'അഖില്‍ മാരാർ ഉപയോഗിക്കുന്നത് പലരും ഉപയോഗിക്കുന്ന അതേ കാപ്സ്യൂള്‍': മറുപടിയുമായി ദിനു വെയില്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് അഖില്‍ മാരാർക്കെതിരെ വിമർശനവുമായി സാമൂഹ്യ പ്രവർത്തകനായ ദിനു വെയില്‍. അഖില്‍ മാരാരുടെ പേരിലെ ജാതിയും അതേതുടർന്നുണ്ടായ മാധ്യമ ചർച്ചകളുടേയും മറുപടിയുടേയും പശ്ചാത്തലത്തിലാണ് ദിനു വെയിലിന്റെ പ്രതികരണം. ദളിതരുടെ കോളനിയില്‍ ജീവിച്ച വ്യക്തിയാണ് താനെന്ന് പറഞ്ഞ് ജാതി വിമർശനങ്ങളെ നേരിടുന്ന അഖില്‍ മാറാറിന്റെ വാദങ്ങളെയാണ് ദിനു ചോദ്യം ചെയ്യുന്നത്.
ജാതി സംബന്ധിച്ച പ്രിവിലേജ് ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾ നേരിടുവാൻ സ്ഥിരമായി ഉപയോഗിക്കുന്ന ക്യാപ്സൂളുകളിൽ ഒന്നുതന്നെയാണ് അഖിൽ മാരാർ ഉപയോഗിച്ചിട്ടുള്ളതെന്നും ദിനു വെയില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അഖിൽ മാരാർ തൻ്റെ പേരിലെ ജാതി സംബന്ധിച്ച രാഷ്ട്രീയ വിമർശനങ്ങളെ നേരിടുന്നത് ദളിതരുടെ കോളനിയിൽ തൻ്റെ വീടുണ്ടായിരുന്നു എന്ന് പറഞ്ഞാണ്. പലരും ജാതി സംബന്ധിച്ച പ്രിവിലേജ് ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾ നേരിടുവാൻ സ്ഥിരമായി ഉപയോഗിക്കുന്ന ക്യാപ്സൂളുകളിൽ ഒന്നുതന്നെയാണ് അഖിൽ മാരാർ ഉപയോഗിച്ചിട്ടുള്ളത്. അഖിൽ ഒരു മാരാർ സമുദായത്തിൽ പെട്ട ആളായതുകൊണ്ടല്ല കോളനിയിൽ ജീവിക്കേണ്ടിവന്നത് എന്നാൽ അഖിലിനൊപ്പം ഉണ്ടായ മറ്റു വീടുകളിൽ ഉള്ളവർ പട്ടികജാതിക്കാർ ആയതുകൊണ്ടാണ് അവരാ കോളനിയിൽ ജീവിക്കേണ്ടിവന്നത്.
ദലിതർ ജീവിക്കുന്നിടത്ത് ദളിതേതര ജാതിയിൽപെട്ടവർക്ക് മനസമാധാനത്തോടെ ജീവിക്കാൻ വേണ്ടി പറ്റുന്നത് ദളിതർ ഒരു സമുദായം എന്ന നിലയിൽ സഹജീവി സ്നേഹവും പാരസ്പര്യവും ശീലിച്ചിട്ടുള്ളവർ ആയതിനാലാണ്. അവർ തങ്ങളുടെ അയൽക്കാരെ ജാതി നോക്കാതെ സ്നേഹിക്കുന്നവരാണ്. സവർണ്ണ ജാതി സമുദായത്തിലുള്ളവർ പാർക്കുന്ന ഇടങ്ങളിൽ ദളിതർ വിവേചനം നേടുന്നത് ഒരു സമുദായം എന്ന നിലയിൽ സവർണ്ണ സമുദായങ്ങൾ പരസ്പര വിദ്വേഷത്തെയും തൊട്ടുകൂടായ്മയും അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടതിനാലാണ്. ജാതി വ്യവസ്ഥയിൽ നല്ല ഒരേ ജാതി അയൽക്കാരെ മാത്രമേ സ്വീകാര്യമാവും.
കൽപ്പാത്തിയുടെ തെരുവുകളിൽ നടക്കാൻ വേണ്ടി ഈഴവർ മുതൽ അങ്ങോട്ടേക്കുള്ള ജാതികൾക്ക് കേരളത്തിന്റെ ചരിത്രത്തിൽ സമരം ചെയ്യേണ്ടി വന്നത് ഇതുകൊണ്ടുതന്നെയാണ്. ദളിതരുടെ കോളനിയിൽ സവർണർക്ക് വീടുണ്ടോ എന്നതല്ല ദളിതർക്ക് അഗ്രഹാരങ്ങളിൽ ജീവിക്കാൻ വേണ്ടി സാധിക്കുന്നുണ്ടോ എന്നതാണ് ജാതിവിവേചനം സംബന്ധിച്ച അളവുകോൽ. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ ദളിത് സ്ത്രീ ആയ ചിത്ര വീട് വയ്ക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ അയൽവാസികൾ ഇവിടെ കോളനി ആക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് തടയുന്നിടത്താണ് കേരളത്തിൽ ജാതി പ്രവർത്തിക്കുന്നത്.
അഖിലിന് താമസിക്കേണ്ടി വന്ന കോളനി പോലെ 40000 കോളനികളിൽ ദളിത് സമുദായത്തിൽപെട്ടവർ മാത്രമാണ് ജീവിക്കുന്നത് എന്നും അവർ എങ്ങനെ കോളനിവൽക്കരിക്കപ്പെട്ടു എന്നതും അഖിൽ പരിശോധിക്കേണ്ടതുണ്ട്. ഒരു സമുദായം എന്ന നിലയിൽ താങ്കളുടെ സമുദായത്തിൽപ്പെട്ട എത്രപേർ സമുദായ കോളനികളിൽ ജീവിക്കേണ്ടിവരുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.
അഖിൽ മാരാറിനെ പോലുള്ള വ്യക്തികൾ പ്രയത്നിക്കേണ്ടത് സ്വന്തം സമുദായങ്ങളിൽ പാരസ്പര്യം, സഹജീവി സ്നേഹം എന്നിവ വളർത്താനാണ്.. നൂറ്റാണ്ടുകളുടെ ജാതി ബോധം പേറുന്ന സവർണ്ണ സമുദായത്തിലെ അംഗങ്ങളെ നവീകരിക്കുവാൻ അഖിലിനൊപ്പം ഞാനും ഉണ്ടാകും.












Click it and Unblock the Notifications