടണ്ണൻ എന്ന പേരിലാണ് എല്ലാവർക്കും അറിയുന്നത്. ഭൂരിഭാഗം പേരുടെ മനസിലും എനിക്കൊരു കോമാളിയുടെ ഇമേജ് ആണ്. അതിന് കാരണം നമ്മുടെ നാട്ടിലെ ചില മാധ്യമങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങളാണ്. പലർക്കും എന്റെ ബാക്ക്ഗ്രൗണ്ട് എന്താണെന്ന് പോലും അറിയില്ല' സന്തോഷ് പറഞ്ഞു.

'ബേസിക്കലി ഞാനൊരു എഞ്ചിനീയറാണ്. പിന്നെ ഞാൻ ഫിലോസഫിയിലേക്ക് തിരിഞ്ഞു. അതിനോടായിരുന്നു താൽപര്യം. ചെറുപ്പത്തിൽ കണക്ക് നന്നായി കൈകാര്യം ചെയ്യുമായിരുന്നു. രണ്ട് മണിക്കൂർ കണക്ക് പരീക്ഷയൊക്കെ അര മണിക്കൂർ കൊണ്ട് തീർക്കാറുണ്ട്. വീട്ടുകാരുടെ സമ്മർദ്ദം ഇല്ലായിരുന്നെങ്കിൽ ഐഐടിയിലേക്ക് ഒക്കെ പോവേണ്ട ഒരാൾ ആയിരുന്നു ഞാൻ' സന്തോഷ് വർക്കി ചൂണ്ടിക്കാട്ടി.
'ചില ആരോഗ്യ പ്രശ്‌നങ്ങൾ കാരണം എന്റെ അച്ഛൻ മരിച്ചു, അങ്ങനെയാണ് അമ്മയെ നോക്കാൻ വേണ്ടി ഞാൻ എറണാകുളത്ത് നിന്നത്. അതിന്റെ ഇടയ്ക്കാണ് ഞാൻ വൈറലായത്. അതൊരിക്കലൂം പ്ലാൻ ചെയ്‌ത ഒന്നായിരുന്നില്ല. കുടുംബം മുഴുവൻ പഠനത്തോട് താൽപര്യമുള്ളവരും മികവ് കാട്ടിയവരുമായിരുന്നു. അച്ഛൻ ബാങ്ക് മാനേജർ ആയിരുന്നു' സന്തോഷ് പറഞ്ഞു.
'പത്ത് ബുക്കുകൾ ഞാൻ എഴുതിയിട്ടുണ്ട്. അതിൽ രണ്ടെണ്ണം പബ്ലിഷ് ചെയ്‌തിട്ടുമുണ്ട്. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ആളാണ് ഞാൻ. മീഡിയ പലപ്പോഴും അവരുടെ സ്വാർത്ഥതയ്ക്ക് വേണ്ടി കെട്ടിച്ചമച്ചതാണ് പലതും. എങ്കിലും ഇപ്പോഴും നല്ല കാഴ്‌ചക്കാരും എനിക്കുണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ല.' അദ്ദേഹം വ്യക്തമാക്കി.
'ഇവിടുത്തെ ഓൺലൈൻ മാധ്യമങ്ങൾ അവർക്ക് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോൾ പണമുണ്ടാക്കാനായി എനിക്ക് വേറൊരു രീതിയിലുള്ള ഇമേജ് ഉണ്ടാക്കിയെടുത്തതാണ്. എനിക്ക് ഇപ്പോൾ ഒരുപാട് സിനിമാ ഓഫറുകൾ വരുന്നുണ്ട്. എനിക്ക് ഒരിക്കലും ഗ്ലാമർ സെലിബ്രിറ്റി ആവാൻ താൽപര്യമില്ല. ആൽബർട്ട് ഐൻസ്‌റ്റിനെ ഒക്കെ പോലെ ആവാനാണ് എനിക്ക് ആഗ്രഹം' സന്തോഷ് വർക്കി മനസ് തുറന്നു.
'എനിക്ക് ഫേസ്‌ബുക്ക് പേജുണ്ട്, യൂട്യൂബും ഇൻസ്‌റ്റഗ്രാമും ഒക്കെയുണ്ട്. എന്നാൽ ഇവിടെയെല്ലാം കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ഞാൻ എഴുതിയാലും മോശം കമന്റുകളാണ് അവിടെ വരുന്നത്. ഇതൊരു പെയ്‌ഡ് സൈബർ ആക്രമണമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഓൺലൈൻ മീഡിയക്കാർ ജീവിക്കാൻ വേണ്ടി എന്നെ കോമാളിയാക്കി' സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.
മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്‌ത 'ആറാട്ട്' എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പിന്നീട് പല വിവാദങ്ങളിലെയും അദ്ദേഹം ഉൾപ്പെടുകയും ചെയ്‌തിട്ടുണ്ട്. നടൻ ബാലയുമായുള്ള പ്രശ്‌നവും പീഡന പരാതിയും ഉൾപ്പെടെ പിന്നാലെ വന്നിരുന്നു.












Click it and Unblock the Notifications