'ലാലേട്ടന്റെ മുന്നിൽ ക്ലാപ്പ് അടിച്ചാണ് തുടങ്ങിയത്, അവർ എന്നോട് എങ്ങനെ പെരുമാറും എന്നായിരുന്നു പേടി'; ദിലീപ്
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ സൂപ്പർതാരങ്ങൾക്ക് ശേഷം മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായ വ്യക്തിയാണ് ദിലീപ്. ശരിക്കും സൂപ്പർതാരമായി തന്നെ വളർന്നുവന്ന ദിലീപ് ചിത്രങ്ങൾ എക്കാലവും റിപ്പീറ്റ് വാല്യൂ ഉള്ളവയായാണ് കണക്കാക്കുന്നത്. കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്‌ണൻ, കലാഭവൻ മണി, ഇന്നസെന്റ്, ഹരിശ്രീ അശോകൻ, ജഗതി തുടങ്ങിയ താരങ്ങൾക്ക് ഒപ്പമുള്ള ദിലീപ് ചിത്രങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്.
അത്തരത്തിൽ അടുത്തകാലത്തായി ഇറങ്ങിയ ദിലീപ് ചിത്രങ്ങൾക്ക് പക്ഷേ പഴയ ജനപ്രീതി കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. അവസാനമായി രാമലീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിന് ഒരു ക്ലീൻ ഹിറ്റ് കിട്ടാൻ കാത്തിരിക്കേണ്ടി വന്നത് വർഷങ്ങളാണ്. ഇപ്പോഴിതാ ബിന്റോ സ്‌റ്റീഫൻ സംവിധാനം ചെയ്‌ത ചിത്രമായ പ്രിൻസ് ആൻഡ് ദി ഫാമിലി ആയിരുന്നു ഈ മോശം കാലഘട്ടത്തിന് അറുതി വരുത്തിയത്.

ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടെ അഭിനയിച്ച ചിത്രം 60 ദിവസം പിന്നിട്ട ശേഷം വിജയാഘോഷം ഉൾപ്പെടെ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഈ സിനിമയുടെ വിജയാഘോഷ വേളയിൽ ദിലീപ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൈറലാവുന്നത്. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും മൺമറഞ്ഞു പോയ കലാകാരൻമാരെ കുറിച്ചും നടൻ സംസാരിച്ചു.
ദിലീപിന്റെ വാക്കുകൾ
ഒരുപാട് പൊട്ടിച്ചിരിപ്പിക്കുന്ന സിനിമയിലെ നായകൻ എന്ന് കേട്ടപ്പോൾ വലിയ സന്തോഷം. പക്ഷേ 91 മുതൽ ഞാൻ അസിസ്‌റ്റന്റ് ഡയറക്‌ടറായി സിനിമയിൽ തുടങ്ങുമ്പോൾ എന്റെ സീനിയേഴ്‌സിന്റെ അഭിനയം കണ്ടാണ് ഞാൻ അഭിനയം പഠിച്ചത്. അന്ന് ലാലേട്ടന്റെ മുൻപിൽ ക്ലാപ്പ് അടിച്ചു തുടങ്ങിയ സിനിമാ ജീവിതമാണ് എന്റേത്. അതിന് ശേഷം, ഞാൻ കോളേജിൽ പഠിക്കുന്ന കാലം തൊട്ട് ഹീറോസിന്റെ ലിസ്‌റ്റ് എടുത്താൽ ഒരുപാട് പേരുണ്ട്.
ലാലേട്ടൻ ആണെങ്കിലും, ജയറാമേട്ടൻ ആണെങ്കിലും, മുകേഷേട്ടൻ, ശ്രീനിയേട്ടൻ, ജഗദീഷേട്ടൻ, സായി ചേട്ടൻ, സിദ്ദിക്ക തുടങ്ങിയ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ഒരുപാട് ചിരിപ്പടങ്ങളും ഹീറോകളും ഉണ്ടായിരുന്നു. അതുപോലെ നമ്മെ വിട്ടുപോയ ഒരുപാട് പേരുണ്ട്, വേണുവേട്ടൻ ഉണ്ണിയേട്ടൻ, മാളച്ചേട്ടൻ, ബഹുദുർക്ക, ഹനീഫ്ക്ക അങ്ങനെ ഒരുപാട് പേരുടെ കൂടെ കളിച്ചാണ് ഇങ്ങനെ എത്തിയത്. അവരിൽ നിന്നാണ് ഞാൻ പഠിച്ചത്.
എന്നെക്കൊണ്ട് ഒറ്റയ്ക്ക് ആവുമായിരുന്നില്ല. മലയാള സിനിമയിൽ വരുമ്പോൾ എനിക്ക് ആദ്യമുണ്ടായ ഒരു പേടി ഉണ്ടായിരുന്നു. ഞാൻ സഹസംവിധായകനായി ജോലി ചെയ്‌ത ഒരാളാണ്, അപ്പോൾ എന്നെ എങ്ങനെ ഈ അഭിനേതാക്കൾ എടുക്കുമെന്നുള്ള പേടിയായിരുന്നു അത്. എന്നോട് എങ്ങനെ ആയിരിക്കും പെരുമാറുക എന്നുള്ള പേടി എനിക്കുണ്ടായിരുന്നു.
അവർ ഓരോരുത്തരും വളരെ ആത്മാർഥമായി എന്നെ തിരുത്തിയവരാണ്. അവരോട് ഞാൻ ആദ്യമായി നന്ദി പറയുകയാണ്. 150 സിനിമ എന്ന നിലയിലേക്ക് എന്നെ എത്തിച്ച എന്റെ നിർമ്മാതാക്കൾ, സംവിധായകർ, എഴുത്തുകാർ, അഭിനേതാക്കൾ എന്നിവരെയെല്ലാം ഞാൻ നന്ദിയോട് ഓർക്കുകയാണ്. കാരണം ഞാൻ ഒറ്റയ്ക്കല്ല ഉറക്കമിളച്ചത്.
അവരോടൊക്കെ ചേർന്ന് നിന്നിയിട്ടുള്ളതാണ് എന്റെ വിജയം. ഇന്നത്തെ കാലത്ത് ഒരു സിനിമ 60 ദിവസം ഓടുന്നത് വലിയ കാര്യമാണ്. 25 ദിവസമൊക്കെയാണ് ഒരു സിനിമയുടെ ആയുസ്. അത് കഴിഞ്ഞാൽ ചിലപ്പോൾ ഒടിടിയിൽ കാണാം, ഇല്ലെങ്കിൽ ഇല്ല. ഇത് സിനിമയ്ക്ക് അനുകൂലമായ സാഹചര്യമാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല. അത്തരത്തിൽ വലിയ വിജയമായി ഒരു സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ എല്ലാവരോടും നന്ദി പറയുന്നു.












Click it and Unblock the Notifications