'സുധിച്ചേട്ടൻ മരിക്കുന്ന അന്ന് രാത്രി 12.45 ന് എന്നെ വിളിച്ചു, പൊട്ടിക്കരഞ്ഞു,പറഞ്ഞത്'; കൊല്ലം സുധിയുടെ ഭാര്യ
കൊച്ചി: വാഹനാപകടത്തിലായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൊല്ലം സുധി മരണപ്പെട്ടത്. എറണാകുളത്ത് വെച്ച് ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ സുധിയും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഇപ്പോഴിതാ അപകടത്തിന് തൊട്ട് മുൻപ് സുധി വിളിച്ച് പറഞ്ഞ കാര്യങ്ങളെ കുറിച്ച് പറയുകയാണ് ഭാര്യ രേണു. സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കൾക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞു. ജാംഗോ സ്പേസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. തന്റെ പുതിയ റീൽ വീഡിയോയ്ക്കെതിരെ വരുന്ന വിമർശനങ്ങൾക്കും രേണു മറുപടി നൽകി.
'പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാൽ അത് എനിക്കും കുഞ്ഞുങ്ങൾക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ഫ്ലവേഴ്സിലെ ടമാർ പടാർ എന്ന ഷോയുടെ പ്രൊഡ്യൂസർ സുബീഷ് എന്റെ സുഹൃത്തായിരുന്നു. സുധിച്ചേട്ടന്റെ പ്രകടനം ഇഷ്ടമായത് കൊണ്ട് ഞാൻ അദ്ദേഹത്തിന്റെ നമ്പർ സുബീഷേട്ടനോട് ചോദിച്ചു. അദ്ദേഹം തന്നിരുന്നില്ല ആദ്യം. കുറേ നാൾ ചോദിച്ചപ്പോൾ തന്നു. പരിചയപ്പെട്ടു, വാട്സ് ആപിൽ മെസേജ് അയച്ചപ്പോഴൊന്നും പ്രതികരിച്ചിരുന്നില്ല അദ്ദേഹം. കുറേ ദിവസത്തിന് ശേഷമാണ് ആരാണെന്ന് ചോദിച്ച് മറുപടി വരുന്നത്. ഫാനാണെന്നൊക്കെ ഞാൻ പറഞ്ഞു സംസാരിച്ച് വെച്ചു.

നല്ല സുഹൃത്തുക്കളായി,അപ്പോഴാണ് ആൾക്ക് ഭാര്യ ഇല്ലെന്ന് അറിയുന്നത്. കുഞ്ഞുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. കിച്ചുവിന് അന്ന് 11 വയസാണ് ഉള്ളത്. ചേട്ടൻ ചോദിച്ചത് എന്റെ മകന് അമ്മയാകോയെന്നാണ്. ഞാൻ ഒന്നും ആലോചിച്ചില്ല, എന്റെ മരണം വരെ നോക്കിക്കോളാമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഒരു ദിവസം പോയി അവരെ കണ്ടു. ഇഷ്ടമായി. കിച്ചുവാണ് പറഞ്ഞത് ഈ അമ്മയെ നമ്മക്ക് എടുക്കാമെന്ന്. നേരിട്ട് കണ്ടപ്പോൾ വീട്ടുകാർക്കും അദ്ദേഹത്തെ വളരെ അധികം ഇഷ്ടമായി.
ആഗ്രഹിച്ചതിനേക്കാൾ സ്നേഹം എനിക്ക് അദ്ദേഹം തന്നു. അഞ്ച് വർഷം ആയിരുന്നു ഞങ്ങളുടെ ദാമ്പത്യം. അദ്ദേഹം 500 വർഷത്തെ സ്നേഹം എനിക്ക് തന്നു. കൊവിഡ് കാലത്ത് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും ഞങ്ങളെ ബാധിച്ചില്ല. അദ്ദേഹം പറയുമായിരുന്നു നീ ഉള്ളത് കൊണ്ടാണ് ഞാൻ പിടിച്ച് നിൽക്കുന്നതെന്ന്.
മറ്റുള്ളവരുടെ കണ്ണിലാണ് ഞാൻ വിധവ. ഒന്ന് പൊട്ടുതൊട്ടാൽ, പൗഡറിട്ടാൽ വിമർശനമാണ്. പക്ഷേ എന്നെ സംബന്ധിച്ച് സുധി ചേട്ടൻ മരിച്ചിട്ടില്ല. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ഒരുങ്ങി നടക്കാനാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഇപ്പോഴും ഞാൻ ആളുടെ ഇഷ്ടപ്രകാരം ഒരുങ്ങി നടക്കുന്നു.
മരിച്ച ദിവസം രാത്രി 12.45 വരെ എന്നെ വിളിച്ചിരുന്നു. എന്നെ കൂട്ടാൻ വരണെന്ന് പറഞ്ഞു. പക്ഷേ രാത്രിയൊക്കെ എന്നെ അദ്ദേഹം വീഡിയോ കോൾ ചെയ്തോണ്ടിരുന്നു. രാവിലെ വരുമല്ലോ പിന്നെ എന്തിനാ വീഡിയോ കോൾ ചെയ്തോണ്ടിരിക്കുന്നേയെന്ന് ഞാൻ ചോദിച്ചു. എനിക്ക് കുഞ്ഞിനെ കാണണമെന്ന് പറഞ്ഞു. അതുവഴി വേറെ ഷൂട്ടിന് പോകാൻ നിൽക്കുകയാണല്ലേയെന്ന് ഞാൻ ചോദിച്ചു. അല്ല എനിക്ക് കുഞ്ഞിനെ കാണണമെന്ന് തന്നെ ചേട്ടൻ പറഞ്ഞു. കുറെ കോൾ വിളിച്ചപ്പോൾ ഞാൻ കുഞ്ഞിനെ കാണിച്ചു. എന്നെ കാണിച്ചില്ല. പെട്ടെന്നൊരു കരച്ചിലായിരുന്നു. കാറിൽ കയറാൻ പോകുമ്പോഴായിരുന്നു ഇത്. പൊട്ടിക്കരയുകയായിരുന്നു.
എന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോൾ വാവൂട്ട എന്റെ റിതപ്പനെ നോക്കിക്കോണേ, കിച്ചുവിനെ നോക്കിക്കോണേയെന്ന് പറഞ്ഞു. എനിക്ക് പല്ല് വേദനയാണെന്നും പറഞ്ഞു. രാവിലെ എന്നെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും. അപ്പോ തന്നെ കിടന്നു. നാലരയായപ്പോ മകൻ എണീറ്റിരുന്നു. അപ്പോഴും ഞാൻ ഫോൺ നോക്കിയില്ല. രാവിലെ എഴുന്നേറ്റപ്പോൾ ആണ് ഞാൻ അറിയുന്നത്. കതക് തുറന്നപ്പോഴത്തേക്കും വീടിന് മുന്നിൽ നിറയെ ആളുകൾ ആയിരുന്നു', രേണു പറഞ്ഞു.












Click it and Unblock the Notifications