മമ്മൂട്ടിയുടെ വീടിന് മുന്നിൽ അവർ റീത്ത് വെച്ചു; ദിലീപ് അത് ചെയ്തിരുന്നെങ്കിൽ അമ്മക്ക് പണി'; ദേവൻ
നടി ആക്രമിക്കപ്പെട്ട കേസിനെ തുടർന്ന് വലിയ ബാഹ്യസമ്മർദ്ദങ്ങൾക്കൊടുവിലായിരുന്നു നടൻ ദിലീപിനെ താരസംഘടനയായ അമ്മ പുറത്താക്കിയത്. ഇതിനെ ചൊല്ലി അമ്മയ്ക്കുള്ളിൽ പല അതൃപ്തികളും ഉയർന്നിരുന്നു. അതേസമയം അന്ന് അമ്മ കൈകൊണ്ട നടപടി നിയമവിരുദ്ധമാണെന്ന് പറയുകയാണ് നടൻ ദേവൻ. ദി സിനിമക്യൂ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ദിലീപിനെ പുറത്താക്കാൻ മമ്മൂട്ടിയുടെ വീടിൽ ചേർന്ന യോഗത്തിൽ എന്താണ് സംഭവിച്ചതെന്നും ദേവൻ വെളിപ്പെടുത്തി.
നടന്റെ വാക്കുകളിലേക്ക് - ' ആരോപണം നേരിടുന്ന ആൾ മത്സരിക്കരുതെന്ന് അമ്മയുടെ ബൈലോയിൽ എവിടേയും പറഞ്ഞിട്ടില്ല. ആരോപണം നേരിടുന്നവർ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിവെക്കുകയാണ് വേണ്ടത്, അല്ലാതെ നിയമമല്ല. ആരോപണം നേരിട്ടപ്പോൾ ബാബുരാജ് അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നത് നല്ല കാര്യമാണ്.

ദിലീപിനെ പുറത്താക്കിയത് സംഘടന വിരുദ്ധമാണ്. ഒരാൾ എന്തെങ്കിലും തെറ്റ് ചെയ്താൽ കോടതിയിൽ നിന്നും ഉത്തരവ് വരുന്നതിന് മുൻപ് അവരെ പുറത്താക്കരുത് എന്നാണ് അമ്മയുടെ ബൈലോ. ബൈലോ പറയുന്നത് ആരോപണം നേരിടുന്ന വ്യക്തിക്ക് സംഘടന ഷോക്കോസ് നോട്ടീസ് നൽകണം, എന്തുകൊണ്ട് പിരിച്ചുവിട്ട് കൂടെന്ന് കാണിക്കണം. 15 ദിവസത്തെ കാലാവധിയുണ്ട് ഇതിന്. എന്തുകൊണ്ട് എനിക്ക് അമ്മയിൽ തുടരാം എന്ന് താൻ തെറ്റ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കികൊണ്ടൊരു വിശദീകരണം അവർക്ക് നൽകാം. ആ വിശദീകരണം കേട്ടിട്ട് ഈ കമ്മിറ്റിക്ക് വേണമെങ്കിൽ അംഗീകരിക്കാം അല്ലെങ്കിൽ ആരോപണം നേരിടുന്നയാളെ സസ്പെന്റ് ചെയ്യാം.
പുറത്താക്കുന്ന പ്രക്രിയ നടപ്പാക്കണമെങ്കിൽ സമയമെടുക്കും. ദിലീപിനെ സസ്പെന്റ് ചെയ്യാമായിരുന്നു. അദ്ദേഹം കേസിന് പോയിക്കോട്ടെ അതിനുശേഷം നമ്മുക്ക് തീരുമാനം എടുക്കാം എന്നായിരുന്നു ഞാൻ പറഞ്ഞത്. അദ്ദേഹത്തിന് പറയാനുള്ള അമ്മയുടെ കമ്മിറ്റി കേൾക്കണമായിരുന്നു. എന്നാൽ അദ്ദേഹത്തെ കേട്ടില്ല. അത് അമ്മ ചെയ്ത വലിയ തെറ്റായിട്ടാണ് കണ്ടത്. എന്നാൽ അന്ന് വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. മാധ്യമങ്ങളും അമ്മയുടെ കാര്യങ്ങളിൽ ഇടപെടേണ്ടാത്ത രാഷ്ട്രീയ പാർട്ടികൾ വരെ അന്ന് മമ്മൂട്ടിയുടെ വീടിന് മുന്നിൽ എത്തി. അവർ പ്രതിഷേധങ്ങൾ നടത്തി, ഗേറ്റിന് മുന്നിൽ റീത്ത് വെച്ചു. അമ്മയുടെ മീറ്റിങ്ങ് മമ്മൂട്ടിയുടെ വീട്ടിൽ വെച്ച് നടക്കുന്ന സമയത്താണ് ഇത്. അത്രയും സമ്മർദ്ദം ഉണ്ടായി.
ആർട്ടിസ്റ്റുകളൊക്കെ വളരെ സെൻസിറ്റീവ് ആണ്. മമ്മൂട്ടിയുടെ വീട്ടിൽ ഞാനുമുണ്ട്. മോഹൻലാൽ പോലുള്ള താരങ്ങളും. ഞാൻ അവരൊക്കെ അനുഭവിക്കുന്ന സമ്മർദ്ദം കാണുന്നുണ്ട്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും മുഖം കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. നിസഹായ അവസ്ഥയിലായിരുന്നു അവർ. മോഹൻലാലും മമ്മൂട്ടിയും ചോദിക്കുന്നുണ്ട് നമ്മുക്ക് സസ്പെന്റ് ചെയ്താൽ പോരെയെന്ന്. എന്നാൽ മറ്റ് ചിലർ കടുത്ത നിലപാടെടുത്തു, പോരെ പുറത്താക്കണമെന്ന്. ആ സമ്മർദ്ദങ്ങളുടെയൊക്കെ ഫലമായാണ് ദിലീപിനെ പുറത്താക്കിയത്.
ദിലീപ് അത് നിയമപരമായി നേരിട്ടിരുന്നുവെങ്കിൽ അമ്മ വലിയ കുഴപ്പത്തിലേക്ക് പോയിരുന്നു. അമ്മയോട് ദിലീപിന് സ്നേഹും ബഹുമാനവും ഉണ്ടായതിനാലാണ് അദ്ദേഹം അത് ചെയ്യാതിരുന്നത്.
ശ്വേതമേനോനെതിരെ ഇപ്പോൾ ഉയർന്ന കേസിൽ യാതൊരു അടിസ്ഥാനവുമില്ല. മാധ്യമങ്ങൾ ആദ്യം ഈ കേസ് റിപ്പോർട്ട് ചെയ്തത് വിചിത്രമായ കേസ് എന്നാണ്. ആരോ എന്തോ കുക്ക് ചെയ്ത് ഉണ്ടാക്കിയതാണ്. യാതൊരു തെളിവും ഇല്ല. എഫ്ഐആറിൽ പറഞ്ഞിരിക്കുന്ന സെക്ഷൻ പ്രകാരം ഒന്നും നടന്നിട്ടില്ല. ഇവർ അഭിനയിച്ച പടങ്ങളെല്ലാം സെൻസർ ബോർഡ് പെർമിറ്റ് ചെയ്ത പടങ്ങളാണ്. എഫ്ഐആറിൽ പറഞ്ഞിരിക്കുന്ന ഒരു തരത്തിലുള്ള സെക്ഷ്വൽ ആയിട്ടുള്ള കാര്യങ്ങളും സിനിമയിൽ ഇല്ല. കോടതി പറഞ്ഞത് കൊണ്ട് ഈ കേസ് അവസാനിപ്പിക്കരുത്. ശ്വേത മേനോന് എതിരായ കേസിന് പിന്നിൽ ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്', ദേവൻ പറഞ്ഞു.












Click it and Unblock the Notifications