Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശങ്കരനാരായണന്‍ ഒരു കൊലപാതകിയല്ല; ഒരു അച്ഛന്റെ കർമ്മം നിർവ്വഹിച്ച യോഗിയാണ്, നായകനാണ്'

മലപ്പുറം: 'കൃഷ്ണപ്രിയയുടെ അച്ഛന്‍' എന്ന ഒറ്റ വിശേഷണത്തില്‍ കേരളം മുഴുവന്‍ അറിയപ്പെട്ട മഞ്ചേരി ചാരങ്കാവിലെ ശങ്കരനാരായണന്‍(75) കഴിഞ്ഞ ദിവസം അന്തരിച്ചു. തന്റെ മകള്‍ കൃഷ്ണപ്രിയയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് കോയയെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് ആരോപിച്ച പിതാവ് ആയിരുന്നു ശങ്കരനാരായണന്‍. 2001 ഫെബ്രുവരിയിലാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയയെ മുഹമ്മദ് കോയ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുന്നത്. 2002-ല്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് മുഹമ്മദ് കോയ വെടിയേറ്റ് മരിച്ചു.

കോയയെ വെടിവെച്ചത് ശങ്കരനാരായണൻ ആണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കേസില്‍ മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ശങ്കരനാരായണനെ പിന്നീട് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു. സ്ഥിരം കുറ്റവാളിയായ അഹമ്മദ് കോയക്ക് ശങ്കരനാരായണൻ മാത്രമായിരുന്നോ ശത്രു എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി കൃഷ്ണപ്രിയയുടെ അച്ഛനെ വെറുതെ വിട്ടത്.

kp

കോടതി വെറുതെ വിട്ടെങ്കിലും മകനെ ക്രൂരമായി കൊലപ്പെടുത്തിയവനെ വെടിവെച്ച് കൊലപ്പെടുത്തിയ ഹീറോ ആയിട്ടാണ് ശങ്കരനാരായണനെ സമൂഹം അന്ന് മുതല്‍ കണ്ട് തുടങ്ങിയത്. ശങ്കരനാരായണന്റേയും കൃഷ്ണപ്രിയയുടേയും ജീവിതം പ്രമേയമാക്കി വൈരം, ജനകന്‍, പത്താംവളവ് തുടങ്ങിയ സിനിമകളും പുറത്തിറങ്ങി. ശങ്കരനാരായണന്റെ വിയോഗ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ആ അച്ഛനെക്കുറിച്ച് വികാരനിർഭരമായ കുറിപ്പുകള്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ എംഎ നിഷാദും കഥാകൃത്ത് അഭിലാഷ് പിള്ളയും രംഗത്ത് വരികയും ചെയ്തു.

കർമ്മം നിർവ്വഹിച്ച യോഗി

'എന്റ്റെ നായകൻ വിടവാങ്ങി.... എങ്ങനെ എഴുതണം ഈ ചരമ കുറിപ്പെന്നെനിക്കറിയില്ല. വിങ്ങുന്ന മനസ്സുമായി ഞാൻ കുറിക്കട്ടെ. കൃഷ്ണപ്രിയ എന്ന പൊന്ന് മകൾ എന്നും ഒരു നീറുന്ന ഓർമ്മയാണ് എനിക്ക്.. അപ്പോൾ
ശങ്കരനാരായണൻ എന്ന ആ അച്ഛനോ? അതാണ്, എന്ററെ സിനിമ വൈരം. പെൺമക്കളുളള ആയിരമായിരം മാതാപിതാക്കൾക്കുളള സന്ദേശമായിരുന്നു എന്റ്റെ വൈരം' എന്നാണ് എംഎ നിഷാദ് കുറിക്കുന്നത്.

vairam

ഇന്നും ഈ ചിത്രം എന്ററെ നെഞ്ചോട് ചേർന്ന് നിൽക്കുന്നു. കഥയിലെ കഥാപാത്രങ്ങൾക്ക് ചെറിയ മാറ്റങ്ങൾ വരുത്തിയാണ് വൈരം ഞങ്ങൾ അണിയിച്ചൊരുക്കിയത്. എന്റ്റെ കഥക്ക് തിരക്കഥയൊരുക്കിയത് ചെറിയാൻ കല്പകവാടിയായിരുന്നു. ശങ്കരനാരായണൻ എന്ന ശിവരാജനലേക്കുളള പശുപതി എന്ന നടന്ററെ പകർന്നാട്ടം പേക്ഷകരലിലേക്കെത്തിയത് ആത്മസംതൃപ്തിയോടെയാണ് നോക്കി നിന്നത്.

തിലകൻ ചേട്ടനും ലളിത ചേച്ചിയും സുരേഷ് ഗോപിയും മുകേഷും ജയസൂര്യയും അശോകനുമെല്ലാം സിനിമയിലെ കഥാപാത്രങ്ങൾക്ക് ജീവനേകി. വൈരം ഇറങ്ങിയ ശേഷം എന്നെ കാണണമെന്ന് മാധ്യമ സുഹൃത്ത് കെ വി അനിലിനോട് ശങ്കരനാരായണൻ ചേട്ടൻ ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞ് ഞാനും പശുപതിയും മഞ്ചേരിയിലെ അദ്ദേഹത്തിന്റ്റെ വീട്ടിലെത്തി. എന്നെ കണ്ടപ്പോൾ അദ്ദേഹം എന്റ്റെ ഇരു കരങ്ങളും ചേർത്ത് മുറുകെ കുറേ നേരം നോക്കി നിന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

ആ കൈകളിലെ നനവും ഈറനണിഞ്ഞ കണ്ണുകളും ഇന്നും എന്റ്റെ ഹൃദയത്തിലെ മായാത്ത നൊമ്പരമാണ്. ശങ്കരനാരായണൻ ചേട്ടനിൽ ഞാൻ കണ്ടത്
മകളുടെ ഘാതകനെ കൊന്ന ഒരു കൊലപാതകിയെ അല്ല. മറിച്ച് കർമ്മം നിർവ്വഹിച്ച ഒരു യോഗിയേയാണ്. അയാൾ നിയമം കൈയ്യിലെടുത്തതിനെ വിമർശിക്കുന്നവരുണ്ടാകാം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു നായകനാണ്. നിയമം നോക്ക് കുത്തിയായി നിന്നപ്പോൾ അയാൾ അയാളുടെ കർമ്മം ചെയ്തു. മോക്ഷം നേടി.

ശങ്കരനാരായണൻ എന്ന സാധാരണക്കാരന്ററെ ശബ്ദം, കരുത്ത് ഇന്ന് ചിതയിൽ എരിഞ്ഞടുങ്ങുമായിരിക്കും. പക്ഷെ മറവിയുടെ ചാരം വന്ന് എത്ര മൂടിയാലും അയാളെന്ന കനൽ എരിഞ്ഞ് കൊണ്ടേയിരിക്കും ശങ്കരനാരായണൻ ചേട്ടന് വിട നൽകാൻ മനസ്സ് അനുവദിക്കുന്നില്ല. മരണം സത്യമാണ്. കൃഷ്ണപ്രിയ എന്ന പൊന്നുമോളുടെ അടുത്ത് അദ്ദേഹം എത്തുന്നത് എന്നും അവൾക്ക് വേണ്ടി ആ അച്ഛൻ കരുതി വെച്ച വർണ്ണകടലാസിലുളള മിഠായിയും കുപ്പി വളകളുമായിട്ടാണ്... സ്വസ്തി - എന്നും എംഎ നിഷാദ് കുറിച്ചു.

pathamvalavu

പത്താംവളവ്

'ചില മരണ വാർത്തകൾ അറിഞ്ഞു കഴിയുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു മരവിപ്പ് അനുഭവപ്പെടും. അതിന് അവർ നമ്മുക്ക് വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ ആകണമെന്നില്ല. അത് പോലെ ഒരു വാർത്ത ഇന്നലെ ഞാൻ അറിഞ്ഞു. ഒരു പക്ഷെ അത്ര വാർത്ത പ്രാധാന്യം ആ മരണത്തിന് ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷെ ആ മരിച്ച മനുഷ്യന്റെ പേരിൽ വർഷങ്ങൾക്ക് മുന്നേ വന്ന വാർത്തകൾ കേട്ട് പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരും കയ്യടിച്ചിട്ടുണ്ട്' എന്നാണ് അഭിലാഷ് പിള്ള കുറിച്ചത്.

സ്വന്തം മകളെ പീഡിപ്പിച്ച പ്രതിയെ കൊന്നു കളഞ്ഞ ശങ്കരനാരായണൻ എന്ന മനുഷ്യൻ എനിക്കു ആരാണ് എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. എന്നാൽ എന്റെ ജീവിതത്തിൽ ഞാൻ ചെയ്‌ത ഓരോ സിനിമയും എനിക്ക് ചുറ്റും നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്നും ഞാൻ കണ്ടെത്തിയവയാണ്. വർഷങ്ങൾക്കു മുന്നേ ഞാൻ പരിചയപ്പെട്ട ഒരു അപരിചിതൻ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് തോന്നിയ കഥയായിരുന്നു പത്താം വളവ്. അന്ന് ഞാൻ സംസാരിച്ച അപരിചിതന്റെ പേര് ശങ്കരനാരായണൻ, കൃഷ്ണ പ്രിയയുടെ അച്ഛൻ. എന്റെ കഥയിലെ സോളമൻ. ഇന്ന് അവൾ സന്തോഷിക്കും ഇനി അവൾക്ക് കാവലായി അവളോടൊപ്പം അച്ഛനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+