'ചാക്കോച്ചന്റെ ഇടപെടലും നിൽപ്പുമെല്ലാം കണ്ടപ്പോൾ ഇവന് ജീവനിൽ പേടിയില്ലേയെന്ന് തോന്നി'; സുരാജ് വെഞ്ഞാറമ്മൂട്
കുഞ്ചാക്കോ ബോബന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഗ്ർർർ. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ആണ് പ്രധാനവേഷത്തിൽ എത്തുന്നത്. ചാക്കോച്ചനും സുരാജിനുമൊപ്പം യഥാർത്ഥ സിംഹവും വേഷമിട്ടിട്ടുണ്ട്. വിദേശ സിനിമകളിലും പരസ്യ ചിത്രങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കയിലെ മോജോ എന്ന സിംഹമാണ് ഗ്ർർർ ൽ അഭിനയിച്ചിരിക്കുന്നത്.
മൃഗശാലയിലെ സിംഹക്കൂട്ടിൽ മദ്യലഹരിയിൽ ചാടുന്ന യുവാവിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. എസ്ര എന്ന സിനിമയ്ക്ക് ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗ്ർർർ. സിംഹത്തിനൊപ്പമുള്ള രംഗങ്ങൾ ചിത്രീകരിച്ചത് ദക്ഷിണാഫ്രിക്കയിൽ വെച്ചാണ്. ഇപ്പോൾ സിനിമയെക്കുറിച്ചും ഷൂട്ടിംഗിനെക്കുറിച്ചും പറയുകയാണ് സുരാജും ചാക്കോച്ചനും.

സിംഹത്തിനൊപ്പം അഭിനയിക്കാനുള്ള സുവർണാവസരം വിട്ടുകളയാൻ തോന്നയില്ല. സിംഹത്തെ തുറസ്സായ സ്ഥലത്ത് തുറന്നുവിട്ട് സിനിമ സംഘം രണ്ട് കൂടുകളിലിരുന്ന് ചിത്രീകരിക്കുന്നതായിരുന്നു രീതി എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. മോജോ പുറത്തും ഞങ്ങളകത്തും. കോമ്പിനേഷൻ രംഗങ്ങൾക്കായി വാതിൽ തുറന്ന് പുറത്തിറങ്ങണം. മോജോ അടുത്ത് എത്തുമ്പോഴേക്കും ഓടി കൂട്ടിൽക്കയറും. സിംഹം അടുത്തെത്തുമ്പോൾ കട്ട് പറയാനൊന്നും നിൽക്കാറില്ല, കുഞ്ചാക്കോ ബോബൻ പറയുന്നു.
അതേ സമയം ചാക്കോച്ചന്റെ ഇടപെടലും സിംഹത്തിന് മുന്നിലെ നിൽപ്പുമെല്ലാം കണ്ടപ്പോൾ ഇവന് ജീവനിൽ പേടിയില്ലേ എന്ന് പലവട്ടം തോന്നിയതായി സുരാജ് പറയുന്നു. സംവിധായകൻ ജയ് കെ കഥ പറയുമ്പോൾ മദ്യപിച്ച് സിംഹക്കൂട്ടിലേക്ക് ചാടുന്ന കഥാപാത്രം എനിക്കായിരുന്നു. ചാക്കോച്ചൻ ആ വേഷം ചെയ്താൽ പുതുമയുണ്ടാകും എന്ന് പറഞ്ഞ് പുള്ളിയെ സിംഹക്കൂട്ടിലേക്ക് തള്ളിവിട്ടത് ഞാൻ തന്നെയാണ്, അദ്ദേഹം പറഞ്ഞു.
എന്നിട്ടും രക്ഷയുണ്ടായില്ല, സിംഹത്തിനൊപ്പം തനിക്കും നിൽക്കേണ്ടി വന്നെന്നും സിംഹത്തിനും തങ്ങൾക്കുമിടയിൽ ഒരു വര വരച്ചുവെയ്ക്കും. ആ വര മറികടന്ന് സിംഹം വന്നാൽ ഓടിക്കൂട്ടിൽ കയറണമെന്നാണ് നിർദ്ദേശം. ആക്ഷൻ പറഞ്ഞാലും എന്റെ നോട്ടം മുഴുവൻ സിംഹം വര മറികടക്കുന്നുണ്ടോ എന്നായിരുന്നു. ഒന്നും പേടിക്കാനില്ലെന്നും സിംഹത്തിന് കുതിരയുടെ ഇറച്ചിയെല്ലാമാണ് കൊടുക്കുന്നതെന്നും അവർ അതേ കഴിക്കുകയുള്ളൂവെന്നും എല്ലാം പലരിശീലകൻ പറഞ്ഞുകൊണ്ടേയിരുന്നതായി സുരാജ് പറയുന്നു.
എങ്കിലും മൊത്തത്തിൽ തനിക്കൊരു ധൈര്യക്കുറവായിരുന്നുവെന്നും എന്നും ഫൈവ് സ്റ്റാർ ഫുഡൊക്കെ കഴിക്കുന്ന സിംഹത്തിന് ഒരു ദിവസം തട്ടുകടയിൽ നിന്ന് കഴിക്കണമെന്ന് തോന്നിയാലോ. നാട്ടിലെ കുടുംബത്തെക്കുറിച്ച് ഓർത്തപ്പോൾ സിംഹത്തിനൊപ്പം കൂടുതൽ ദിവസം നിൽക്കാതെ പെട്ടെന്ന് തടിതപ്പുകയായിരുന്നുവെന്നും സുരാജ് പറഞ്ഞു.
ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഗ്ർർർ' നിർമ്മിച്ചത്. ഷാജി നടേശനും തമിഴ് നടൻ ആര്യും ചേർന്നാണ്. സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് തിരക്കഥ. സംവിധായകൻ രതീഷ് ബാലകൃഷ്ണപ്പൊതുവാളാണ് പ്രൊഡക്‌ഷൻ ഡിസൈനർ. എഡിറ്റിങ്, വിവേക് ഹർഷൻ.












Click it and Unblock the Notifications