ഒരു പ്രധാന നടന്റെ മകനും നടനുമായ ആ താരത്തിന്റെ വാക്കുകൾ ഇടവേള ബാബുവിനെ വേദനിപ്പിച്ചു; ആ സംഭവം ഇങ്ങനെ
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് 25 വർഷത്തിന് ശേഷമാണ് ഇടവള ബാബു സ്ഥാനം ഒഴിയുന്നത്. ആ മാറ്റം പെട്ടെന്ന് ആർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇപ്പോൾ തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ഇടവേള ബാബു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇടവേള ബാബു മനസ്സുതുറന്നത്.
അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് ഉണ്ടായിരുന്ന സമയത്ത് ചിലരുടെ പെരുമാറ്റങ്ങൾ മനസ്സിൽ തട്ടിയിട്ടുണ്ടെന്നാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. തന്നെക്കാൾ കൂടുതൽ താൻ അമ്മയെ സ്നേഹിച്ചത് കൊണ്ടാകാം അമ്മയിലെ പ്രശ്നങ്ങൾ തന്റെ വേവലാതികളായി മാറിയതെന്ന് അദ്ദേഹം പറഞ്ഞു.

രാവിലെ മുതൽ ഫോൺകോളുകൾ വരും. സെറ്റിലെ പ്രശ്നങ്ങൾ മുതൽ താരങ്ങളുടെ പ്രതിഫല കാര്യങ്ങൾ വരെ. ആരെയും പിണക്കാതെ പരിഹരിക്കാനാണ് ശ്രമം. താൻ കാരണം ഒരു ഷൂട്ടും നിർത്തിവെച്ചിട്ടില്ലെന്നും എന്ത് പ്രശ്നമാണെങ്കിലും ഷൂട്ട് തടസ്സപ്പെടാതെ പരിഹരിച്ചിട്ടുണ്ടെന്നും ഇടവേള ബാബു പറയുന്നു.
പുതുതലമുറയിലെ ചിലരുടെ പെരുമാറ്റങ്ങൾ വേദനിപ്പിച്ചിട്ടുണ്ട് എന്നും ഇടവേള ബാബു പറയുന്നു. ഒരു പ്രധാന നടന്റെ മകൻ, അദ്ദേഹവും നടനാണ്. അച്ഛൻ അമ്മയിൽ നിന്ന് ഇൻഷൂറൻസ് സഹായവും കൈനീട്ടുവുമൊക്കെ വാങ്ങിയ ആളാണ്. എന്നിട്ടും മകൻ നടൻ ഒരു സെറ്റിലിരുന്ന് പറഞ്ഞു. എന്തിനാണ് നമ്മൾ അമ്മയിൽ ചേരുന്നത്. കുറെ കാരണവന്മാരെ നോക്കാനാണോ എന്നാണ് ഇടവേള ബാബു പറയുന്നു.
പഴയ താരങ്ങളെ പുതു തലമുറയ്ക്ക് അത്ര വിലയുണ്ടാവില്ല. പക്ഷേ ഒരു കാലത്ത് അവർ എന്തായിരുന്നുവെന്ന് നമുക്കറിയാം. ഇത്തരം ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും തുറന്നുപറയാനാവില്ല, ഇടവേള ബാബു പറഞ്ഞു. ഒരു വർഷം മൂന്ന് കോടി രൂപയോളം അമ്മയ്ക്ക് ചെലവുണ്ടെന്നും അത് കണ്ടെത്തുന്നത് വലിയ ഉത്തരവാദിത്തമാണെന്നും ഇടവേള ബാബു പറയുന്നു. ഈ ടെൻഷനെല്ലാം പതിവായതോടെ അവ തന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നും സൗഹൃദങ്ങളെ ബാധിച്ചുവെന്നും സുഹൃത്തുക്കൾക്ക് ഒരാവശ്യം വരുമ്പോൾ തന്നെ കിട്ടാറില്ലെന്നും ഇടവേള ബാബു പറയുന്നു.
വിവാദങ്ങളെക്കുറിച്ചും അതിലെടുത്ത തീരുമാനങ്ങളെക്കുറിച്ചും ഇടവേള ബാബു പറയുന്നു. ഒരുപാട് വിവാദങ്ങൾ വന്നിട്ടുണ്ട്. തിലകൻ ചേട്ടനെ സംഘനയിൽ നിന്ന് പുറത്താക്കിയ സംഭവം, ഷമ്മി തിലകനുമായിട്ടുള്ള പ്രശ്നം, ഡബ്ല്യൂസിസി സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങൾ, ദിലീപ് സംഭവം. അങ്ങനെ കുറെ പ്രതിസന്ധികളിലൂടെ കടന്നുപോയി. എടുത്ത തീരുമാനങ്ങൾ എല്ലാം സംഘടനയുടെ നിയമപ്രകാരമാണ്. അതുകാെണ്ട് തന്നെ തെറ്റുപറ്റി എന്ന തോന്നലില്ല, അദ്ദേഹം പറയുന്നു.
പല അനാവശ്യ വിവാദങ്ങളെയും മറികടന്നു. ഇനിയും അത്തരം പ്രശ്നങ്ങൾ കൂടാനാണ് സാധ്യത എന്നും അമ്മ സംഘടന രൂപീകരിച്ച സമയത്ത് അംഗങ്ങൾക്ക് രാഷ്ട്രീയ ചായ്വേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ പലരും സജീവ രാഷ്ട്രീയ പ്രവർത്തകരാണ്. അത് മൂലമുള്ള അഭിപ്രായവ്യത്യാസങ്ങൾ സംഘടനയിലേക്ക് കടന്നുവരാം എന്നും ഇടവേള ബാബു പറയുന്നു. ഏറ്റവും ഒടുവിൽ ലോക്സഭ ഇലക്ഷന്റെ പ്രചാരത്തിനിടയിൽ സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാറിന്റെ പ്രസ്താവന തന്നെ ഉദാഹരണമാണെന്നും അത് വേണ്ടിയിരുന്നില്ലെന്ന് തോന്നി, എല്ലാവരും അമ്മയുടെ മക്കൾ അല്ലേയെന്നും ഇടവേള ബാബു പറയുന്നു.












Click it and Unblock the Notifications