മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ വിട്ടോ? എന്തുകൊണ്ടാണ് ഇടപെടാത്തത്?; തുറന്ന് പറഞ്ഞ് സജിത മഠത്തിൽ
നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണ് സിനിമയിലെ ഒരു വിഭാഗം സ്ത്രീകളുടെ നേതൃത്വത്തിൽ ഡബ്ല്യുസിസി എന്ന വനിത കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുന്നത്. കൂട്ടായ്മയുടെ രൂപീകരണത്തിൽ അന്ന് മുൻനിരയിൽ ഉണ്ടായിരുന്ന നടിയായിരുന്നു ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ച് നിന്ന നടിമാരിൽ ഒരാൾ കൂടിയായ മഞ്ജു വാര്യർ. എന്നാൽ വൈകാതെ തന്നെ മഞ്ജു ഡബ്ല്യുസിസിയിൽ നിന്ന് അകന്നതായി ചർച്ചകൾ വന്നു. ഡബ്ല്യുസിസിയുടെ ഒരു പരിപാടിയിലും അവരുടെ സാന്നിധ്യം ഉണ്ടായതുമില്ല. ഇതോടെ മഞ്ജു സംഘടന വിട്ടുവെന്ന ചർച്ചകൾ ശക്തമായി. മാത്രമല്ല ഡബ്ല്യുസിസിയിൽ തുടരുന്നുണ്ടോയെന്ന ചോദ്യത്തിന് മഞ്ജു വ്യക്തമായ മറുപടി നൽകാനും കൂട്ടാക്കിയില്ല.
അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മഞ്ജു വാര്യരും സംഘടനയും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയായി.ഹേമ കമ്മിറ്റിക്ക് മുൻപാകെ ഡബ്ല്യു സി സി സ്ഥാപക അംഗങ്ങളിലൊരാള്‍ മലയാള സിനിമയില്‍ ഒരു പ്രശ്‌നങ്ങളുമില്ല എന്ന തരത്തില്‍ മൊഴി നല്‍കി എന്ന വാർത്തയായിരുന്നു അതിന് കാരണം. സ്വാർത്ഥ താത്പര്യത്തിന് വേണ്ടിയാണ് അവർ ഇങ്ങനെ പറഞ്ഞതെന്നും സിനിമയിൽ അവർക്ക് അതിനാൽ തുടർന്നും അവസരം ലഭിച്ചെന്നുമൊക്കെയായിരുന്നു റിപ്പോർട്ടുകൾ. ഇതോടെ ഇത് മഞ്ജു ആണെന്ന തരത്തിൽ ചർച്ചകളും വിമർശനങ്ങളും കടുത്തു.

എന്നാൽ ഇത്തരം വാർത്തകൾ എല്ലാം തള്ളിക്കൊണ്ട് ഡബ്ല്യുസിസി തന്നെ രംഗത്തെത്തി. നടിക്കെതിരായ സൈബർ ആക്രമണങ്ങളേയും വിമർശനങ്ങളേയും അപലപിക്കുന്നുവെന്നും അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗം എന്നുമാണ് മഞ്ജുവിന്റെ പേര് പറയാതെ ഡബ്ല്യുസിസി വിശദീകരിച്ചത്. അപ്പോഴും മഞ്ജു സംഘടനയിൽ എന്തുകൊണ്ട് ആക്ടീവായി തുടരുന്നില്ലെന്ന ചർച്ചകൾ കൊഴുത്തു. ഇപ്പോഴിതാ ഇതിന് ഉത്തരം നൽകുകയാണ് ഡബ്ല്യുസിസി അംഗം കൂടിയായ സജിത മഠത്തിൽ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ഡബ്ല്യുസിയുടെ കൂടെ ഒരുപാട് മനുഷ്യരുണ്്. പക്ഷെ ചിലപ്പോൾ ചിലർക്ക് ആക്ടീവാകാൻ പറ്റണമെന്നില്ല. എനിക്ക് എന്റെ ജീവിതത്തിലെയോ കരിയറിലെയോ പ്രശ്നങ്ങൾ കൊണ്ട് സംഘടനയുടെ പ്രവർത്തനത്തിൽ വളരെ ആക്ടീവ് ആകാൻ സാധിക്കണമെന്നില്ല. അതിനർത്ഥം ഞാൻ അവിടെ ഇല്ലെന്നല്ല. പലപ്പോഴും ഞാൻ ഏന്തി വലിഞ്ഞ് നോക്കി പോയിട്ടുണ്ടാകും. അതേസമയം അതിന് പകരം ചിലയാളുകൾ ഭയങ്കരമായി ആക്ടീവ് ആയിരിക്കും. ഇങ്ങനെയാണ് അത് പോയിക്കൊണ്ടിരിക്കുന്നത്.
മഞ്ജു അവിടെയുണ്ട്. പക്ഷെ മഞ്ജുവിന് പഴയത് പോലെ തിരക്കിനിടയിൽ അവർക്കത് പറ്റിക്കോളണമെന്നില്ല. പക്ഷെ അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല. തിരിച്ച് ഡബ്ല്യുസിസിയും തള്ളിപ്പറഞ്ഞിട്ടില്ല. ഞങ്ങൾ പരസ്പരം കൈ പിടിക്കേണ്ട സ്ഥലത്തൊക്കെ കൈ പിടിച്ചിട്ടുണ്ട്. ഒന്നിച്ച് നിന്നിട്ടുണ്ട്. അങ്ങനെയാണ് അത് വേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
രഞ്ജിനി ഡബ്ല്യുസിസി മെമ്പറാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് കണ്ടതിന് ശേഷം മാത്രമേ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിടാവൂ എന്നാണ് അവർ പറഞ്ഞത്. അതിൽ ഞങ്ങൾ അവരെ കുറ്റപ്പെടുത്തിയിട്ടില്ല. കാരണം അവർ കടന്ന് പോകുന്നൊരു ട്രോമയെ കുറിച്ച് ഞങ്ങൾക്ക് അറിയാം. സ്ത്രീകൾ എന്ന നിലയിൽ നമ്മുക്ക് അതൊക്കെ മനസിലാകണം. അതിൽ രാഷ്ട്രീയവും ഈഗോയും കാണേണ്ടതില്ല.












Click it and Unblock the Notifications