മോഹന്‍ലാലിനെ ചൂണ്ടി അമിതാഭ് ബച്ചന്‍ പറഞ്ഞത്; ഞാന്‍ കോരിത്തരിച്ചു, 50 ലക്ഷവും അദ്ദേഹം മടക്കി: മേജർ രവി
ഇന്ത്യന്‍ സിനിമ ലോകത്തിന്റെ അഭിമാനമയ അമിതാഭ് ബച്ചന്‍ അഭിനയിച്ച ഒരേയൊരു മലയാള ചലച്ചിത്രമാണ് കാണ്ഡഹാർ. മോഹന്‍ലാല്‍-മേജർ രവി കൂട്ടുകെട്ടില്‍ പിറന്ന ചിത്രം തിയേറ്ററുകളില്‍ വലിയ വിജയം നേടിയില്ലെങ്കിലും അമിതാഭ് ബച്ചന്റെ സാന്നിധ്യം കൊണ്ട് ചിത്രം ശ്രദ്ധേയമായി മാറി. ബോളിവുഡില്‍ തന്നെ പല നിർമ്മാതാക്കള്‍ക്കും താങ്ങാന്‍ കഴിയുന്ന പ്രതിഫലം അല്ല ബിഗ് ബിയുടേത്. അങ്ങനേയുള്ള താരം മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയത് അന്ന് ഏറെ ശ്രദ്ധേയമായിരുന്നു.
കാണ്ഡഹാറില്‍ അഭിനയിക്കുന്നതിന് അമിതാഭ് ബച്ചന്‍ എത്രയായിരിക്കും പ്രതിഫലം വാങ്ങിയിരിക്കുക എന്നുള്ളത് പ്രേക്ഷകർ എക്കാലത്തും ആലോചിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ അമിതാഭ് ബച്ചന്റെ കാണ്ഡഹാറിലേക്ക് എത്തിയതിനെക്കുറിച്ചും അദ്ദേഹത്തിന്റെ ശമ്പളത്തേക്കുറിച്ചും മേജർ രവി തന്നെ തുറന്ന് പറയുകയാണ്. കൌമുദി മൂവീസിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനോരമയുടെ കോണ്‍ക്ലേവിനായി അമിതാഭ് ബച്ചന്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ മുഖേനയാണ് കഥപറയാനുള്ള സമയം ചോദിക്കുന്നത്. അങ്ങനെ കഥ പറഞ്ഞപ്പോള്‍ അദ്ദേഹം ഓക്കെ പറഞ്ഞു. അദ്ദേഹത്തിന്റെ ഡേറ്റ് വാങ്ങിച്ചതിന് ശേഷം ഞാനും നിർമ്മാതാവും മോഹന്‍ലാലും കൂടി മുംബൈയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. അന്ന് അവിടെ അഭിഷേക് ബച്ചനും ഉണ്ട്. അദ്ദേഹവുമായി സംസാരിച്ചു.
മുകളിലെ നിലയിലേക്ക് പോയി ചായയൊക്കെ കുടിച്ചതിന് ശേഷം ഒരു ചെക്ക് എടുത്തിട്ട്, എഴുന്നേറ്റ് നിന്ന് പറഞ്ഞു 'അമിത് ജി ഇത് ഒരു റമ്യൂണറേഷനായിട്ട് കണക്കാക്കരുത്. അത് തരാനുള്ള കഴിവ് എനിക്കും, മലയാളം ഫിലിം ഇന്‍ഡസ്ട്രിക്കും ഇപ്പോഴില്ല. അതുകൊണ്ട് ഇതൊരു ടോക്കണ്‍ ആയി കണക്കാക്കണം. മൂന്ന് ദിവസത്തെ വർക്കാണ്' എന്നും പറഞ്ഞ് ഒരു അമ്പത് ലക്ഷത്തിന്റെ ചെക്ക് എടുത്തിട്ട് അദ്ദേഹത്തിന് നല്‍കി.
അദ്ദേഹം അത് വാങ്ങിച്ചില്ല. എന്താണ് ഇതെന്ന് ചോദിച്ചു. 'ഇന്ന് ഞങ്ങളുടെ മലയാള മാസത്തിന്റെ തുടക്കമാണ്. വിഷുവാണ്. ആ ഒരു ദിവസം ആയതുകൊണ്ടാണ് ഇത് തരാന്‍ വേണ്ടി വന്നത്' എന്ന് പറഞ്ഞു. ലാല്‍ സാറും അങ്ങനെ തന്നെ പറഞ്ഞു. അപ്പോള്‍ അദ്ദേഹം മോഹന്‍ലാലിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞത് 'വാട്ട് റമ്യൂണറേഷന്‍, ഫോർ ദ ത്രീ ഡെയ്സ്. ഐ ലൈക്ക് ദാറ്റ് പേഴ്സണ്, ഐ ലൈക്ക് ആക്ട് വിത്ത് ഹിം' എന്നായിരുന്നുവെന്നും മേജർ രവി പറയുന്നു.
എനിക്ക് എല്ലാം കൊണ്ട് വലിയ സന്തോഷമായി. ഞാന്‍ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മോഹന്‍ലാല്‍, അതുപോലെ ആരാധിക്കുന്ന മനുഷ്യനാണ് അമിതാഭ്, അദ്ദേഹംമാണ് എനിക്ക് മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമാണ് എന്ന് പറയുന്നത്. ഇവരുടെ നടുക്ക് സിനിമയെക്കുറിച്ച് അധികമൊന്നും അറിയാത്ത ഞാന്‍ അന്ധാളിച്ച് നില്‍ക്കുകയാണ്. കാണ്ഡഹാറില്‍ ഒരു പൈസ പോലും വാങ്ങിക്കാതെയാണ് അമിതാബ് ജി അഭിനയിക്കുന്നതെന്നും മേജർ രവി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications