'വൈല്‍ഡ് റെസ്‌പോണ്‍സ്': ലാലേട്ടന്‍ വിളിച്ചെന്ന് നെല്‍സണ്‍, 'നിങ്ങളെന്താണ് എന്നെ വെച്ച് ചെയ്തിരിക്കുന്നത്?'
രജനീകാന്ത് നായകനായെത്തിയ ജയിലര്‍ മികച്ച അഭിപ്രായം നേടി ബോക്‌സോഫീസില്‍ കുതിക്കുകയാണ്. വിനായകന്‍ പ്രതിനായക വേഷത്തിലെത്തിയ സിനിമയില്‍ മോഹന്‍ലാലും ശിവരാജ്കുമാറും അടക്കം വമ്പന്‍ താരനിരയാണ് ഉള്ളത്. അധികം സ്‌ക്രീന്‍ ടൈം ഇല്ലാതിരുന്നിട്ട് കൂടി ചിത്രത്തില്‍ ഗംഭീര പ്ലേസ്‌മെന്റാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. ലൂസിഫറിന് ശേഷം അടുത്ത കാലത്തൊന്നും മോഹന്‍ലാലിന് തിയേറ്ററില്‍ നിന്ന് ഇത്തരമൊരു പ്രതികരണം ലഭിച്ചിട്ടില്ല.
മലയാള സിനിമയിലുള്ളവരേക്കാള്‍ നന്നായി നെല്‍സണ്‍ മോഹന്‍ലാലിനെ ജയിലറില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പലരുടേയും അഭിപ്രായം. സോഷ്യല്‍ മീഡിയയില്‍ എല്ലാം നിലവില്‍ ജയിലറിലെ മോഹന്‍ലാലിന്റെ രംഗങ്ങളും ചിത്രവുമാണ് പ്രചരിക്കുന്നത്. അതിനിടെ സിനിമയുടെ കേരളത്തിലെ പ്രതികരണം അറിയിക്കാന്‍ മോഹന്‍ലാല്‍ തന്നെ നേരിട്ട് വിളിച്ചുവെന്ന് നെല്‍സണ്‍ പറയുന്നു.

കേരളത്തില്‍ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് മോഹന്‍ലാല്‍ സാര്‍ തന്നെ വിളിച്ച് പറഞ്ഞത് എന്ന് നെല്‍സണ്‍ പറഞ്ഞു. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമെല്ലാം വിളിക്കുന്നുണ്ടെന്നും വൈല്‍ഡ് റെസ്‌പോണ്‌സ് എന്നാണ് പറയുന്നതെന്നും നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ശിവരാജ് കുമാറും തന്നെ വിളിച്ച് തിയേറ്റര്‍ പ്രതികരണത്തെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും നെല്‍സണ്‍ പറഞ്ഞു.
കഥ എഴുതുമ്പോള്‍ തന്നെ സൂപ്പര്‍സ്റ്റാറുകളുടെ കഥാപാത്രങ്ങള്‍ മനസ്സിലുണ്ടായിരുന്നു എന്ന് നെല്‍സണ്‍ വ്യക്തമാക്കി. മാംഗ്ലൂരില്‍ ഒരാള്‍, ബിഹാറില്‍ ഒരാള്‍, കേരളത്തില്‍ മോഹന്‍ലാല്‍. പക്ഷേ ബോംബൈയിലാണ് അയാളുടെ ബിസിനസ്, ഇങ്ങനെയായിരുന്നു പ്ലോട്ട്. മോഹന്‍ലാലിനെയും ശിവരാജ് കുമാറിനെയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കാണുമ്പോള്‍ തന്നെ അവരെ വെച്ച് ഒരു ഷോട്ട് എടുക്കണം എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള ആളുകളാണ് ഇവരെന്നും നെല്‍സണ്‍ പറഞ്ഞു. രജനി സാറിന് വേണ്ടിയാണ് അവരെല്ലാം സമ്മതിച്ചതെന്നും അതുകൊണ്ട് തന്നെ അവരെ മോശക്കാരാക്കാന്‍ പാടില്ല എന്ന നിര്‍ബന്ധമുണ്ടായിരുന്നെന്നും നെല്‍സണ്‍ പറഞ്ഞു. പടം റിലീസായതിന് പിന്നാലെ മോഹന്‍ലാല്‍ സര്‍ വിളിച്ച് പറഞ്ഞത് അദ്ദേഹത്തിന് ഒരുപാട് കോള്‍വരുന്നുണ്ടെന്നാണ്.
തിയേറ്ററുകളില്‍ വൈല്‍ഡ് മോഡ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ശിവരാജ് കുമാര്‍ സാര്‍ സിനിമ കണ്ടിട്ടില്ലെന്നും എന്നാല്‍ തനിക്ക് നിരന്തരം കോള്‍ വരുന്നുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത് എന്നും നെല്‍സണ്‍ പറഞ്ഞു. 'പലരും ഗംഭീരം എന്ന് പറയുന്നു, നിങ്ങള്‍ എന്താണ് എന്നെ വച്ച് ചെയ്തിരിക്കുന്നതെന്ന് അറിയില്ല, ഇന്ന് തന്നെ സിനിമ പോയി കാണും,' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അടുത്ത സിനിമ ചെയ്യുമ്പോള്‍ ഇങ്ങനെ ചെറിയ സീനുകളില്‍ തീര്‍ക്കാതെ ഇതിലും വലിയ കഥാപാത്രങ്ങള്‍ ചെയ്യാമെന്ന് അവര്‍ പറയുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്നും നെല്‍സണ്‍ പറഞ്ഞു. 'അവരുടേതായ ലെഗസിയും വാല്യുവും എല്ലാവര്‍ക്കുമുണ്ട്. അത് നമ്മള്‍ നഷ്ടപ്പെടുത്താന്‍ പാടില്ല. എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി വരുന്ന കാണികള്‍ക്ക് അതാണ് കൊടുക്കേണ്ടത്,' നെല്‍സണ്‍ പറഞ്ഞു.
മോഹന്‍ലാല്‍ സാര്‍ ഒക്കെ സ്‌ക്രീനില്‍ വരുമ്പോള്‍ നമുക്ക് തന്നെ ഒരു ഫീല്‍ കിട്ടുമെന്നും തിയറ്ററിലും അതാണ് വര്‍ക്കൗട്ടായിരിക്കുന്നത് എന്നും നെല്‍സണ്‍ വ്യക്തമാക്കി. എഴുതുമ്പോള്‍ തന്നെ ഈ കഥാപാത്രങ്ങള്‍ ശക്തരായിരുന്നു. അതിനാല്‍ തന്നെ അത്തരം ആളുകള്‍ നമുക്ക് വേണം. അവരുടെ സഹായം തേടി വിളിക്കുന്നത് രജനി സാറാണ് എന്ന് പറയുമ്പോള്‍ തന്നെ ഊഹിച്ച് നോക്കാവുന്നതാണല്ലോ ആ കഥാപാത്രങ്ങളുടെ ശക്തി.
എന്റര്‍ടെയ്ന്‍മെന്റില്‍ ഏത് ലെവല്‍ വരെ പോകാമെന്ന തീരുമാനത്തിലാണ് ഇവരെയൊക്കെ തേടിപ്പോയത് എന്നും സംവിധായകന്‍ മനസ് തുറന്നു. എന്നാല്‍ തമിഴില്‍ നിന്നും മറ്റൊരു സൂപ്പര്‍താരത്തെയും മനസ്സില്‍ കണ്ടിരുന്നില്ലെന്നും ഒരു മള്‍ടിസ്റ്റാര്‍ ചിത്രമെന്ന നിലയിലേ ജയിലറിനെ കണ്ടിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. തെലുങ്കില്‍ നിന്ന് ബാലകൃഷ്ണ സാറിനെ കൊണ്ടുവരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു എന്നും നെല്‍സണ്‍ പറഞ്ഞു.
എവിടെയെങ്കിലും അത്തരത്തിലുള്ള ഒന്ന് രണ്ട് സീന്‍ കൊണ്ടുവരാന്‍ നോക്കിയെങ്കിലും ശരിയായില്ല. ഒരു പൊലീസ് കഥാപാത്രമായിരുന്നു അദ്ദേഹത്തിന് വേണ്ടി ആലോചിച്ചിരുന്നത്. അത്തരം ഒരു കഥാപാത്രത്തിന് സാധ്യത ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും താന്‍ അദ്ദേഹത്തേയും സമീപിച്ചേനെ എന്നും നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബാലകൃഷ്ണയുടെ സ്റ്റാര്‍ഡത്തിന് അനുസരിച്ചുള്ള കഥാപാത്രമല്ല എന്ന് തോന്നിയത് കൊണ്ട് ഒഴിവാക്കുകയായിരുന്നുവെന്നും നെല്‍സണ്‍ പറഞ്ഞു.












Click it and Unblock the Notifications