Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷ,ഡബ്ല്യുസിസിയിലും; 'അമ്മ'യെ തന്റേടമുള്ളവർ നയിക്കട്ടെ; നടി ആത്മീയ

സിനിമ മേഖലയെ സംബന്ധിച്ച് വളരെയേറെ പ്രതീക്ഷ നൽകുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് നടി ആത്മീയ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിത പരാതി കൊടുത്തത് മുതൽ ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് വരെയുള്ള യാത്രയിൽ ഒരുപാട് മാറ്റങ്ങൾ സിനിമയിൽ ഉണ്ടായിട്ടുണ്ട്. അതിക്രമങ്ങളെ കുറിച്ച് ഒരു ഔദ്യോഗിക രേഖയിലൂടെ തന്നെ കാര്യങ്ങൾ പുറത്തുവരുമ്പോൾ ഈ പോരാട്ടത്തിന് കുറച്ച് കൂടി ശക്തിപകരുകയാണെന്നും അവർ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലും തുടർവിവാദങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കുകയാണ് ആത്മീയ, താരത്തിൻറെ വാക്കുകളിലേക്ക്

'സ്ത്രീകളെ സംബന്ധിച്ച് മാത്രമല്ല സിനിമ മേഖലയിലെ മറ്റെല്ലാവരേയും സംബന്ധിച്ചും ഇത്തരം ഒരു റിപ്പോർട്ട് പ്രതീക്ഷ നൽകുന്നതാണ്. വ്യക്തിപരമായി അനുഭവം ഇല്ലെങ്കിലും ഇത്തരത്തിലുള്ള അതിക്രമങ്ങൾ പലതും സിനിമ മേഖലയിൽ നടക്കുന്നുണ്ടെന്ന്നമ്മുക്ക് അറിയാം. എന്റെ പല സുഹൃത്തുക്കങ്ങളും അവർക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇതിനെയൊന്നും കൃത്യമായി നേരിടുക എളുപ്പമായിരുന്നില്ല.

athmiya-1

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിത പരാതി കൊടുത്തത് മുതൽ ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് വരെയുള്ള യാത്രയിൽ ഒരുപാട് മാറ്റങ്ങൾ സിനിമയിൽ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. പ്രത്യക്ഷത്തിൽ മനസിലാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അത് തന്നെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. അതിക്രമങ്ങളെ കുറിച്ച് ഒരു ഔദ്യോഗിക രേഖയിലൂടെ തന്നെ കാര്യങ്ങൾ പുറത്തുവരുമ്പോൾ ഈ പോരാട്ടത്തിന് കുറച്ച് കൂടി ശക്തിപകരുകയാണ്.

പല വിഷയങ്ങളിലും നിയമപരമായി പോകുമ്പോൾ അനുകൂല സമീപനമല്ല അധികൃതരുടേയും സംവിധാനങ്ങളുടേയും ഭാഗത്ത് നിന്നെല്ലാം ഉണ്ടാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ഉൾപ്പെടെ 7 വർഷത്തോളമായി നിയമപോരാട്ടം തുടർന്ന് കൊണ്ടിരിക്കുകയാണ്. നിയമപരമായി പോയാലും വളരെ പെട്ടെന്ന് നടപടി ഉണ്ടാകുമെന്ന പ്രതീക്ഷ ഇല്ല. നിലവിൽ ഈ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിഷയങ്ങൾ മാധ്യമങ്ങളും സമൂഹവുമെല്ലാം ഏറ്റെടുത്തപ്പോൾ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. വിഷയത്തിൽ മാധ്യമങ്ങളും ഉത്തരവാദിത്തതോട് കൂടി ഇടപെടണമെന്നാണ് ആഗ്രഹിക്കുന്നത്.

2013 ൽ സിനിമ ചെയ്തിട്ട് പിന്നെ വലിയൊരു ഇടവേള കഴിഞ്ഞ് 2018 ലാണ് ഞാൻ ജോസഫ് ചെയ്യുന്നത്. ഇക്കാലയളവിൽ ഉണ്ടായ മാറ്റം എനിക്ക് വ്യക്തമായി തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകളോട് പെരുമാറുമ്പോൾ ഒരു ഉൾഭയത്തോട് കൂടി പുരുഷൻമാർ പെരുമാറുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതിന് മുൻപൊക്കെ ഇതൊക്കെ വളരെ സാധാരണമല്ലേ എന്ന മട്ടിലാണ് ആളുകൾ പെരുമാറിക്കൊണ്ടിരുന്നത്. ആരും ചോദിക്കാനും പറയാനും ഇല്ലെന്ന മട്ടിൽ കീഴ്വഴക്കങ്ങൾ പോലെ ചെയ്യുന്ന കാര്യങ്ങളാണ്. കമന്റ് ചെയ്യുന്നത് പോലും അങ്ങനെയാണ്.

പെൺകുട്ടികളിൽ പലരും ഇതിനോടൊക്കെ പ്രതികരിക്കാറുണ്ടെങ്കിൽ ഇതൊന്നും പരസ്യമായിരുന്നില്ല, ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ വളരെ ശക്തമായി പരസ്യമായി തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നെ സംബന്ധിച്ച് വ്യക്തിപരമായി മോശം അനുഭവം ഉണ്ടായിട്ടില്ല. അച്ഛനും അമ്മയും ഭർത്താവുമൊക്കെയായി എന്റെ കൂടെ എപ്പോഴും ആളുകൾ ഉണ്ടാകാറുണ്ട്. ഇനി ഇവർ ഇല്ലെങ്കിലും ദുരനുഭവം ഇല്ല. പക്ഷെ നിരവധി സുഹൃത്തുക്കൾ തങ്ങൾ നേരിട്ട മോശം അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നമ്മൾ പ്രതീക്ഷിക്കാത്ത പല മുഖങ്ങളും ഇതിന് പിന്നിൽ ഉണ്ട് എന്നത് മുൻപേ കേട്ടിട്ടുണ്ട്. എന്നാൽ ഇതിലൊക്കെ നമ്മുക്ക് ഇടപെടുന്നതിന് പരിധികളും പരിമിതികളും ഉണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ട് ഇതിനൊക്കെ വളരെ സഹായകമാണ്.

അമ്മയിൽ അംഗമായിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്ന് ആത്മീയ മറുപടി നൽകി. 'നടി ആക്രമിക്കപ്പെട്ട കേസിലടക്കം കുറ്റമറ്റ രീതിയിലുള്ള സമീപനം അല്ല സംഘടനയിൽ നിന്നും ഉണ്ടായത്. അതിൽ ആശങ്ക തോന്നിയിരുന്നു. ഒരു പെൺകുട്ടിയെന്ന നിലയിൽ പ്രത്യേകിച്ച്. നമ്മുക്കൊരു അനുഭവം ഉണ്ടായാലും ഇത്തരത്തിലാകുമോ സംഘടന പ്രതികരിക്കുരുകയെന്ന ആശങ്കയുണ്ടായിരുന്നു. അംഗത്വം എടുക്കാതിരുന്നതിന് അതൊരു കാരണം ആയിരുന്നു. മറ്റൊന്ന് ഏതെങ്കിലും ഒരു സംഘടനയുടെ ഭാഗമായി എന്തെങ്കിലും ഭാരം തലയിൽ ഏറ്റെടുത്ത് വെയ്ക്കണമെന്ന് ഞാൻ കരുതിയിട്ടില്ല', ആത്മീയ പറഞ്ഞു.

മനുഷ്യത്വപരമായൊരു തീരുമാനം എടുക്കാൻ ധൈര്യമില്ലാത്തതിനാലാകണം അമ്മ സംഘടന ഭരണസമിതി പിരിച്ചുവിട്ടതെന്നും നടി പ്രതികരിച്ചു. അല്ലാതെ ഇത്രയും ഉത്തരവാദിത്വമില്ലാതെ പെരുമാറുമെന്ന് കരുതുന്നില്ല. യുവ തലമുറയിൽ നിന്നുള്ള ശക്തമായ നിലപാട് എടുക്കാൻ സാധിക്കുന്ന തന്റേടം ഉള്ള ആളുകൾ നേതൃനിരയിലേക്ക് വരണമെന്ന് ആഗ്രഹമുണ്ട്. ഇന്നത്തെ തലമുറ നേതൃതലത്തിലേക്ക് വന്നാൽ കൃത്യമായ നടപടികൾ ഒരുപരിധി വരെ കൈക്കൊള്ളാൻ സാധിക്കുമെന്നാണ് കരുതുന്നത്. കുടുംബം ,കൂട്ടായ്മ എന്നൊക്കെ പറയുന്നതിനപ്പുറത്തോട്ട് പ്രവൃത്തിക്കാൻ കഴിയുന്ന സംഘടന ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കാം.

ആരേയും പേരെടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. വിവാദം ഉണ്ടായ സമയത്ത് ജഗദീഷ് ചേട്ടനൊക്കെ വളരെ നന്നായി സംസാരിച്ചിട്ടുണ്ട്. ഉർവശി മാഡവും നന്നായാണ് സംസാരിച്ചത്. അത്രയും മുതിർന്ന താരങ്ങളിൽ നിന്നും ഇത്രയും ഉത്തരവാദിത്തതോട് കൂടിയുള്ള പ്രതികരണം ഉണ്ടായപ്പോൾ സന്തോഷം തോന്നി. അങ്ങനെയുള്ളവർ കൂടി സംഘടനയുടെ തലപ്പത്ത് ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്', ആത്മീയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+