'മോഹൻലാലിനെ വരെ തെറ്റിദ്ധരിപ്പിച്ചു,മണ്ടനെന്ന് പറഞ്ഞു..; ലിസി തെറ്റിദ്ധാരണ കാരണം അകന്നു'; മേജർ രവി
കൊച്ചി: സംവിധായകൻ പ്രിയദർശന്റെ മുൻ ഭാര്യയും നടിയുമായ ലിസിയുമായുള്ള സൗഹൃദത്തെ കുറിച്ച് വാചാലനായി മേജർ രവി. ലിസി തനിക്ക് സഹോദരിയെ പോലെ ആയിരുന്നുവെന്നും വലിയ ആത്മബന്ധം തങ്ങൾ പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചില തെറ്റിദ്ധാരണകൾ കാരണം ലിസിയുമായി ഇപ്പോൾ പഴയ സൗഹൃദം ഇല്ലെന്നും മേജർ രവി വ്യക്തമാക്കി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.
'പ്രിയദർശൻ എന്റെ ഗുരുനാഥനാണ്. ഞാനും പ്രിയേട്ടനും തമ്മിൽ പല കാര്യങ്ങളിലും തമ്മിൽ ഉടക്കാറുണ്ട്. പക്ഷേ അത് ഞാനും പ്രിയേട്ടനും തമ്മിലാണ്. പക്ഷേ മൂന്നാമതൊരാൾ പ്രിയേട്ടനെ കുറിച്ച് മോശം പറയുന്നത് അംഗീകരിക്കാനാകില്ല. പ്രീയേട്ടൻ തെറ്റ് ചെയ്തെന്ന് എനിക്ക് തോന്നിയാൽ ഞാനത് ന്യായീകരിക്കില്ല. ലിസിയോടും എനിക്ക് അടുത്ത സൗഹൃദമുണ്ട്. സുചിത്രയ്ക്കും ലിസിക്കും ഞാൻ സഹോദര തുല്യനാണ്. കീർത്തിചക്ര എന്ന സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് മറക്കാൻ പറ്റാത്ത രണ്ട് പേർ സുചിയും (മോഹൻലാലിന്റെ ഭാര്യ) ലിസിയുമാണ്.

സിനിമയുടെ ഒരു ദിവസത്തെ ഷൂട്ടിങ് ബാക്കിയുണ്ടായിരുന്നപ്പോൾ അതിൻറെ തലേദിവസം എനിക്ക് ജോയിന്റ്സ് ഒക്കെ ഭയങ്കര വേദന. അങ്ങനെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയപ്പോഴാണ് തിരിച്ചറിഞ്ഞത് ചിക്കൻ ഗുനിയ ആണെന്ന്.പക്ഷേ എന്ത് ചെയ്യും പിറ്റേന്ന് ഷൂട്ടിങ് ഉണ്ട്. ഞാൻ പോയി. തലയിലൊക്കെ തുണിയിട്ട് കഷ്ടപ്പെട്ടാണ് ഷൂട്ട് ചെയ്യുന്നത്. എനിക്ക് ശബ്ദം പോലും ഇല്ലായിരുന്നു. അതിനിടയിൽ പ്രൊഡ്യൂസർ ഷൂട്ടിങ് കാണാൻ വന്നു. അദ്ദേഹം എന്റെ അവസ്ഥ കണ്ട് ഷൂട്ടിങ് നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു.
ആ സിനിമയുടെ ഷൂട്ടിങ് സമയത്ത് പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചിരുന്നു. ലാലിനെ പോലും തെറ്റിദ്ധരിപ്പിച്ചു. ലാൽ മണ്ടനാണ്. മോഹൻലാൽ ആകെ പതിനേഴ് ദിവസമാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ തന്നെ കുറെ പടങ്ങൾ പരാജയമായിരിക്കുന്നു, എന്നിട്ട് ഇങ്ങനെ ഒരാൾക്ക് ഡേറ്റ് കൊടുത്തിരിക്കുന്നു എന്നൊക്കെ വിമർശനം ഉണ്ടായതായി ഞാൻ കേട്ടു. ഈ വിഷമങ്ങളൊന്നും ഞാൻ ഭാര്യയോട് പറഞ്ഞില്ല. കാരണം അവൾക്ക് അത് മനസിലാകില്ല. പക്ഷേ ലിസിക്ക് മനസിലാകും. അവളോട് ഞാൻ പറഞ്ഞിരുന്നു. അവൾ എന്നെ സാന്ത്വനപ്പെടുത്തിയിരുന്നു.
ചിക്കൻ ഗുനിയ കഴിഞ്ഞ സമയത്ത് ലിസി എന്നെ കംപ്ലീറ്റ് റിലാക്സ് ചെയ്യിച്ച ദിവസം ഞാൻ ഒരിക്കലും മറക്കില്ല. എന്നെ ഒരു ദിവസം പള്ളിയിൽ കൊണ്ടുപോയി പ്രാർത്ഥനകളൊക്കെ നടത്തി. അങ്ങനെയൊരു സ്നേഹവും കരുതലും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ലിസിക്കും എനിക്കും ഇടയിൽ ഒരു തെറ്റിധാരണയുണ്ടായിട്ടുണ്ട്. എന്നെങ്കിലും ഒരു അവസരം കിട്ടുമ്പോൾ ഞാൻ അത് തുറന്നുപറയും, ഞാനല്ല അത് എന്ന്.
എന്തായാലും ഈ രണ്ടുപേരോടും ജീവിതത്തിൽ സഹോദരതുല്യമായ സ്നേഹം ഞാൻ സൂക്ഷിച്ചിട്ടുണ്ട്. സുചി ഇന്നും അത് സൂക്ഷിക്കുന്നുണ്ട്. ഇപ്പോൾ കൂടുതൽ തുറന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പടം കണ്ടിട്ട് ലിസി പറഞ്ഞ വാക്കുകൾ ഞാൻ ഇന്നും ഓർക്കുന്നുണ്ട്. പ്രീയേട്ടനുമായി പടം കണ്ട് ഇറങ്ങിയ ഉടനെ ലിസി ചോദിച്ചത് അസിസ്റ്റന്റ് ചെയ്ത പടം എങ്ങനെയുണ്ടെന്ന്. കാരണം ഞാൻ പ്രിയേട്ടന്റെ അസോസിയേറ്റ് ആയിട്ട് ഇരുന്നിട്ടുണ്ടെങ്കിലും അദ്ദേഹം എന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ലായിരുന്നു. അദ്ദേഹം അത് മറന്ന് പോകും. പക്ഷേ ഇതൊക്കെ ലിസി ഓർത്ത് വെച്ചിട്ടുണ്ടായിരുന്നു.
ഇതൊക്കെ പ്രത്യേക റിലേഷനാണ്. ഇതൊക്കെ ആരൊക്കെ ബാക്ക് ബൈറ്റ് ചെയ്താലും ആ ബന്ധം അങ്ങനെ തകരില്ല. പക്ഷേ സിനിമയിൽ അങ്ങനെയല്ല. ഇങ്ങനെ നുണ പറഞ്ഞിട്ട് ആളുകൾക്ക് എന്താണ് കിട്ടുന്നത് എന്ന് മനസിലാകുന്നില്ല. ഞാൻ അതുകൊണ്ടാണ് സിനിമ ബന്ധങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നത്', മേജർ രവി പറഞ്ഞു.


Click it and Unblock the Notifications