നടി പാർവതി നായർക്കെതിരെ കേസ്: പരാതി നല്‍കിയത് വീട്ടുജോലിക്കാരന്‍
ചെന്നൈ: നടി പാർവതി നായർക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. പാർവതി നായർക്ക് പുറമെ സിനിമ നിർമ്മാതാവ് രാജേഷ് ഉള്‍പ്പെടെ മറ്റ് അഞ്ച് പേർക്കെതിരേയും കേസ് എടുത്തുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിലാണ് പൊലീസ് നടപടി. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകുകയെന്നും പൊലീസ് വ്യക്തമാക്കി.
തന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് ആരോപിച്ചുകൊണ്ട് 2022ൽ പാർവതി നായർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടു ജോലിക്കാരനായ സുഭാഷ് ചന്ദ്രബോസിനെയായിരുന്നു താരം അന്ന് സംശയ മുനയില്‍ നിർത്തിയത്. തന്റെ വീട്ടിൽനിന്ന് 9 ലക്ഷം രൂപയും ഐഫോണും ലാപ്ടോപ്പും കാണാതായെന്നായിരുന്നു പരാതി.

എന്നാല്‍ ഇതിന് പിന്നാലെ നടിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദ്ദിച്ചെന്ന് കാട്ടി സുഭാഷ് ചന്ദ്രബോസ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സുഭാഷ് ചന്ദ്രബോസ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഏറെക്കാലം നടപടിയൊന്നും ഉണ്ടായില്ല. ഇതോടെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ നിർദേശ പ്രകാരമാണ് പാർവതി നായർക്കും സിനിമ നിർമ്മാതാവിനും മറ്റുള്ളവർക്കുമെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് നടി. നഷ്ടമായ പണവും മറ്റ് വസ്തുക്കളും വീണ്ടെടുക്കാനാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സാധനങ്ങള്‍ നഷ്ടമായതിന് ശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ നടപടി ലഭിച്ചില്ലെന്നും നടി ആരോപിക്കുന്നു.
മോഡലിങ് രംഗത്ത് നിന്നും അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് പാർവതി നായർ.അബുദാബിയിലെ ഒരു മലയാളി കുടുംബത്തിൽ ആണ് ജനനം. 2010 ൽ 'മിസ്സ്. കർണ്ണാടക', 'മിസ്സ് നാവിക ക്വീൻ' എന്നീ ടൈറ്റിൽ സ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നു. 2012 ൽ വി കെ പ്രകാശ് സംവിധാനം ചെയ്ത പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ പോപ്പിൻസിലൂടെ അരങ്ങേറ്റം കുറിച്ചു.
യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്, നി കൊ ഞാ ചാ, ഡി കമ്പനി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം യെന്നൈ അറിന്താൽ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. കന്നഡ, തെലുങ്ക് ചിത്രങ്ങളിലും നിരവധി ഷോർട് ഫിലിമുകളിലും താരം ഇതിനോടകം വേഷമിട്ടുണ്ട്. വിജയ് നായകനായ ഗോട്ടാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.












Click it and Unblock the Notifications