'നായന്മാർ പൊതുവെ ഇവരെ അടുപ്പിക്കാറില്ല, വിവേചനം നേരിടുന്നവർ': അഖില്‍ മാരാർ തുറന്ന് പറയുന്നു
താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ സഖാക്കള്‍ക്ക് നന്നായി കൊണ്ടിട്ടുണ്ടെന്ന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാർ. സഹകരണ ബാങ്കുകളില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് അതിനെ വഴി തിരിച്ച് വിടാന്‍ ഒരു മന്ത്രി നടത്തിയ പ്രസ്താവനയെക്കുറിച്ചും ഞാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതാണ് ചില സഖാക്കള്‍ക്ക് കൊണ്ടത്. എല്ലാവർക്കും അല്ല, കമ്മ്യൂണിസം എന്തെന്ന് അറിയാത്ത പാർട്ടി അടിമകളായ കുറച്ചുപേർക്കാണ് ഞാന്‍ പറഞ്ഞത് കൊണ്ടതെന്നും അഖില്‍ മാരാർ പറയുന്നു.
കമ്മ്യൂണിസവും ഇടതുപക്ഷ ബോധവുമുള്ള ആളുകള്‍ക്ക് കൃത്യമായി അറിയാവുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്. കമ്മ്യൂണിസം എന്ന് പറയുന്നത് ഒരിക്കലും നടപ്പില്‍ വരുത്താന്‍ കഴിയാത്ത ആശയമാണ്. കേന്ദ്രത്തിലെ ബി ജെ പിയെപ്പോലെ കേരളം ഭരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി മാത്രമാണ് സി പി എം. കമ്യൂണിസം എന്ന് പറയുന്നത് പേരില്‍ മാത്രമാണ് ചുമന്നുകൊണ്ടു നടക്കുന്നത്.

ബി ജെ പിയുടെ ആശയുവുമായി പ്രത്യക്ഷത്തില്‍ ഒരു ബന്ധവും ഇല്ലെങ്കിലും പരോക്ഷമായി അവർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളും ബി ജെ പിയുടെ ഒരു ലളിതമായ വകഭേദമാണ്. വീണ്ടും വീണ്ടും കമ്യൂണിസം എന്ന പദം എടുത്ത് ഉപയോഗിക്കുന്നതുകൊണ്ട് ആർക്കെങ്കിലും വിഷമം തോന്നുണ്ടെങ്കില്‍ അവർ എന്നോട് ക്ഷമിക്കണമെന്നും അഖില്‍ മാരാർ പറയുന്നു.
ജാതിയുമായി ബന്ധപ്പെട്ട പരാമർശം നടത്തിയപ്പോള്‍ 90 ശതമാനം ഇടതുപക്ഷക്കാരും എന്നെ വിമർശിക്കാനായി ഉപയോഗിച്ചത് പേരിന് ഒപ്പമുള്ള 'മാരാർ' ആണ്. മീഡിയ വണ്‍ ചാനലൊക്കെ ഇത് നേരത്തെ തന്നെ ചർച്ചയാക്കിയതാണ്. എന്റെ പേരിനൊന്നും മാരാർ എന്നല്ല, മനുഷ്യന്‍, നായർ, കുറവന്‍, പുലയന്‍ എന്നിലേതെങ്കിലുമായിരുന്നാലും അഖില്‍ മാരാരുടെ സ്വഭാവം ഇതു തന്നെയായിരിക്കും . അതില്‍ യാതൊരു വ്യത്യാസവും ഉണ്ടായിരിക്കില്ല.
ഞാന്‍ ജനിച്ച പ്രദേശത്ത് കൂടുതലും എന്‍ എസ് എസുകാരാണ്. അതില്‍ തന്നെ എണ്ണത്തില്‍ വളരെ കുറവുള്ള ഒരു വിഭാഗമാണ് മാരാർ. ആ ജാതിക്ക് എന്തെങ്കിലും പ്രിവിലേജ് ഇല്ലെന്ന് മാത്രമല്ല, എന്‍ എസ് എസിനുള്ളില്‍ കൃത്യമായ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നവരുമാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം നായന്മാർ പൊതുവെ ഇവരെ അടുപ്പിക്കാറില്ലെന്നും അഖില്‍ മാരാർ പറയുന്നു.
80 ശതമാനത്തോളം എന്‍ എസ് എസ് വോട്ടുകളുള്ള ഒരു പ്രദേശത്ത് ആ സംഘടനയെ എതിർത്ത ഒരാളാണ് ഞാന്‍. എന്നിട്ട് തിരഞ്ഞെടുപ്പിലും മത്സരിച്ചു. ഒരു മനുഷ്യന്റെ സ്വഭാവം, പ്രവർത്തി അതൊക്കെയാണ് ഞാന്‍ ജാതിയായി കാണുന്നത്. തന്റെ പ്രദേശത്ത് വളരെ കുറച്ച് വരുന്ന കെപിഎംഎസിന് വേണ്ടി സംസാരിക്കുമ്പോള്‍ എൻ്റെ സുഹൃത്തുക്കള്‍ക്കെതിരെ അടക്കം എതിരെ നില്‍ക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ആ പ്രശ്നം വലുതാവുകയും, അതേ തുടർന്ന് കോണ്‍ഗ്രസ് വിട്ട് പോവേണ്ടി വരികയും ചെയ്ത വ്യക്തിയാണ് ഞാനെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications