'ആ സിനിമയുടെ നെഗറ്റീവ് റിവ്യൂ കുറച്ച് ഓവറായെന്ന് എനിക്കും തോന്നി, പക്ഷെ ഇനി ഡിലീറ്റാക്കില്ല'; അശ്വന്ത് കോക്ക്
മലയാളികള്‍ക്ക് സുപരിചിതനായ ഫിലിം റിവ്യൂവറാണ് അശ്വന്ത് കോക്ക്. ഓരോ സിനിമയ്ക്കും ആ സിനിമയിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലെത്തിയാണ് അശ്വന്ത് കോക്ക് റിവ്യൂ പറയുന്നത്. തനിക്ക് മോശം എന്ന് തോന്നുന്ന സിനിമകളെ നിശിതമായി തന്നെ അശ്വന്ത് വിമര്‍ശിക്കാറുണ്ട്. ഇത് പലപ്പോഴും വിവാദങ്ങള്‍ക്കും വഴി വെച്ചിട്ടുണ്ട്. അശ്വന്ത് കോക്കിന്റേത് റിവ്യൂ ബോംബിംഗാണ് എന്ന് പലരും പറയാറുണ്ട്.
പലപ്പോഴും ഇതിന്റെ പേരില്‍ കടുത്ത ആക്രമണവും അശ്വന്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനിടെ കഴിഞ്ഞ വര്‍ഷം അശ്വന്ത് കോക്കിന് തന്റെ റിവ്യൂ വീഡിയോ പിന്‍വലിക്കേണ്ടിയും വന്നിരുന്നു. അരുണ്‍ ബോസ് സംവിധാനം ചെയ്ത മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന സിനിമയുടെ റിവ്യൂ ആണ് അശ്വന്ത് കോക്കിന് പിന്‍വലിക്കേണ്ടി വന്നത്. 2024 മെയ് 10 ന് തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ ആയിരുന്നു അശ്വന്ത് രേഖപ്പെടുത്തിയിരുന്നത്.

ഇതിന് പിന്നാലെ നിര്‍മാതാവ് സിയാദ് കോക്കര്‍ അശ്വന്ത് കോക്കിനെതിരെ രംഗത്തെത്തിയിരുന്നു. അശ്വന്ത് കോക്കിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അശ്വന്ത് കോക്ക് റിവ്യൂ പിന്‍വലിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അശ്വന്ത് കോക്ക്. സൈന സൗത്ത് പ്ലസിന് നല്‍കിയ് അഭിമുഖത്തിലാണ് അശ്വന്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'മാരിവില്ലിന്‍ ഗോപുരങ്ങള്‍ വളരെ ചെറിയ ബജറ്റില്‍ വന്ന സിനിമയാണ്. വളരെ നെഗറ്റീവായിട്ടാണ് ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നത്. എല്ലാ സിനിമയ്ക്കും അങ്ങനെ തന്നെയാണ് ഞാന്‍ പറയാറുണ്ടായിരുന്നത്. പക്ഷെ പിന്നീട് ആലോചിച്ച സമയത്ത് അത് കുറച്ച് ഓവറായി പോയി എന്ന് എനിക്ക് തന്നെ തോന്നി. ആ സമയത്ത് അങ്ങനെ ഒരു മൂഡിലായിരുന്നില്ല ഞാന്‍. അതിന്റെ പിറകെ പോയി, കേസായി അങ്ങനെ പോകാനുള്ള അവസ്ഥയായിരുന്നില്ല.
എന്റെ പേഴ്‌സണല്‍ ഇഷ്യൂസിന്റെ കൂടെ ഞാന്‍ അത് ഗിവ് അപ്പ് ചെയ്തതാണ്. പിന്നീട് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു അത് ആവശ്യമുണ്ടായിരുന്നില്ല എന്ന്. അത് സംഭവിക്കാനുള്ളത് സംഭവിച്ചു. ഞാന്‍ അത് അങ്ങ് വിട്ടുകളഞ്ഞു. ഇനി അങ്ങനെ ഉണ്ടാകില്ല. എന്റെ പേഴ്‌സണലായിട്ടുള്ള വീക്ക് പോയന്റില്‍ ഞാന്‍ പോയിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. അപ്പോള്‍ എനിക്ക് ഇതിന്റെ പിറകെ പോയി വള്ളിപിടിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല,' അശ്വന്ത് കോക്ക് പറയുന്നു.












Click it and Unblock the Notifications